കൊറോണ; ഹാജിമാർ ജാഗ്രത പുലർത്തണം: സി മുഹമ്മദ് ഫൈസി

0
920
SHARE THE NEWS

കോഴിക്കോട്: കൊറോണ രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ ഹാജിമാർ ജാഗ്രത പുലർത്തണം എന്ന് ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി.

2020ലെ ഹജ്ജ് കർമത്തിന് നറുക്ക് കിട്ടിയ 10200  ഹാജിമാർ രോഗാണുബാധ ഇല്ലാതിരിക്കാൻ പ്രത്യേകം ജാഗ്രത പുലർത്തണം. ഹജ്ജ് യാത്ര 2020  ജൂണിലാണെങ്കിലും അതിൻറെ നാല് മാസം മുമ്പ് തന്നെ  ഒരുക്കങ്ങളും സാങ്കേതിക ക്ളാസുകളും ആരംഭിച്ചു കഴിഞ്ഞു. ഇനിയുള്ള രണ്ടും മൂന്നും പരിശീലന ക്ളാസുകൾ ഏപ്രിലിലും റമസാനിന് ശേഷവും ആയിരിക്കും. അതിനായി ആരോഗ്യനിയമങ്ങൾ ഇപ്പോൾ തന്നെ സൂക്ഷ്മതയോടെ പാലിച്ചു പോകണം.

ഹസ്തദാനം, പള്ളികളിലെ പൊതുഹൌളുകളിൽ നിന്നുള്ള അംഗശുദ്ധീകരണം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കാൻ ഹാജിമാർ  ശ്രദ്ധിക്കണം. വീടുകളിലും പരിസരങ്ങളിലും രോഗവ്യാപനത്തിന് സഹായകമാകുന്ന വൃത്തിഹീനമായ അന്തരീക്ഷം ഉണ്ടാവരുത്. തിളപ്പിച്ച് ചൂടാറിയ വെള്ളം കുടിക്കുക, വീടുകളിൽ നിന്ന് ആരോഗ്യദായകമായ ഭക്ഷണങ്ങൾ കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.

ഹാജിമാർ അല്ലാഹുവിന്റെ ആതിഥ്യത്തിന് തയ്യാറായി നിൽക്കുന്നവരെന്ന  നിലയിൽ പ്രാർത്ഥനക്ക് സവിശേഷമായി ഉത്തരം ലഭിക്കാൻ സാധ്യതയുള്ളവരാണ്. അതിനാൽ  കൊറോണ ഭീഷണി മാറി സമാധാനപരമായ ലോകാന്തരീക്ഷം രൂപപ്പെടാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.


SHARE THE NEWS