കടൽക്ഷോഭം; തീരദേശവാസികളുടെ ആശങ്കയകറ്റണം: സി മുഹമ്മദ് ഫൈസി

0
192
കടൽക്ഷോഭം ഉണ്ടായ കടലുണ്ടിയിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളും സന്ദർശനം നടത്തുന്നു.
SHARE THE NEWS

കോഴിക്കോട്: കടലാക്രമണം രൂക്ഷമായ മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളിൽ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും എസ്.വൈ.എസ് നേതാക്കളും സന്ദർശനം നടത്തി. കടലുണ്ടി, താനൂർ, പരപ്പനങ്ങാടി ബീച്ചുകളിൽ വീടുകൾ തകരുകയും നാശനഷ്ടം സംഭവിക്കുകയും ചെയ്ത പ്രദേശങ്ങളിൽ സുന്നി നേതാക്കൾ, മൽസ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തു.

ടൗട്ടെ ചുഴലിക്കാറ്റും കനത്ത മഴയും കാരണമായി ഉണ്ടായ കടൽക്ഷോഭം വലിയ നാശനഷ്ടമാണ് തീരപ്രദേശങ്ങളിൽ ഉണ്ടാക്കിയതെന്നും, അതിന്റെ ഇരകളുടെ ആശങ്കയകറ്റാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. കടലേറ്റത്തിന്റെ ഇരകളായ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. ജനവാസമുള്ള തീരങ്ങളിൽ ഉറപ്പുള്ള ഭിത്തികൾ സ്ഥാപിച്ചു ഇത്തരം ദുരന്തങ്ങൾ ഇല്ലാതാക്കാൻ സർക്കാർ പദ്ധതികൾ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സഹോദരന്മാർക്ക് വിഷമം സംഭവിക്കുമ്പോൾ കൂടെനിൽക്കാനും സമാശ്വസിപ്പിക്കാനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാനുമാണ് മതം പഠിപ്പിക്കുന്നത്. അതിനാൽ, വീട് ഭാഗികമായും പൂർണ്ണമായും തകർന്ന നൂറുകണക്കിന് കുടുംബങ്ങളെ സഹായിക്കാനും ദുരന്തത്തിന്റെ കെടുതി അനുഭവിക്കുന്ന എല്ലാവർക്കും ആശ്വാസം നൽകാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.

തീരദേശവാസികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനക്ക് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ നേതൃത്വം നൽകി. എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എൻ വി അബ്ദുറസാഖ് സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, ജലീൽ സഖാഫി കടലുണ്ടി, മജീദ് അഹ്‌സനി ചെങ്ങാനി എന്നിവർ സംബന്ധിച്ചു.


SHARE THE NEWS