കാലിഫോർണിയയിൽ നിന്ന് മർകസിലേക്ക്

0
834
SHARE THE NEWS

അമേരിക്കയിലെ കാലിഫോർണിയയാണ് മൻസൂർ അലിയുടെ ദേശം. ഫിജിയിൽ നിന്ന് കുടിയേറിയവരാണ് രക്ഷിതാക്കൾ. ഫിജിയിലെ ചെറുപ്പകാലത്ത് മദ്രസയിൽ പഠിപ്പിച്ചിരുന്ന അധ്യാപകനാണ് മൻസൂറിന്റെ വ്യക്തിത്വത്തെ  സ്വാധീനിച്ച ഒരാൾ- അബ്ദുൽ ഖാദിർ കാമിൽ സഖാഫി. ഗുരുവിന്റെ ഭക്തിയും മതപഠനം നൽകുന്ന രീതിയും പെരുമാറ്റത്തിലെ വശ്യതയും മൻസൂർ അലിയെ സ്വാധീനിച്ചു. എവിടെയാണ്  യൂസുഫ് സഖാഫിയുടെ പഠനം നടന്നതെന്ന ചോദ്യം ഒരു  ക്‌ളാസിൽ മൻസൂർ ചോദിച്ചു. അന്നാണ് അദ്ദേഹം ശൈഖ് അബൂബക്കർ എന്ന തന്റെ ഗുരുവിനെ അവർക്കു മുമ്പിൽ പരിചയപ്പെടുത്തിയത്. തന്റെ അറിവിനെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ  മർകസ് എന്ന ശൈഖ് അബൂബക്കർ സ്ഥാപിച്ച കലാലയത്തെയും.

അന്നേ മനസ്സിൽ മോഹം കേറി മൻസൂർ അലിക്ക്. മർകസിൽ പോവണം. കൂടുതൽ പഠിക്കണം. അതിനിടയിലാണ് കുടുംബം അമേരിക്കയിലേക്ക് കുടിയേറുന്നത്. പന്ത്രണ്ടാം ക്ലാസ് വരെയുള്ള അമേരിക്കയിലെ വിദ്യാഭ്യാസം കഴിഞ്ഞു. മൻസൂർ അലിയുടെ ഉള്ളിൽ  പഴയ മോഹം അങ്കുരിച്ചു. മർകസിന്റെ ഫേസ്‌ബുക്ക് പേജ് കണ്ടെത്തി. അതിലൂടെ പബ്ലിക് റിലേഷൻ ഡിപ്പാർട്മന്റുമായി ബന്ധപ്പെട്ടു. അന്തരാഷ്ട്ര ഖ്യാതിയുള്ള കാലയമായതിനാൽ വിസയും മറ്റും ലഭിച്ചു. 2018-ജൂണിൽ മൻസൂർ മർകസിലെത്തി.

ഒന്നര വർഷക്കാലം പഠനം നടത്തി, കഴിഞ്ഞ  ഫെബ്രുവരി 6 നാണ് മൻസൂർ നാട്ടിലേക്കു തിരിക്കുന്നത്. മർകസ്  മൻസൂറിന്റെ ചിന്തകളെയും സ്വപ്നങ്ങളെയും മാറ്റി. അറബിയും ഇസ്‌ലാമികമായ വിഷയങ്ങളും ഗ്രാഹ്യമായി. മർകസിന്റെ സെന്റർ ഫോർ എക്സലൻസായ പൂനൂർ മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്ലാമിക് സയൻസിലാണ് മൻസൂർ പഠനം നടത്തിയത്. അവിടത്തെ നിപുണനായ അധ്യാപകരും പ്രതിഭാശാലികളായ വിദ്യാർത്ഥികളും വലിയ തോതിൽ സഹായിച്ചു. പോവാൻ നേരം, മർകസ് ചാൻസലർ ശൈഖ് അബൂബക്കറിനെ കാണാനെത്തി മൻസൂർ. വിലപ്പെട്ട ഉപദേശങ്ങൾ നൽകി ഉസ്താദ്. ഇസ്ലാമിന്റെ പേരിൽ തെറ്റായ പ്രചാരണങ്ങൾ പടിഞ്ഞാറ് വളരെക്കൂടുതൽ നടക്കുന്ന ഇക്കാലത്ത്  മർകസിൽ നിന്ന് പഠിച്ച ദീനിന്റെ തനിമയാർന്ന രൂപം തെറ്റിദ്ധരിച്ചവർക്ക് പകർന്നുകൊടുക്കണം എന്നതായിരുന്നു അതിൽ പ്രധാനം. ഹൃദയത്തിലേക്ക് ആ ഉപദേശവും ആവാഹിച്ചാണ്, വിവരണാതീതമായി തന്നെ സ്വാധീനിച്ച കലാലയത്തിൽ  നിന്ന്, കാലിഫോര്ണിയയിലേക്കു മൻസൂർ അലി പറന്നത്. 


SHARE THE NEWS