മനാമ: ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹ്റൈന്‍ ദേശീയ തല പ്രഖ്യാപനം ശ്രദ്ധേയമായി. ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ്, ഐ.സി.എഫ്, ആര്.എസ്.സി നേതാക്കള്‍ സംബന്ധിച്ചു. മര്‍കസ് ജനറല്‍ മാനേജറും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. മര്‍കസിന്റെ മഹാവളര്ച്ചക്ക് വലിയതോതില്‍ സഹായകമായത് ഗള്‍ഫിലേക്കുള്ള മലയാളികളുടെ കുടിയേറ്റമാണ് എന്ന് അദ്ദേഹം പറഞ്ഞു. മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നിറഞ്ഞ പിന്തുണ പ്രവാസികള്‍ നല്കുന്നു. നാട്ടില്‍ അവരുടെ മക്കളുടെയും കുടുംബത്തിന്റെയും വൈജ്ഞാനികവും മതപരവുമായ മുന്നേറ്റം സാധ്യമാക്കുന്നതിന് മര്‍കസ് ഊന്നല്‍ നല്കുന്നു: അദ്ദേഹം പറഞ്ഞു. ഐ സി എഫ് ജനറല്‍ സെക്രട്ടറി എം. സി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. സയ്യിദ് കൊന്നാര തങ്ങള്‍, അബ്ദുല്ല ഫൈസി നെക്രാജെ, അബൂബക്കര്‍ ലത്തീഫി, അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, വി പി കെ അബൂബക്കര്‍ ഹാജി, പി എം സുലൈമാന്‍ ഹാജി, ജമാലുദ്ധീന് വിട്ടല്‍, ഷബീറലി പ്രസംഗിച്ചു.