
കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ അന്താരാഷ്ട്ര, ദേശീയ പദ്ധതികളുടെ സംയുക്ത ഓഫീസ് സമുച്ഛയം പ്രഖ്യാപിച്ചു. ദിവാന് എന്ന നാമത്തില്‍ മര്‍കസിന്റെ പ്രഥമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഖാദിര്‍ അഹ്ദല്‍ അവേലം തങ്ങളുടെ സ്മരണാര്‍ത്ഥം നിര്‍മിക്കുന്ന സമുച്ഛയത്തില്‍ മര്‍കസിന്റെ നൂറോളം ഡിപ്പാര്‍ട്മെന്റുകളുടെ കേന്ദ്ര ഓഫീസുകളാണ് പ്രവര്‍ത്തിക്കുക.
നാലു നിലകളിലായി പണിയുന്ന കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, സെന്‍ട്രല്‍ ഓഫീസ്, വിദ്യാഭ്യാസ, സാംസ്കാരിക ഓഫീസുകള്‍, പ്രൊഡക്ഷന്‍ സ്റ്റുഡിയോ തുടങ്ങിയവ പ്രവര്‍ത്തിക്കും.
മര്‍കസ് മസ്ജിദുല്‍ ഹാമിലിക്ക് സമീപം നിര്‍മിക്കുന്ന സമുച്ഛയത്തിന്റെ കുറ്റിയടിക്കല്‍ കര്‍മത്തിന് മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി നേതൃത്വം നല്കി.
വിദ്യാഭ്യാസം, ജീവകാരുണ്യം, സാംസ്കാരിക വിനിമയങ്ങള്‍, അന്താരാഷ്ട്ര, ദേശീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മര്‍കസിന്റെ വിവിധ പദ്ധതികളാണ് ദിവാനില്‍ പ്രവര്‍ത്തിക്കുക. അറബ്-യൂറോപ്യന്‍ ആര്‍ക്കിടെക്ചറിന്റെ സമന്വയമായിരിക്കും ഈ സമുച്ഛയം.
മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ത്ഥന നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം അവതരിപ്പിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, എ.പി മുഹമ്മദ് മുസ്ലിയാര് കാന്തപുരം, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് സ്വാലിഹ് ശിഹാബ് കുറ്റിച്ചിറ, ഡോ. അബ്ദുസ്സലാം മുഹമ്മദ്, സി.പി ഉബൈദുല്ല സഖാഫി പ്രസംഗിച്ചു.