72 ദിവസങ്ങള്‍ക്കു ശേഷം ഉമ്മയുടെ ശബ്ദം കേള്‍ക്കാനായി; സന്തോഷത്തിന്റെ ഈ ഫോണ്‍ വിളിക്ക് മധുരമേറെ

0
574
കശ്മീരില്‍ ഫോണ്‍ വിളിക്കുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ സ്‌കൂളില്‍ നിന്ന് ഉമ്മയെ വിളിച്ചു സന്തോഷം പങ്കിടുന്ന കശ്മീരില്‍ നിന്നുള്ള മര്‍കസ് വിദ്യാര്‍ത്ഥി ഐജാസ് വഖായ്
SHARE THE NEWS

കോഴിക്കോട്: തിങ്കളാഴ്ച രാവിലെ മുതല്‍ മര്‍കസ് ബോയ്സ് ഹൈസ്‌കൂളിലെ കശ്മീരി വിദ്യാര്‍ഥികള്‍ വാച്ചിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു, 12 മണിയാകാന്‍. കശ്മീരിന്റെ പ്രത്യക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം 72 ദിവസങ്ങളായി അവര്‍ക്ക് വീട്ടിലേക്കു ബന്ധപ്പെടാനേ കഴിഞ്ഞിരുന്നില്ല. 12 മണിയായി. വിദ്യാര്‍ത്ഥികളുടെ മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടം. മര്‍കസ് ബോയ്‌സ് സ്‌കൂളിലെ അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ നല്‍കിയവര്‍ക്ക്; പ്രിയപ്പെട്ടവരെ വിളിക്കാന്‍

ഷോപ്പിയാന്‍ ജില്ലയിലെ ഐജാസ് വഖായാണ് ആദ്യം വിളിച്ചത്. അപ്പുറത്ത് ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം. കുറച്ചുകഴിഞ്ഞപ്പോള്‍ മറുതലക്കല്‍ നിന്ന് ഉപ്പ മുഹമ്മദ് ശബാന്റെ ശബ്ദം കേട്ടപ്പോള്‍ ഐജാസിന്റെ മുഖത്ത് സന്തോഷകണ്ണുനീര്‍ നിറഞ്ഞു. ദീര്‍ഘനാളമായി മകന്റെ വിവരമറിയാന്‍ കഴിയാത്ത സങ്കടക്കടലിലായിരുന്നു വീട്ടുകാര്‍. ദീര്‍ഘനേരം ഉമ്മ ആയിശയും ഐജാസുമായി സംസാരിച്ചു. നാട്ടില്‍ സന്തോഷമാണ് എന്നറിയിച്ചു. മകന് സ്വസ്ഥവും സമാധാനപരവുമായി പഠിക്കാന്‍ പറ്റിയല്ലോ എന്ന് പറഞ്ഞു ഉമ്മ. നാട്ടില്‍ സന്തോഷം വരുന്നുവെന്ന പ്രത്യാശ പങ്കുവെച്ചവര്‍.

ഐജാസിന് വീട്ടിലേക്കു വിളിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ അവന്റെ ജില്ലക്കാരനായ ഉവൈസ് ഹമീദ് ഉപ്പാക്ക് വിളിച്ചുനോക്കി.എന്നാല്‍, ബി.സി എന്നായിരുന്നു ഫോണിലെ മറുപടി. ഒന്നു രണ്ടു തവണ പിന്നെയും ശ്രമിച്ചെങ്കിലും കിട്ടിയില്ല. രാത്രിയോടെ നെറ്റ്‌വര്‍ക്ക് ശരിയാകും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് അവന്‍.

മറ്റു സഹപാഠികളായ മുസമ്മില്‍, ഫൈസല്‍, സാഖിബ്, മഅരിഫത്, ഫുര്‍ഖാന്‍ തുടങ്ങി ബാറാമുള്ള, കുല്‍ഗം, ആനത്‌നാഗ് എന്നിവിടങ്ങിലെ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ നേരം വീട്ടിലേക്ക് വിളിച്ചിട്ടും ബന്ധപ്പെടാന്‍ ഫോണ്‍ കണക്ഷന്‍ ശരിയായിട്ടില്ല. ചെറിയ നിരാശയുണ്ടെങ്കിലും വൈകാതെ ഉപ്പയുടെയും കുഞ്ഞനിയത്തിയുടെയും ശബ്ദം കേള്‍ക്കാനാകും എന്ന പ്രതീക്ഷയിലാണ് സാഖിബ്.

കാശ്മീരികളായ നൂറിലധികം വരുന്ന വിദ്യാര്‍ത്ഥികളാണ് നിലവില്‍ മര്‍കസില്‍ പഠനം നടത്തുന്നത്. 2004ല്‍ മുഫ്തി മുഹമ്മദ് സഈദ് മുഖ്യമന്ത്രിയായ സമയത്തു കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി നടത്തിയ ചര്‍ച്ചയിലാണ് മര്‍കസ് വിദ്യാര്‍ത്ഥികളെ മികച്ച പഠനത്തിന് കേരളത്തിലേക്ക് അയക്കാന്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് ഓരോ വര്‍ഷവും കാശ്മീരി വിദ്യാര്‍ഥികള്‍ മര്‍കസില്‍ പ്രവേശനം തേടുന്നതും. നല്ല വിദ്യാഭ്യാസവും ഭക്ഷണവും മറ്റു സൗകര്യങ്ങളുമെല്ലാം അനുഭവിക്കുന്നു മര്‍കസില്‍ എന്ന് വിദ്യാര്‍ഥികള്‍ ഒരുമിച്ചു പറയുന്നു. സംസ്ഥാന കലോത്സവത്തിലടക്കം ഒന്നാം സമ്മാനം നേടിയ നിരവധി പ്രതിഭകളുണ്ട് ഇവര്‍ക്കിടയില്‍.

കശ്മീരില്‍ ഫോണ്‍ വിളിക്കുള്ള നിയന്ത്രണം ഒഴിവാക്കിയതോടെ സ്‌കൂളില്‍ നിന്ന് ഉമ്മയെ വിളിച്ചു സന്തോഷം പങ്കിടുന്ന കശ്മീരില്‍ നിന്നുള്ള മര്‍കസ് വിദ്യാര്‍ത്ഥി ഐജാസ് വഖായ്


SHARE THE NEWS