ശാദുലി ത്വരീഖത്തില്‍ ഗവേഷണം: അബ്ദുല്‍ ഖാദിര്‍ നൂറാനിക്ക് ഡോക്ടറേറ്റ്

0
2512
SHARE THE NEWS

കോഴിക്കോട്: ലോക പ്രസിദ്ധ സൂഫി ധാരയായ ശാദുലി ത്വരീഖതിനെ കുറിച്ചുള്ള ഗവേഷണ പഠനത്തിന് അബ്ദുല്‍ ഖാദിര്‍ നൂറാനിക്ക് ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയില്‍ നിന്ന് ഡോക്ടറേറ്റ്. ഇസ്ലാമിക് ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് മുഷ്താഖിനു കീഴില്‍ ‘ശാദുലി സൂഫി രീതിയും സൂഫിസത്തിനു നല്‍കിയ സംഭാവനകളും’ എന്നതായിരുന്നു ഗവേഷണ വിഷയം. ശാദുലി ത്വരീഖത്തിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള പാശ്ചാത്യന്‍ രാഷ്ട്രങ്ങളിലടക്കമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശാദുലി ത്വരീഖതിന്റെ രീതികളെക്കുറിച്ചും ശൈഖന്മാരെക്കുറിച്ചുമുള്ള ആധികാരിക പഠനമാണിത്. അബുല്‍ ഹസന്‍ അലി ശാദുലി പതിമൂന്നാം നൂറ്റാണ്ടില്‍ മൊറോക്കോയില്‍ സ്ഥാപിച്ചതാണ് ശാദുലി ത്വരീഖത്. ധൈഷണികവും ആത്മീയവും മാനുഷികവുമായ തലങ്ങളില്‍ ശാദുലി ത്വരീഖത് നല്‍കിയ സംഭാവനകളെ കുറിച്ചുള്ള അന്വേഷണ പഠനങ്ങള്‍ ഈ ഗവേഷണത്തിന്റെ പ്രത്യേകതയാണ്. മര്‍കസ് മദീനതുന്നൂര്‍ കോളജില്‍ നിന്ന് ഏഴ് വര്‍ഷത്തെ ഇസ്ലാമിക് സയന്‍സ് പഠനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കരസ്ഥമാക്കി ഡല്‍ഹി ജാമിഅ മില്ലിയ്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും നേടി. കണ്ണൂര്‍ നരിക്കോട് സ്വദേശിയായ അദ്ദേഹം ഇപ്പോള്‍ ഡല്‍ഹി വിസ്ഡം ഹോം അക്കാദമിക് കോര്‍ഡിനേറ്ററും എസ്.എസ്.എഫ് സംസ്ഥാന ദഅവ സിന്‍ഡിക്കേറ്റ് അംഗവുമാണ്. വിവിധ അക്കാദമിക് കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത അദ്ധേഹത്തിന്റെ ‘സൂഫി ജീവിതത്തില്‍ മനുഷത്വത്തിന്റെ പങ്കും പ്രാധാന്യവും’ എന്ന വിഷയത്തില്‍ ഒരു ഗവേഷണ പ്രബന്ധം അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി സുന്നി തിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ: അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദിച്ചു. ഇസ്ലാമിന്റെ ശരിയായ രൂപമായ സൂഫി ഇസ്ലാമിനെ അക്കാദമിക ലോകത്ത് ആധികാരികമായി അവതരിപ്പിക്കുന്ന ഇത്തരം പഠനങ്ങള്‍ തീര്‍ച്ചയായും പ്രശംസിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. മലയാളമടക്കമുള്ള വിവിധ ഭാഷകളില്‍ പ്രമുഖ പ്രസാധകരുടെ കീഴില്‍ പ്രിസം ഫൗണ്ടേഷന്‍ ഈ ഗവേഷണ പഠനം പ്രസിദ്ധീകരിക്കുന്നുണ്ട്.


SHARE THE NEWS