മര്‍കസ് നോളജ് സിറ്റിയില്‍ പ്രവാസികള്‍ക്കായി പുതിയ സംരംഭങ്ങള്‍ ഒരുങ്ങുന്നു

0
2305
SHARE THE NEWS

കോഴിക്കോട്: കോവിഡ്19 കാരണം ജോലി നഷ്ടപ്പെട്ട് പ്രവാസ ലോകത്തു നിന്ന് മടങ്ങി വരുന്നവര്‍ക്ക് ആശ്വാസമായി മര്‍കസ് നോളജ് സിറ്റിയുടെ കീഴില്‍ ബൃഹത്തായ പദ്ധതികള്‍ ഒരുങ്ങുന്നു. നൂതനമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മസ്‌റ പദ്ധതി വികസിപ്പുച്ചുകൊണ്ടാണ് സ്വയം സംരഭകത്വ സംവിധാനം ആവിഷ്‌കരിക്കുന്നത്. കാര്‍ഷികോല്പ്പാദനം, ഭക്ഷ്യ സംസ്‌കരണം, ചെറുകിട, ഇടത്തര വ്യവസായങ്ങള്‍ എന്നിവയില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കുകയും യൂണിറ്റുകള്‍ തുടങ്ങുകയും ചെയ്യാം. പഴം, പച്ചക്കറി, മറ്റു ഭക്ഷ്യ ഉല്പ്പന്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉല്പ്പാദിപ്പിക്കുന്നതിനും തൊഴിലധിഷ്ടിതമായ സ്വയം സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനുമുള്ള പരിശീലനവും നോളജ് സിറ്റിയില്‍ സംഘടിപ്പിക്കും. സ്വയം ഉല്പ്പാദിപ്പിക്കുന്ന കാര്‍ഷിക വസ്തുക്കളെ സംസ്‌കരിച്ച് ധാന്യപ്പൊടികളും, മസാലക്കൂട്ടുകളും മറ്റു ഭക്ഷ്യ ഉല്‍പ്പന്നങ്ങളുമാക്കി മാറ്റുന്ന ‘ഫുഡ് ക്ലസ്റ്റര്‍’ സംവിധാനവും പദ്ധതിയുടെ ഭാഗമാണ്. സ്വയം നിക്ഷേപകരായ പ്രവാസികള്‍ക്ക് കൃഷി ചെയ്യാനുള്ള സ്ഥലം ‘ഫുഡ് പാര്‍ക് എന്ന കൃഷിയിടത്തിലൂടെ നല്‍കുകയും ചെയ്യും. ചെറുകിട വ്യവാസായികള്‍ക്കായി സാനിറ്റൈസര്‍, മാസ്‌ക്കുകള്‍, പി.പി.ഇ കിറ്റുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ലൈസന്‍സോടുകൂടി നിര്‍മ്മിക്കാനുള്ള സൗകര്യങ്ങളും ലഭ്യമാക്കും. കൂടാതെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വ്യവാസിയക നിര്‍മ്മാണത്തിനും, വിതരണത്തിനുമുള്ള സാധ്യതകളും, പരിശീലനവും നല്കി സംരംഭകരെ വളര്‍ത്തിയെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രവാസികള്‍ സ്വതവെയും പ്രവാസ ജീവിതത്തിലും ആര്‍ജ്ജിച്ചെടുത്ത കഴിവുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള ചുറ്റുപാടുകള്‍ തുറന്നുകൊടുക്കുന്നതോടൊപ്പം തൊഴില്‍ മാത്രം അഗ്രഹിക്കുന്നവര്‍ക്ക് നോളജ് സിറ്റിയുടെ കീഴിലുള്ള തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുകയും മറ്റു മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. കാര്‍ഷിക മേഖലയുടേ നേതൃത്വം അബുദാബിയിലെ മുന്‍ പ്രവാസിയായിരുന്ന ഹനീഫ മേലാറ്റൂര്‍ വഹിക്കും. ഭക്ഷ്യ സംസ്‌കരണ മേഖലയുടെ ചുമതല മുന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്റ്ററായി റിട്ടയര്‍ ചെയ്ത സയ്യിദ് മുഹമ്മദ് നിര്‍വ്വഹിക്കും. ഇന്‍ഡസ്റ്റ്രിയല്‍ പാര്‍ക് മീഡീയം ആന്റ് സ്‌മോള്‍ സ്‌കെയില്‍ ഇന്നൊവേഷന്‍ ആന്റ് റിസേര്‍ച് സെന്ററിന്റെ രക്ഷാധികാരിയായി ഡോ. നിസാം അയ്ദറൂസി ചുമതലയേറ്റു. മര്‍കസ് നോളജ് സിറ്റിയുടെ വളര്‍ച്ചക്ക് പ്രധാനമായ പങ്ക് വഹിച്ച പ്രവാസി സമൂഹത്തിന് അവരുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരവും സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് മര്‍കസ് നല്‍കുന്ന പരിരക്ഷയുമാണ് ഈ പദ്ധതി എന്ന് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. സി.ഇ.ഒ അബ്ദുസ്സലാം എന്നിവര്‍ പറഞ്ഞു.


SHARE THE NEWS