87-ാം വയസ്സില്‍ ദക്ഷിണേന്ത്യന്‍ സൈക്കിള്‍ സഞ്ചാരവുമായി എന്‍.കെ ഇബ്രാഹീം: വ്യത്യസ്തമായി മര്‍കസ് സമ്മേളന പ്രചാരണം

0
1166
87ാം വയസ്സില്‍ ദക്ഷിണേന്ത്യയില്‍ മര്‍കസ് സമ്മേളന പ്രചാരണാര്‍ത്ഥം സൈക്കിളില്‍ യാത്രചെയ്യുന്ന എന്‍.കെ ഇബ്രാഹീമിന്റെ യാത്ര മര്‍കസില്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഫ്ളാഗ് ഓഫ് ചെയ്യുന്നു.
SHARE THE NEWS

കോഴിക്കോട്: 87ാം വയസ്സിലും മര്‍കസ് സമ്മേളനമെന്നു കേട്ടപ്പോള്‍ കര്‍ണാടകയിലെ ഷിമോഗ സ്വദേശി എന്‍.കെ ഇബ്രാഹീമിന്റെ മനസ്സ് തളിര്‍ത്തു. തന്റെ സമാന പ്രായത്തില്‍ താനേറെ സ്‌നേഹിക്കുന്ന കാന്തപുരം ഉസ്താദ് രാവും പകലും ഭേദമന്യേ മര്‍കസിനായുള്ള ഓട്ടങ്ങളിലാണല്ലോ; തനിക്കെന്താണ് വ്യത്യസ്തമായി ചെയ്യാനാവുക എന്നാലോചിച്ചു അദ്ദേഹം. അങ്ങനെയാണ്, സൈക്കിളില്‍ ദക്ഷിണേന്ത്യയില്‍ മര്‍കസ് പ്രചാരണത്തിനായി ഇറങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്. തന്റെ മോഹം പങ്കുവയ്ക്കാന്‍ രണ്ടു ദിവസം മുമ്പ് മര്‍കസിലെത്തിയ ഇബ്രാഹീമിന് കാന്തപുരം ഉസ്താദ് ഉപഹാരം സമ്മാനിച്ചു, പ്രാര്‍ത്ഥനാനുഗ്രഹങ്ങള്‍ നല്‍കി.

ഇന്നലെ ജുമുഅക്ക് ശേഷം മര്‍കസ് മസ്ജിദുല്‍ ഹാമിലി പരിസരത്ത് നിന്നുള്ള ഇബ്രാഹീമിന്റെ സൈക്കിള്‍ സഞ്ചാരം മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി ഫ്‌ളാഗ് ഓഫ് ചെയ്തു. ആദ്യം കര്‍ണ്ണാടക മുഴുവന്‍ ചുറ്റി, തമിഴിനാട്ടിലേക്കു കടന്നു, ചെന്നൈ കന്യാകുമാരി വഴി കേരളത്തിലൂടെ തിരികെ മര്‍കസില്‍ എത്താനാണ് യാത്രാ പദ്ധതിയെന്ന് ഇബ്രാഹീം പറഞ്ഞു. സൈക്കിളിനു മുമ്പില്‍ മര്‍കസ് സമ്മേളന ബാനറും, യാത്രാസ്വഭാവവും രേഖപ്പെടുത്തിയ കമനീയമായ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.

ചെല്ലുന്ന ഇടങ്ങളില്‍ എല്ലാം മര്‍കസിനെ പരിചയപ്പെടുത്തുമെന്നും, ജീവിതത്തിലെ വലിയ നിയോഗമായി ഈ യാത്രയെ കാണുന്നുവെന്നും ഇബ്രാഹീം പറഞ്ഞു. അഞ്ചു ആണ്‍മക്കളും നാല് പെണ്‍മക്കളും അടങ്ങുന്ന കുടുംബം അദ്ദേഹത്തിന്റെ ഈ യാത്രക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നു.


SHARE THE NEWS