ബഹുസ്വര മൂല്യങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ സജീവമാക്കുക: കാന്തപുരം

0
475

കുന്നമംഗലം: സ്വാതന്ത്ര്യത്തിനു വേണ്ടി ജീവാര്‍പ്പണം നടത്തിയ പ്രപിതാക്കളെ ഓര്‍ക്കണമെന്നും അവര്‍ ഉയര്‍ത്തിപ്പിടിച്ച ഒരുമയുടെയും ബഹുസ്വരതയുടെയും സന്ദേശം ജീവിതത്തില്‍ പാലിക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ പറഞ്ഞു. സ്വാതന്ത്ര ദിനാഘോഷ ഭാഗമായി മര്‍കസില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര സമരകാലത്തും പിന്നീടും ഇന്ത്യയുടെ വികാസത്തില്‍ ഉന്നതമായ സംഭാവനകള്‍ സമര്‍പ്പിച്ചവരാണ്‌ മുസ്ലിംകള്‍. കേരളത്തിലേക്ക്‌ അധിനിവേശ മോഹവുമായി പോര്‍ച്ചുഗീസുകാര്‍ കടന്നു വന്നപ്പോള്‍ ധീരമായി അവരെ നേരിട്ട മഖ്‌ദൂമുമാര്‍ വലിയ ഇസ്‌ലാമിക പണ്ഡിതന്മാര്‍ കൂടിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി അബുല്‍ കലാം ആസാദ്‌ വിശുദ്ധ ഖുര്‍ആന്‌ തഫ്‌സീര്‍ എഴുതിയ പണ്ഡിതനായിരുന്നു. ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന അബ്ദുല്‍ കലാമും രാജ്യത്തിന്റെ ശാസ്‌ത്രീയവും വൈജ്ഞാനികവുമായ മുന്നേറ്റത്തിന്‌ തുല്യതയില്ലാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.
എല്ലാ മതവിശ്വാസികളും ഒന്നിച്ചു നിന്ന്‌ ഐക്യത്തോടെ പ്രയത്‌നിക്കുന്ന ഒരു ഭാരതത്തിന്റെ ഉദയം സ്വപ്‌നം കണ്ടാണ്‌ നമ്മുടെ മുന്‍ഗാമികള്‍ അധിനിവേശ ശക്തികളോട്‌ പൊരുതിയത്‌. ഇന്ന്‌ നമ്മുടെ ഐക്യത്തെയും സൗഹാര്‍ദ്ദത്തെയും നശിപ്പിക്കാന്‍ പ്രയത്‌നിക്കുന്ന ചില ഛിദ്രശക്തികള്‍ ഉണ്ട്‌. അവരെ നാം തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണം.
സ്വാതന്ത്രം എന്നാല്‍ എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്ര്യമാണ്‌. ബീഫ്‌ കഴിക്കുന്നവര്‍ക്ക്‌ അത്‌ കഴിക്കാനുള്ള അവകാശം വേണം. ബഹുസ്വരതയാണ്‌ നമ്മുടെ ഭരണഘടനയുടെ മര്‍മ്മം.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മതകാര്യങ്ങള്‍ സ്വതന്ത്രമായി നിര്‍വ്വഹിക്കാന്‍ ഉള്ള സ്വാതന്ത്രം ഗവണ്‍മെന്റ്‌ നല്‍കണം.ഏക സിവില്‍ കോഡ്‌ പോലുള്ള നിയമങ്ങള്‍ ഒരിക്കലും ഇന്ത്യയില്‍ നടപ്പിലാക്കപ്പെടരുത്‌. വ്യക്തിനിയമങ്ങള്‍ സംരക്ഷിക്കപ്പെടണം.
നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും ദാരിദ്യ്രവും കഷ്ടതയും അനുഭവിക്കുന്നവരുണ്ട്‌. പ്രത്യേകിച്ച്‌ കേരളത്തിന്‌ പുറത്ത്‌. അത്തരം പാവങ്ങള്‍ക്ക്‌ അന്നവും വിദ്യാഭ്യാസവും നല്‍കാന്‍ നാം ശ്രമിക്കണം. മര്‍കസിന്റെയും സുന്നി സംഘടനകളുടെയും കേരളത്തിന്‌ പുറത്തെ പ്രവര്‍ത്തങ്ങള്‍ ദേശീയമായ വികസനത്തെ കൂടി ലക്‌ഷ്യം വെച്ചാണ്‌. സൂഫി ആദര്‍ശങ്ങളില്‍ അടിയുറച്ചു ജീവിക്കുന്ന സുന്നി മുസ്ലിംകള്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും രാജ്യത്തിന്റെ അഖണ്ഡതക്ക്‌ വേണ്ടി ഉറച്ചുനിലകൊള്ളുന്നവരാണ്‌ കാന്തപുരം പറഞ്ഞു.
ചടങ്ങിന്‌ വി.പി .എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു.കെ.കെ അഹ്മദ്‌ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സി മുഹമ്മദ്‌ ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, കലാം മാവൂര്‍, ഉനൈസ്‌ മുഹമ്മദ്‌ പ്രസംഗിച്ചു. പി.ടി മുഹമ്മദ്‌ സ്വാഗതവും ഉവൈസുല്‍ ഖര്‍നി നന്ദിയും പറഞ്ഞു. രാവിലെ മര്‍കസ്‌ കാമ്പസില്‍ നടന്ന പതാക ഉയര്‍ത്തല്‍ കര്‍മത്തിന്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.