ജോര്‍ദ്ദാന്‍ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു

0
497

അമ്മാന്‍(ജോര്‍ദ്ദാന്‍): ഒക്ടോബര്‍ 22 മുതല്‍ 25 ദിവസങ്ങളില്‍ അഹ്‌ലുബൈത്ത് അക്കാദമിയുടെ പതിനേഴാമത് അന്തര്‍ദേശീയ സമ്മേളനം ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമ്മാനില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘തിരുനബിയുടെ ജീവിതത്തിന്റെ നാള്‍വഴികള്‍’ എന്ന വിഷയത്തിന്റെ വിവിധ ഭാഗങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് ലോക പ്രശസ്ത പണ്ഡിത പ്രതിഭകള്‍ അഞ്ചു സെഷനുകളിലായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ, ലിബിയ തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങളും ഇറാഖ്, ഫലസ്തീന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ, യൂറോപ്യന്‍ നാടുകള്‍, തുര്‍ക്കി, റഷ്യ, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സംബന്ധിച്ചു.
ലോക സമാധാനത്തിന് വേണ്ടി പരിശ്രമിക്കാനും ഇസ്‌ലാം നിര്‍ദ്ദേശിച്ച പാതയില്‍ ഉറച്ചു നില്‍ക്കാനും സമ്മേളനം ആവശ്യപ്പെട്ടു. മതസൗഹാര്‍ദ്ദവും രാഷ്ട്രങ്ങളുടെ നന്മയും ഉറപ്പു വരുത്താന്‍ ഭീകരതയുടെയും വര്‍ഗ്ഗീയതയുടെയും വഴിയില്‍ നിന്ന് യുവാക്കളെ അകറ്റണം. പ്രവാചക സ്‌നേഹവും മഹാന്‍മാരോടുള്ള ആദരവും വളര്‍ത്തുകയാണ് നാം ചെയ്യേണ്ടത്. ഇസ്‌ലാമിന്റെ ശരിയായ അര്‍ത്ഥവും സന്ദേശവും തിരുനബിയുടെ കുടുംബ പരമ്പരയില്‍ നിന്ന് കണ്ടെത്താനും അഹ്‌ലുബൈതിന്റെ ബഹുമാനം അന്ത്യനാള്‍ വരെ കാത്തു സൂക്ഷിക്കാനും സമ്മേളന പ്രമേയങ്ങള്‍ പാസ്സാക്കി.
പ്രവാചക ചരിത്രത്തിന്റെ നാള്‍വഴികളിലെ പ്രധാന കണ്ണിയാണ് പ്രവാചക കുടുംബം. അവരിലൂടെയും മറ്റു മഹാന്‍മാരിലൂടെയും തലമുറകളായി ലഭിച്ച പൈതൃകമാണ് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ചിത്രവും ചരിത്രവും.
തിരുനബി(സ) യുടെ വ്യക്തിത്വവും ജനനം മുതല്‍ എല്ലാ ചലനങ്ങളും പരിശുദ്ധമാണ്. തിരുദൂതരുടെ പിതൃ പരമ്പരയും മാതാവിന്റെ ഗര്‍ഭത്തിലുള്ളപ്പോള്‍ മുതല്‍ പ്രസവം വരെയും മക്ക, മദീന ജീവിത കാലങ്ങളിലെ ചലനങ്ങളും ലോകത്തിനു മുമ്പില്‍ വായിക്കാനും പഠിക്കാനും കഴിയുന്ന വിധത്തില്‍ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ഘട്ടവും എന്ത്, എങ്ങിനെ, എന്ന് അതിനു സാക്ഷികളായവരും കൂടെയുള്ളവരും സമയവും സ്ഥലവും അനുഭവങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്ന ഹദീസ് ഗ്രന്ഥങ്ങള്‍ നിലവിലുണ്ട്. ഊഹാപോഹങ്ങളോ കെട്ടുകഥകളോ ആണെന്ന് പറഞ്ഞ് തള്ളാന്‍ കഴിയാത്ത വിധം ചരിത്ര സംഭവങ്ങള്‍ മഹദ് വ്യക്തിയുടെ റിപ്പോര്‍ട്ടുകള്‍ ഗ്രന്ഥങ്ങളില്‍ നിറഞ്ഞു കിടക്കുന്നു.
മറ്റു പല മത പ്രസ്ഥാനങ്ങളുടെ പ്രവാചകന്മാരുമായും അനുഭാവികള്‍ക്കു അവകാശപ്പെടാനില്ലാത്ത ഈ ചരിത്ര വിജ്ഞാന സാന്നിധ്യം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും വേര്‍തിരിക്കുന്നു. ഖുര്‍ആനല്ലാത്ത ‘വേദ’ ഗ്രന്ഥങ്ങള്‍ക്കു ചരിത്ര വിദ്യാര്‍ത്ഥിയുടെ അന്വേഷണത്തിന്റെയും നിരൂപണത്തിന്റെയും മുന്നില്‍ വായിക്കേണ്ടി വരുന്നു എന്ന് പണ്ഡിതന്‍മാര്‍ വിശദീകരിച്ചു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് പുറമെ ഡോ. അലി ജുമുഅ, ശൈഖ് ഉമര്‍ ഹഫീള്, ഡോ. മുഹമ്മദുല്‍ ഖാദിരി, മുഹമ്മദ് അല്‍ മുഅസ്സര്‍, ഡോ.ആരിഫ് നായിള്, ശൈഖ് സഈദ് ഹുജാവി, ഡോ.ഹിശാം നിശാവ, ഡോ.ഉമര്‍ ഖാലിദ് എന്നിവര്‍ സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിച്ച പ്രധാന പണ്ഡിതന്മാരാണ്. ഇന്ത്യയില്‍ നിന്ന് സി.മുഹമ്മദ് ഫൈസിയും
പങ്കെടുത്തു.