കോവിഡ്19: പ്രധാനമന്ത്രിക്ക് കത്തയച്ച് കാന്തപുരം

0
3344
SHARE THE NEWS

കോഴിക്കോട്: ഇന്ത്യയില്‍ കോവിഡ്19 വ്യാപിക്കുന്നതിന്റെ പാശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കാന്തപുരം ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റിന്റെ പൂര്‍ണരൂപം:

ഡൽഹി, മുംബൈ തുടങ്ങിയ വൻനഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ അകലെയുള്ള യു.പിയിലെയും ഗുജറാത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വീടുകളിലേക്ക് പോകാൻ കഴിയാതെ ബുദ്ധമുട്ടുന്ന പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന ആളുകളുടെ പ്രശ്നത്തിന് വേഗത്തിൽ പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി ബഹു. നരേന്ദ്രമോദിക്ക് കത്തയച്ചു. കിലോമീറ്ററുകൾ താണ്ടി ഭക്ഷണം കിട്ടാതെയുള്ള അവരുടെ നടത്തം ഹൃദയഭേദകമാണ്. ഒന്നോ രണ്ടോ ദിവസത്തേക്ക് സർക്കാരിന്റെ മേൽനോട്ടത്തിൽ ട്രെയിൻ, ബസ് സർവീസ് നടത്തി, ഒരു മീറ്റർ അകലം, ഫേസ് മാസ്ക്, ഹാൻഡ് സാനിറ്റൈസർ തുടങ്ങി എല്ലാ മുൻകരുതലുകളും സ്വീകരിച്ചു അവരെ വീടുകളിലേക്ക് എത്തിക്കാൻ ഗവണ്മെന്റ് നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിച്ചു.

കേരളത്തിൽ നിന്നുള്ള അതിർത്തി റോഡുകൾ മുഴുവൻ മണ്ണിട്ട് തടസ്സപ്പെടുത്തിയ കർണ്ണാടക സർക്കാരിന്റെ സമീപനം ശരിയല്ലെന്നും, പ്രധാന മന്ത്രി നേരിട്ട് ഇടപെട്ടു അവ തുറക്കാൻ നിർദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കർണ്ണാടകയിൽ നിന്ന് മാത്രമല്ല; ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കാനുള്ള വഴികളാണ് അടച്ചിട്ടിരിക്കുന്നത്. അതിർത്തി പ്രദേശമായ മഞ്ചേശ്വരത്ത് നിന്ന് മംഗളൂരു ആശുപത്രിയിൽ പോവാനാവാതെ യുവതി ആംബുലൻസിൽ കുഞ്ഞിനെ പ്രസവിക്കുന്ന സംഭവവും ഇന്നലെയുണ്ടായി. അതിനാൽ പെട്ടെന്ന് ഇക്കാര്യത്തിൽ നടപടി വേണമെന്ന് അഭ്യർത്ഥിച്ചു.
SHARE THE NEWS