ഡല്‍ഹിയില്‍ നടക്കുന്നത് ആസൂത്രിത വംശഹത്യ: കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: കാന്തപുരം

0
1804

കോഴിക്കോട്: മുസ്ലിംകളെ ക്രൂരമായി കൊല്ലപ്പെടുത്തിയും മുസ്ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ത്തും വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന ഹീനമായ ആക്രമണം ആസൂത്രിതമായ വംശഹത്യയാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. നിയമ സംവിധാനം നടപ്പിലാക്കേണ്ട പോലീസുകാര്‍ നിഷ്‌ക്രിയരാണ്. പൗരത്വനിയമത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കാനും, മുസ്ലിംകളെ ഒറ്റപ്പെടുത്താനും ആണ് ഒരു വിഭാഗം ശ്രമിക്കുന്നത്. പ്രകോപനവും വംശീയവുമായി പ്രസംഗിച്ചു ജനങ്ങളെ ഇളക്കിവിടുന്ന ആളുകള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണം. രാജ്യത്ത് വര്‍ഗീയ കലാപത്തിന് തീകൊളുത്തുന്നവര്‍ അതിലൂടെ ഇന്ത്യയുടെ ആത്മാവിനെയാണ് കരിച്ചുകളയുന്നത് എന്ന് മറക്കരുതെന്നും കാന്തപുരം പറഞ്ഞു. രാജ്യത്തെ ഓരോ മനുഷ്യന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്നത് ഭരണകൂടത്തിന്റെ പ്രാഥമിക ബാധ്യതയാണ്. ഡല്‍ഹിയില്‍ അടിയന്തരമായി ഇടപെട്ടു അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും കാന്തപുരം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.