വിദ്യാഭ്യാസരംഗത്ത് മര്‍കസ് പ്രവര്‍ത്തനങ്ങള്‍ മാതൃക: മുഖ്യമന്ത്രി

0
603
SHARE THE NEWS

കാരന്തൂര്‍: മാനവികതയും മതേതരത്വമൂല്യങ്ങളും പഠിപ്പിക്കുന്ന രിതിയിലാവണം വിദ്യാഭ്യാസ സംവിധാനം നിലനില്‍ക്കേണ്ടതെന്നും മാതൃകാപരമായ രീതിയില്‍ രാജ്യത്താകെ വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് സേവനം ചെയ്യുന്ന മര്‍കസ് പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം.

കേരളത്തിലെ പൊതു വിദ്യാലയങ്ങല്‍ക്ക് മഹത്തായ ചരിത്രമുണ്ട്. ജാതി-മത ഭേദമന്യേ എല്ലാവരും ഒരുമിച്ചിരുന്ന് പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തത് കൊണ്ട് വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇവിടെ കൂടുതല്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നാല്‍ ഇന്ന് സ്‌കുളുകളില്‍ പോലും ശാഖകള്‍ ഉണ്ടാക്കി പ്രവര്‍ത്തിക്കാന്‍ വര്‍ഗീയ പ്രത്യയശാസ്ത്രക്കാര്‍ ശ്രമിക്കുന്നു. എന്ന വാര്‍ത്തകളെ ജാഗ്രതയോടെ കേരളീയ സമൂഹം കാണണം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ വഴിതെറ്റിപ്പിക്കാന്‍ വര്‍ഗീയ വാദികളും മയക്ക്മരുന്ന് മാഫിയകളും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന വാര്‍ത്തകളെ നാം ഗൗരവത്തോടെ കാണണം. രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തിലും മറ്റു ഇടപെടലുകളിലും ജാഗ്രത കാണിക്കണം. ആധുനിക സംവിധാനങ്ങള്‍ക്ക് അകത്ത് ജിവിതം തളച്ചിടുന്നത് കൊണ്ട് പലയാളുകള്‍ക്കും മക്കളുടേയോ സമൂഹത്തിന്റെയോ ദൈനം ദിന ജീവിതം മനസ്സിലാക്കാന്‍ പറ്റുന്നില്ല. ടെക്‌നോളജി നമ്മുടേ സാമൂഹിക ജീവിതത്തിന് വെല്ലുവിളിയാവരുത്, സാധ്യതയായി മാറണം.
വിദ്യാഭ്യാസം കച്ചവടച്ചരക്കല്ല. എന്നാല്‍ കുറച്ചായി വിദ്യാഭ്യാസ രംഗത്തെ കച്ചവട വത്കരിക്കാനും അതിലൂടെ വൈജ്ഞാനിക മൂല്യങ്ങളുടെ നിറം കെടുത്താനും ചിലര്‍ ശ്രമിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടിസ്ഥാന പരമായി സാമൂഹിക സേവനമാണ് നിര്‍വഹിക്കേണ്ടത്. ലാഭേച്ഛയില്‍ അധിഷ്ടിതമായി വിദ്യാഭ്യാസത്തെ ചുരുക്കാന്‍ ഗവണ്‍മെന്റ് അനുവദിക്കില്ല. അടിസ്ഥാന വിഭാഗം ജനങ്ങള്‍ക്ക് സൗജന്യമായി മികച്ച വിദ്യാഭ്യാസം നല്‍കുന്ന മര്‍കസ് സേവനങ്ങള്‍ അനുകരണീയമാണ്.
മതവും വര്‍ഗ്ഗീയതയും രണ്ടാണ്. എല്ലാ മതങ്ങളും പ്രചരിപ്പിക്കുന്നത് മാനുഷിക സ്‌നേഹവും മൂല്യ ജീവിതവുമാണ്. എന്നാല്‍ വര്‍ഗ്ഗീയത അന്യനോടുള്ള വിദ്വോഷമാണ് ഉല്‍പാദിപ്പിക്കുന്നത്. വര്‍ഗ്ഗീയ വാദികളെ നാം പ്രതിരോധിക്കണം. രാജ്യത്താകെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ച് മാനവിക മൂല്യങ്ങളും നിലവാരമുള്ള വിദ്യാഭ്യാസവും എല്ലാ വിഭാഗം ആളുകള്‍ക്കും നല്‍കി സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകരുന്ന മര്‍കസിന്റെ ശ്രമങ്ങള്‍ ശ്ലാഘനീയവും മാതൃകാ പരവുമാണ്. മുഖ്യ മന്ത്രി പറഞ്ഞു. മര്‍കസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് വേണ്ടി പുതുതായി നിര്‍മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബുബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, സി.മുഹമ്മദ് ഫൈസി, ഡോ എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, മോഹനന്‍ മാസ്റ്റര്‍, പി.ടി.എ റഹീം എം.എല്‍.എ, കാരാട്ട് റസാഖ് എം,എല്‍.എ, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, വിനോദ് പടനിലം, ബഷീര്‍ പടാളിയില്‍, ജി അബൂബക്കര്‍ പ്രസംഗിച്ചു.
 


SHARE THE NEWS