ആ ജ്ഞാനപ്പരപ്പിന് പിന്നിലും

0
1020
SHARE THE NEWS

2018ൽ അൽ അസ്ഹർ സർവ്വകലാശാലയിൽ കോളേജ് ഓഫ് ലാംഗ്വേജ് ആന്‍ഡ് ട്രസ്‌റലേഷന്‍ ഡിപ്പാര്‍ട്‌മെന്റിൽ ഒരു ഇന്ത്യക്കാരൻ പ്രൊഫസറായി നിയമിതനായി. അറബി മാതൃഭാഷയല്ലാത്ത ഇന്ത്യയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക സർവ്വകലാശാലയിൽ അറബി വിഭാഗത്തിൽ പ്രഫസറോ! അസ്ഹറിലെ  വിദ്യാർഥികൾ അതിശയിച്ചു. എന്നാൽ, താമസിയാതെ അവർക്കെല്ലാം ബോധ്യപ്പെട്ടു ഇള്ഹാർ അഹമ്മദ് സഖാഫിയുടെ ജ്ഞാനവും ഭാഷാമികവും. അറബ് ദേശക്കാരെക്കാൾ മനോഹരമായി അറബി സംസാരിക്കാനും എഴുതാനും സാധിക്കുന്ന തലത്തിലേക്ക് വളരാൻ ഒരു നിമിത്തമുണ്ടായിരുന്നു ഇള്ഹാറിന്‌.

ഉത്തർപ്രദേശിലെ മാഉ ഗ്രാമത്തിൽ നിന്ന് ഇള്ഹാർ അഹമ്മദ് മർകസിലേക്ക് ട്രെയിൻ കയറുമ്പോൾ അറബി അക്ഷരങ്ങൾ കഷ്ടിച്ച് കൂട്ടിവായിക്കാനേ അറിയുമായിരുന്നുള്ളൂ. നാടിനടുത്ത മുഫ്തിയിൽ നിന്ന് ഉറുദുവിലാണ് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ പ്രാഥമികം അഭ്യസിച്ചത്.  മാഉവിൽ കർമ്മനിരതമായ സേവനം ചെയ്യുന്ന ഒരു സഖാഫിയിൽ നിന്നാണ്  മർകസിനെ കുറിച്ച് കേട്ടത്. അതോടെ ഉള്ളിൽ മോഹം കനംവെച്ചു. കോഴിക്കോട് വരണം, ശൈഖ് അബൂബക്കറിന്റെ ശിഷ്യനാവണം. പെരുന്നാൾ കഴിഞ്ഞപ്പോൾ, ആ മോഹവുമായി മർകസിലേക്കുള്ള യാത്രയിലാണ് ഇള്ഹാർ. അറബി നന്നായി വശപ്പെടുത്തണം എന്നാണ് വലിയ ആഗ്രഹം.

കേരളേതര വിദ്യാർത്ഥികൾക്കുള്ള മർകസ് ശരീഅ കോളേജിൽ ഇള്ഹാർ അഡ്മിഷൻ നേടി. ബുഖാരി ദർസ് നടത്താനായി ഉസ്താദ് വന്നപ്പോഴാണ് ആദ്യമായി കണ്ടത്. അറബിയിലും ഉർദുവിലുമായുള്ള ആ ദർസ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വിലപ്പെട്ട ജ്ഞാനോറവയായിരുന്നു. അക്ഷരങ്ങളും വാക്കുകളും വ്യാകരണവും വളരെ വേഗം ഇള്ഹാർ വശമാക്കി. പ്രഗത്ഭരായ  ഉസ്താദുമാരായിരുന്നു ഓരോ വിഷയവും എടുത്തിരുന്നത്.  നോർത്ത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഹനഫി മദ്ഹബിന്റെ കർമശാസ്ത്രം പഠിപ്പിക്കുന്നത് ശാഫിഈ മദ്ഹബുകാരായ കേരളത്തിലെ ആലിമുകൾ.

2008-ഇൽ ഇള്ഹാർ അഹമ്മദ്  സഖാഫിയായി. മർകസുമായി അക്കാദമിക അഫിലിയേഷൻ ഉള്ള അസ്ഹറിൽ ഉപരിപഠനത്തിനു പോയി. പോവുമ്പോൾ ഉസ്താദ് ശൈഖ് അബൂബക്കർ വിളിച്ചു ഉപദേശിച്ചു: “മർകസിലെ ജ്ഞാനത്തിന് നല്ല തുടർച്ച കിട്ടും അസ്ഹറിൽ. ഓരോ നിമിഷവും ശ്രദ്ധയോടെ പഠിക്കണം”. അസ്ഹറിൽ എത്തിയപ്പോൾ ശൈഖ് അബൂബക്കറിന്റെ ശിഷ്യനാണ് എന്ന മേൽവിലാസം മാത്രം മതിയായിരുന്നു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളിൽ മതിപ്പുകൂട്ടാൻ.

ഇബനു ഹജറുല്‍ ഹൈതമീ(റ) ജ്ഞാനവിനിമയത്തിന് പൊന്നാനിയിൽ വന്നുവെന്നുവെന്ന്  ചരിത്രം പറയുന്നുണ്ട്. അതിന്റെ തുടർച്ചയിലാണ്  യു.പിയിൽ നിന്നുള്ള  സഖാഫി അസ്ഹറിൽ പ്രഫസറായി  മർകസിലൂടെ ശൈഖ് അബൂബക്കറിൽ നിന്ന് അഭ്യസിച്ച അറിവിന്റെ പ്രഭ ലോകമാകെ പരത്തുന്നത്.


SHARE THE NEWS