പള്ളി മഹല്ലുകളിലെ വ്യാജ രജിസ്‌ട്രേഷന്‍ ശ്രദ്ധിക്കുക: മസ്‌ജിദ്‌ അലിയന്‍സ്‌ കമ്മിറ്റി

0
680

കോഴിക്കോട്‌: പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പേ ഓരോ പ്രദേശത്തേയും വിശ്വാസികള്‍ വഖ്‌ഫ്‌ ചെയ്‌തതും കൂട്ടായി നിര്‍മിച്ചതുമായ പള്ളി മഹല്ലുകളാണ്‌ കേരളത്തില്‍ എല്ലായിടത്തും നിലവിലുള്ളത്‌. കൂട്ടായി നിര്‍മിച്ച പള്ളികളും മദ്രസകളും സുന്നികള്‍ ഒറ്റക്കെട്ടായി നടത്തിവരുന്നതുമാണ്‌. സമസ്‌ത പുന:സംഘടിപ്പിച്ച ശേഷം പ്രസ്‌തുത പള്ളി മഹല്ലുകള്‍ ഇരുവിഭാഗവും സംയുക്തമായി നടത്തിവരുന്നു. ഇത്തരം സ്ഥലങ്ങളില്‍ ഇരുവിഭാഗത്തിനും ഭാരവാഹിത്വവും ഭരണപരമായ അധികാരങ്ങളും നിലവില്‍ ഉണ്ടെന്നത്‌ അവിതര്‍ക്കിതമാണ്‌. സുന്നികളിലെ വിഭാഗീയത മഹല്ലുകളില്‍ ബാധിക്കരുതെന്നും പള്ളികളില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കണമെന്നും കൂട്ടായി നിര്‍മിച്ചതായതിനാല്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധ്യമുള്ളത്‌ കൊണ്ടാണ്‌ സംയുക്തമായി നടത്തിവരുന്നത്‌.
എന്നാല്‍ ഒരു വിഭാഗം കാസര്‍ഗോഡ്‌ – അലപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ സമ്മേളനങ്ങളിലും മറ്റും സംയുക്ത പള്ളി കമ്മിറ്റികളില്‍ നിന്നും സുന്നി വിഭാഗക്കാരെ ഒഴിവാക്കണമെന്ന ആഹ്വാനം നടത്തിയത്‌ മുതല്‍ എല്ലാ പള്ളികളിലും എതിര്‍വിഭാഗക്കാര്‍ അക്രമണം നടത്തുകയും സുന്നികളെ ഒഴിവാക്കി ഭരണം പിടിച്ചെടുക്കുകയുമാണ്‌ ചെയ്യുന്നത്‌. അതിന്‌ ജനറല്‍ബോഡിയോ കമ്മിറ്റി അംഗങ്ങളോ അറിയാതെ വ്യാജരേഖകള്‍ ഉണ്ടാക്കി റജിസ്‌റ്റര്‍ ചെയ്യുകയും ചെയ്യുന്നു. അതിന്റെ പരിണിതഫലമാണ്‌ പള്ളിക്കല്‍ ബസാര്‍, കക്കോവ്‌, മൂളപ്പുറം, മണ്ണാര്‍ക്കാട്‌, മുറമ്പാത്തി, കരിപ്പൂര്‍, തരുവണ തുടങ്ങി സംയുക്തഭരണം നടത്തിവരുന്ന പല സ്ഥലങ്ങളിലും സംഭവിച്ചത്‌. ഈ സംഭവങ്ങളെപ്പറ്റി വഖ്‌ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ റശീദലി ശിഹാബ്‌ തങ്ങളെ നേരില്‍ കണ്ട്‌ സുന്നി നേതാക്കളുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിട്ടുണ്ട്‌. മേല്‍സംഭവങ്ങളെല്ലാം ഭരണമാറ്റം ഉണ്ടാകുന്നതിന്‌ മുമ്പാണ്‌ സംഭവിച്ചത്‌. മേല്‍സ്ഥലങ്ങളിലെല്ലാം രാഷ്ട്രീയ,ഭരണ സ്വാധീനം ഉണ്ടായിരുന്നു എന്ന്‌ വ്യക്തമാണ്‌. എല്ലാവരുടെയും അധ്വാനത്താലും സഹകരണത്താലും നിര്‍മിച്ച പള്ളികളില്‍ നിന്ന്‌ ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തുവാന്‍ വേണ്ടി വ്യാപകമായി അക്രമണങ്ങള്‍ നടത്തുകയും ഒരുമിച്ചുനടത്തുന്ന മഹല്ലുകള്‍ പൂട്ടിക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തുകയുമാണ്‌ എതിര്‍വിഭാഗക്കാര്‍ ചെയ്യുന്നത്‌. ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ അക്രമിച്ച്‌ കള്ളിക്കേസുകളില്‍ കുടുക്കുകയും ചെയ്യുന്നു. ചേളാരി വിഭാഗം ഇത്തരം വ്യാജരജിസ്‌ട്രേഷനുകള്‍ നടത്തുന്നതിനാല്‍ സംയുക്ത മഹല്ല്‌ കമ്മിറ്റികള്‍ ജാഗ്രത പാലിക്കണമെന്നും നേതാക്കളുമായി ബന്ധപ്പെടണമെന്നും അറിയിക്കുന്നു. ആവശ്യമായ സഹായങ്ങള്‍ മസ്‌ജിദ്‌ അലിയന്‍സ്‌ കമ്മിറ്റിയില്‍ നിന്ന്‌ ലഭിക്കുന്നതാണ്‌. 9072500426, 9539600600