ജറുസലേം ഫലസ്തീനിന്റെ നിത്യ തലസ്ഥാനം

ഫലസ്തീൻ അതോറിറ്റിയുടെ കീഴിൽ റാമല്ലയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അവതരിപ്പിച്ച പ്രബന്ധം

0
5043
ബഹുമാന്യനായ ഫലസ്തീൻ ആതോറിറ്റി പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ അന്തരാഷ്ട്ര സമ്മേളനത്തിൽ ക്ഷണിക്കപ്പെട്ടത് വലിയൊരു ബഹുമതിയായി ഞങ്ങൾ കണക്കാക്കുന്നു. മഹമൂദ് അബ്ബാസിനോട് ആഴത്തിലുളള ആദരവ് തോന്നുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഫലസ്തീൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ആർജവമുള്ള നിലപാടുകൾ എടുത്ത് തന്റെ ജനതയുടെ നിത്യ സ്വതന്ത്രത്തിനു വേണ്ടി , തങ്ങളെ നിരന്തരം ആക്രമിക്കുന്ന ഇസ്രയേലിന്റെ കൈരാതങ്ങൾക്കെതിരെ സുധീരമായി ശബ്ദമുയർത്തുന്ന മഹമൂദ് അബ്ബാസ് തീർച്ചയായും പ്രശംസകൾ അർഹിക്കുന്നു. ലോകത്തെല്ലായിടത്തുമുള്ള നീതിക്കൊപ്പം നിൽക്കുന്ന ജനതകളുടെ നിതാന്ത പ്രാർത്ഥന താങ്കൾക്കുണ്ടാകും.
        ഫലസ്തീനും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം വളരെ  വൈകാരികവും തീവ്രവുമാണ്. ഫലസ്തീന്റെ അവകാശങ്ങൾ കയ്യടക്കാൻ ഇസ്രായേൽ ശ്രമിച്ചുതുടങ്ങിയ കാലം മുതലേ ഉറച്ച നിലപാടുകൾ സ്വീകരിച്ചു നിങ്ങൾക്കൊപ്പം നിന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്.  ഫലസ്തീന്റെ മണ്ണിൽ അവിഹിതമായി അവകാശം നേടിയെടുത്ത ഇസ്രായേൽ എന്ന രാഷ്ട്രം സ്ഥാപിച്ചു ലോകത്തെ സമാനതയില്ലാത്ത വഞ്ചനയിലൂടെ ഫലസ്തീനികളെ സ്വദേശത്ത് നിന്ന് പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചപ്പോൾ  മഹാത്മാഗാന്ധി പറഞ്ഞ വാക്കുണ്ട്‌. “ഇംഗ്ലണ്ട് ഇംഗ്ലണ്ട് നിവാസികളുടെ ആയപോലെ, ഫ്രാൻസ് ഫ്രഞ്ചുകാരുടെ ആയ പോലെ ഫലസ്തീൻ അവിടെ അധിവസിക്കുന്ന അറബികളുടേതാണ്. ആ ഭൂമി ജൂതന്മാർ കയ്യടക്കുന്നത് മനുഷ്യത്വ വിരുദ്ധമാണ്, ക്രൂരമാണ് ” എന്നായിരുന്നു ഗാന്ധിയുടെ നിലപാട്. അസ്വാതന്ത്ര്യത്തിന്റെ വേദനയും കരാളതയും ബ്രിട്ടീഷുകാരുടെ ഇന്ത്യൻ ഭരണത്തിൽ മനസ്സിലാക്കിയ ഗാന്ധിജിക്കു സ്വന്തം മണ്ണ് നഷ്ടപ്പെട്ടു പോകുന്ന ഒരു ജനതയുടെ വിഹ്വലതകൾ മറ്റാരേക്കാളും അറിയുമായിരുന്നു.
        ഗാന്ധിക്ക് ശേഷം ജവഹർലാൽ നെഹ്‌റുവും  നെഹ്‌റുവും മറ്റു ഇന്ത്യൻ നേതാക്കളുമെല്ലാം സ്വീകരിച്ചത്  ഫലസ്തീനോട് സമ്പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള നിലപാടായിരുന്നു. 1960 ഇൽ നെഹ്‌റു ഗാസ സന്ദർശിച്ചപ്പോൾ ഏറെ ആഹ്ലാദത്തോടെ അന്നത്തെ ഫലസ്തീൻ ഭരണകൂടം അദ്ദേഹത്തെ സ്വീകരിക്കുയുണ്ടായി. ഫലസ്തീൻറെ മണ്ണ് കീഴ്പ്പെടുത്തിയ ഇസ്രയേലിനോട് നയതന്ത്ര ബന്ധം പോലും ഇന്ത്യ ആരംഭിക്കാത്ത ഘട്ടമായിരുന്നുവത്. ചതിയിലൂടെ രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തിനു ആധുനിക രാഷ്ട്ര സങ്കൽപ പ്രകാരമുള്ള നൈതികമായ ഒരു രാജ്യം എന്ന് പറയാനാകില്ല എന്ന ബോധത്തിൽ നിന്നായിരുന്നുവത്.
പിൽക്കാലത്ത് വന്ന ഫലസ്തീൻ നേതാവ് യാസർ അറാഫാത്തുമായി അഗാധമായ ബന്ധമായിരുന്നു ഇന്ത്യൻ ഭരണകൂടത്തിന്. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ലോകതലത്തിൽ ഏറ്റവും അടുപ്പമുണ്ടായിരുന്ന നേതാക്കളിൽ ഒരാളായിരുന്നു യാസർ അറഫാത്ത്. ഫലസ്തീനോടുള്ള ഇന്ത്യയുടെ ശക്തമായ ഐക്യദാർഢ്യത്തിന്റെ  കൂടി ഫലമായിരുന്നു ആ ബന്ധം. തുടർന്ന് രാജീവ്ഗാന്ധിയുമായുമുണ്ടായി ആ ആത്മബന്ധം. തനിക്ക് ഏറ്റവും സന്തോഷം പകരുന്ന രാഷ്ട്രമായി ഇന്ത്യയെ പരിചയപ്പെടുത്തിയിട്ടുണ്ട്. അറഫാത്ത് വിടപറഞ്ഞപ്പോൾ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രിയായ മൻമോഹൻ സിങ് ഇങ്ങനെ കുറിക്കുകയുണ്ടായി. ” യാസർ അറഫാത്തിന്റെ ധീരത സ്വരാഷ്ട്രത്തോടുള്ള പ്രതിബദ്ധതയും മാതൃകാപരമാണ്. ഇന്ത്യയുടെ പ്രിയപ്പെട്ട സുഹുത്തായിരുന്നു അദ്ദേഹം”
 ഐക്യരാഷ്ട്ര സഭയിലും മറ്റു അന്താരാഷ്ട്ര വേദികളിലും ഫലസ്തീന് വേണ്ടി ഇന്ത്യ ഉറച്ചു നിന്നു.
മറ്റു രാഷ്ട്രങ്ങളിലെ ഫലസ്തീൻ അഭയാർഥികളുടെ ജീവിതം സ്വസ്ഥകരമാക്കാൻ ആ രാജ്യങ്ങളുടെ ഭരണകൂടങ്ങളുടെ ഇന്ത്യ ബന്ധപ്പെട്ടു. 2006 ലടക്കം സംഘർഷഭരിതമായ ഇറാഖിലെ ഫലസ്തീൻ അഭയാർത്ഥികൾക്ക് ഇന്ത്യ സ്വദേശത്ത് ഇടം നൽകുകയുണ്ടായി.
ജറുസലേം ഫലസ്തീന്റെ നിത്യ തലസ്ഥാനം എന്ന ശീർഷകത്തിലാണ് ഈ സമ്മേളനം.
പലസ്തീൻ ജനതക്ക് നേരെ സയണിസ്റ്റ് ശക്തികളുടെ കടന്നാക്രമണത്തിനു പിന്നിൽ ചരിത്രപരമായ നിരവധി മാനങ്ങൾ കൂടിയുണ്ട്. മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാ കേന്ദ്രമായ നിരവധി പ്രവാചകന്മാർ മൺമറഞ്ഞ ഇടമാണിത്. ചരിത്രപരമായ നൂറ്റാണ്ടുകളായി മുസ്‌ലിംകളുടെ കൈവശമാണ് ബൈത്തുൽ മുഖദ്ദസ്.  ആ ഭൂമിയെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്ക ഈ പ്രദേശത്തെ ഏറ്റവും വലിയ സംഘർഷങ്ങളിലേക്ക് പരുവപ്പെടുത്തുകയാണ്.  ചരിത്രവിരുദ്ധവും പ്രകോപനപരവുമായ ഈ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നു. ജറുസലേം ഫലസ്തീന്റെ ഹൃദയ ഭൂമിയാണ്.
        ഇസ്രയേലിന്റെ എല്ലാ തരം ക്രൂര തകളെയും  പിന്തുണച്ച പാരമ്പര്യമാണ് അമേരിക്കക്കുള്ളത്. ട്രംപ് അധികാരത്തിൽ വന്നതോടെ മുസ്‌ലിം വിരുദ്ധത കൂടുതൽ പ്രത്യക്ഷത്തിൽ അവരിൽ നിന്ന് വരാൻ തുടങ്ങി. അനിവാര്യമായും ഐക്യ രാഷ്ട്ര സഭയിലെ വീറ്റോ പോലുള്ള അപഹാസ്യവും ലോക സ്വസ്ഥതയെ ഇല്ലാതാകാകുന്നതുമായ നിയമങ്ങൾ എടുത്തുമാറ്റപ്പെടണം. ഫലസ്തീൻ അടക്കമുള്ള എല്ലാ രാഷ്ട്രങ്ങളുടെയും നിലപാടുകൾക്ക് അവിടെ പ്രസക്തിയുണ്ടാകണം. എപ്പോഴേ സമാധാനപരവും നീതിയുക്തവുമായ ഒരു ലോകം സാധ്യമാവുകയുള്ളൂ.
         ഒരു നൂറ്റാണ്ടോളമായി നടക്കുന്ന കയ്യേറ്റങ്ങളെ പ്രതിരോധിച്ചു ഇപ്പോഴും സ്വന്തമായ അസ്തിത്വത്തോടെ നിലനിൽക്കുന്ന ഫലസ്തീനു അഭിവാദ്യങ്ങൾ.  ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഫലസ്തീനികൾക്കൊപ്പം ഉണ്ടാകും.
( ഫലസ്തീൻ അതോറിറ്റിയുടെ കീഴിൽ റാമല്ലയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അവതരിപ്പിച്ച പ്രബന്ധം)