ഔഫ് വധം: കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണം: സി മുഹമ്മദ് ഫൈസി

0
573
മന്ത്രി കെ.ടി ജലീല്‍, സി. മുഹമ്മദ് ഫൈസി എന്നിവര്‍ മാധ്യമങ്ങളെ കാണുന്നു.
SHARE THE NEWS

കാഞ്ഞങ്ങാട്: എസ്.വൈ.എസ് പ്രവര്‍ത്തകനായ ഔഫ് അബ്ദുറഹ്മാനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചന പോലീസ് കണ്ടത്തണമെന്നു കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി പറഞ്ഞു. അബ്ദുറഹ്മാന്‍ ഔഫിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തില്‍ കൃത്യത്തില്‍ പങ്കെടുത്ത പ്രതികളെ മാത്രമാണ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യപ്രതിക്ക് പരിക്കുകള്‍ ഇല്ലാതിരുന്നിട്ടും രക്ഷപ്പെടുത്താനായി മംഗളുരുവിലെ ഹോസ്പിറ്റലിലേക്ക് മാറ്റുവാന്‍ സഹായിച്ചവരെ കണ്ടെത്തണം. പഴുതടച്ച അന്വേഷണം നടത്തി പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളവര്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുന്നി പ്രസ്ഥാനം എന്നും നിലകൊണ്ടിട്ടുള്ളത് സമാധാനത്തിന്റെ മാര്‍ഗത്തിലാണ്. അണികളെ നിയന്ത്രിക്കാനും അവര്‍ക്ക് ധാര്‍മിക ചിന്തകള്‍ നല്‍കാനും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ തയ്യാറാകണം. സമാധാനം എന്നത് പുറമേക്ക് മാത്രം പറഞ്ഞത് കൊണ്ട് കാര്യമില്ല. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം അണികളിലേക്ക് വിനിമയം ചെയ്യാനും, സര്‍ഗാത്മകമായി രാഷ്ട്രീയ പ്രവര്‍ത്തനം ശീലിപ്പിക്കാനും നേതൃത്വങ്ങള്‍ക്ക് കഴിയണം: അദ്ദേഹം പറഞ്ഞു.

സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതലേ സജീവ പങ്കാളിയായിരുന്ന അബ്ദുറഹ്മാന്‍ സൗമ്യനും സ്‌നേഹ സമ്പന്നനുമായ പ്രവര്‍ത്തകനായിരുന്നു. ആത്മീയ കുടുംബത്തില്‍ പിറന്ന അദ്ദേഹം വ്യക്തി വിശുദ്ധി കൊണ്ടും സ്വഭാവ വൈശിഷ്ട്യം കൊണ്ടും നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. അബ്ദുറഹ്മാന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.


SHARE THE NEWS