അനില്‍ സേഥിയെ അതിശയിപ്പിച്ച കലാലയം

0
379

ഇന്ത്യയിലെ പ്രമുഖനായ അക്കാദമീഷ്യനും ചരിത്രകാരനായ ഡോ.അനില്‍ സേഥിക്കു കലശമായ ആഗ്രഹമായിരുന്നു, കോഴിക്കോട് വന്ന് മര്‍കസ് ഒന്ന് കാണണമെന്ന്. ആ മോഹം സേഥിയില്‍ ഉദിപ്പിച്ചത് ബാംഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം പഠിപ്പിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് വന്ന അസാമാന്യ പ്രതിഭകളായ ഒട്ടനേകം വിദ്യാര്‍ത്ഥികള്‍ മര്‍കസില്‍ നിന്നുള്ളവരായിരുന്നു എന്നതാണ്. പഠനത്തിലും ധിഷണയിലും എല്ലാം മുന്നില്‍ നിന്ന ആ കേരളീയ വിദ്യാര്‍ഥികള്‍ അസിം പ്രേംജിയിലെ മറ്റു പല അധ്യാപകരെയും അതിശയപ്പെടുത്തിയിരുന്നു .എവിടുന്നാണ് ഈ കുട്ടികള്‍ക്ക് ഇത്ര കാലിബറെന്നു അവരുടെ ചര്‍ച്ചകളില്‍ വന്നു.

മൂന്നു വര്‍ഷം മുമ്പ് അനില്‍ സേഥി മര്‍കസ് കാണാനെത്തി. നാലു ദിവസം ചിലവഴിച്ചു അദ്ദേഹം പല സ്ഥാപനങ്ങളും കണ്ടു. വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അവസാനം, മര്‍കസിന്റെ ശില്‍പി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായും കൂടിക്കാഴ്ച്ച നടത്തി. ഏറെ പ്രസന്നവനാക്കി അദ്ദേഹത്തെ മര്‍കസ്. അറിവും ആത്മീയതും നിറഞ്ഞുകവിയുന്ന ദയയും കരുണയും എല്ലാം പ്രതിഫലിപ്പിക്കുന്ന ഉസ്താദിന്റെ കാഴ്ചപ്പാടുകള്‍ ആണ് മര്‍കസിന്റെ ഉല്‍പ്പന്നങ്ങളില്‍ ഓരോരുത്തരിലും പ്രതിഫലിക്കുന്നത് എന്നദ്ദേഹം തിരിച്ചറിഞ്ഞു. മര്‍കസില്‍ വിദ്യാര്‍ഥികളിലേക്കു വിനിമയം ചെയ്യപ്പെടുന്നത് പുസ്തകങ്ങളിലെ അറിവുകള്‍ മാത്രമല്ല എന്നും, അനിതരസാധാരണമായ ഉസ്താദിന്റെ വ്യക്തിത്വം കൂടിയാണ് എന്നും അദ്ദേഹം മനസ്സിലാക്കി. ലോകത്തിന്റെ നവീകരണങ്ങളെ സൂക്ഷ്മതയോടെ കാണുന്ന, പാരമ്പര്യമായി കിട്ടിയ കളങ്കമേശാത്ത അറിവിന്റെ ശോഭ ഓരോ വിദ്യാര്‍ഥിയിലേക്കും പ്രവഹിപ്പിക്കുകയാണ് ആ ഗുരു.

ഒരു കാര്യം കൂടി സേഥി ഊന്നിപ്പറഞ്ഞു: ‘ഉന്നത വിദ്യാഭ്യസം വളരെ ചിലവേറിയ ഈ സമയത്ത് അസിം പ്രേംജിയിലെ മര്‍കസില്‍ നിന്നെത്തിയ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ പലരും ദരിദ്ര സാഹചര്യങ്ങളില്‍ നിന്നെത്തിയവരായിരുന്നു. ഏഴും എട്ടും വര്‍ഷമുള്ള മര്‍കസ് പഠന കാലത്ത് അവരിലൊരാള്‍ക്ക് പോലും ഒരു പൈസ പോലും ചിലവായിട്ടില്ല പോല്‍. ബാംഗ്ലൂരില്‍ പഠിക്കാന്‍ മര്‍കസ് പലര്‍ക്കും സ്‌കോളര്‍ഷിപ്പും നല്‍കുന്നു. വിദ്യാഭ്യാസം വിപണമായ കാലത്ത് ഇത്ര നിസ്വാര്‍ത്ഥതയോടെ മഹത്തയാ വൈജ്ഞാനിക പ്രവര്‍ത്തനം നടത്താന്‍ ഹൃദയം നിറയെ നന്മയുള്ള ആളുകള്‍ക്കെ സാധിക്കൂ. അതിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഉദാഹരണമാണ് ഉസ്താദ്.