ആത്മീയ ധന്യതയുടെ ആഘോഷം – Eid Article – കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

0
322
SHARE THE NEWS

ഇലാഹിലേക്കുള്ള സർപ്പണത്തിന്റെ മഹത്തായ പാഠങ്ങളാണ് ബലിപെരുന്നാൾ നൽകുന്നത്. ത്യാഗങ്ങളേറെ തരണം ചെയ്തു അല്ലാഹു നിർദേശിച്ച പ്രകാരമുള്ള ഉത്തമ ജീവിതത്തിലൂടെ ലോകത്തിനകമാനം മാതൃകയായി മാറിയ മഹാനായ ഇബ്‌റാഹീം നബിയുടെയും  കുടുംബത്തിന്റെയും പോരിശയാർന്ന  ജീവിതത്തിന്റെ മഹാ ഓർമ്മപ്പെടുത്തലാണ് ഈ സുദിനം. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒട്ടനവധി ബുദ്ധിമുട്ടുകൾ നൽകി, അവരുടെ വിശ്വാസത്തെ പരീക്ഷിക്കുമ്പഴെല്ലാം, ഇബ്രാഹീം നബി  സർവ്വവും അല്ലാഹുവിൽ  സമർപ്പിച്ചു.

ഈ ലോകത്തെ ജീവിതം അര്ഥപൂര്ണമാകുന്നത്, അല്ലാഹു അരുളിയ പ്രകാരം ജീവിതത്തെ ക്രമപ്പെടുത്തി സമ്പൂർണ്ണമായ വിശ്വാസം ഹൃദയത്തിൽ ഏറ്റുവാങ്ങുമ്പോഴാണ്.  അങ്ങനെ വരുമ്പോൾ വിശ്വാസിക്ക് പ്രയാസങ്ങൾ വിഷമകരമേ ആവില്ല, അല്ലാഹു തനിക്കായി നിശ്ചയിച്ച ജീവിതമിതാണെന്നും, അതിൽ സമാധാനം കണ്ടെത്തുകയും ചെയ്യും.  നാഥൻ നിശ്ചയിച്ച പ്രകാരമാണ് ഓരോ ആളുകളുടെ ജീവിതമെന്നും   ഹൃദയ വിശുദ്ധിയോടെയും സൃഷ്ടാവിൽ ഭരമേല്പിച്ചും  ജീവിച്ചാൽ പരലോക വിജയം  പ്രാപിക്കാമെന്നും വിശ്വാസികൾ പഠിക്കുന്നു. അത്തരത്തിൽ ജീവിതത്തെ ക്രമീകരിക്കാനും, എപ്പോഴും സമാധാന ചിത്തരായി നിലനിൽക്കാനുമുള്ള ഒട്ടനേകം പാഠങ്ങൾ ഇബ്രാഹീം നബിയുടെ ജീവിതത്തിൽ നിന്ന് വിശ്വാസികൾക്ക് ലഭിക്കുന്നു.

പ്രയാസങ്ങളെ  അതിജീവിക്കുന്നവർക്ക് മഹോന്നതമായ  പദവിയാണ് കൈവരാൻ പോകുന്നതെന്നതിന്റെ സാക്ഷ്യമാണ്  ഇബ്രാഹീം നബിയുടേയും കുടുംബത്തിന്റേയും ജീവിത ചരിത്രം . സത്യത്തിന്റെ മഹത്തായ സാക്ഷ്യമായിരുന്നുവത്. തനിക്കും ചുറ്റും നിലനിൽക്കുന്ന കൊള്ളരുതാത്ത കാര്യങ്ങളെകുറിച്ച് അദ്ദേഹം ജനങ്ങളെ ബോധവത്കരിച്ചു. സത്യമാർഗ്ഗത്തിലേക്കു ജനങ്ങളെ ക്ഷണിച്ചു. എന്നാൽ പാരമ്പരാഗതമായി  നിലനിൽക്കുന്ന തെറ്റായ ജീവിത ക്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അവരിൽ  വലിയൊരു വിഭാഗം തയ്യാറായില്ല. മാത്രവുമല്ല, സത്യപ്രബോധനം നടത്തിയതിന്റെ പേരിൽ നംറൂദ് ചക്രവർത്തി  ഇബ്രാഹീം നബിക്ക് നേരെ വിവിധ രൂപത്തിൽ അക്രമങ്ങൾക്ക് തുനിഞ്ഞു. കത്തിജ്വലിക്കുന്ന തീകുണ്ഡാരത്തിലേക്ക് എറിഞ്ഞു.  അവിടെയെല്ലാം അല്ലാഹു സഹായമായെത്തി. അഗ്നിനാളത്തെ, പട്ടുപോലെ മാർദ്ധവമാക്കി നൽകി. ഇബ്രാഹീം നബിക്കൊന്നും സംഭവിച്ചില്ല. തുടർന്നും  വൈതരണികളെ അദ്ദേഹം അതിജീവിച്ചു. പത്‌നിയായ ഹാജറ ബീവിയും മകൻ ഇസ്മാഈൽ നബിയും അതീവ നിഷ്ഠയോടെ അല്ലാഹുവിന്റെ കല്പനകൾ അംഗീകരിച്ചു. സാത്വികമായി ജീവിച്ചു. പൈശാചിക ബോധനകളെ അവഗണിച്ചു.  അവരുടെ ജീവിതത്തിന്റെ മഹാസ്മരണയാണ്  ബലിപെരുന്നാളും ഹജ്ജും .  ഹജ്ജിന്റെ വിശിഷ്ട കർമങ്ങൾക്ക് ഇബ്രാഹീം നബിയുടെ ജീവിതത്തിലെ സംഭവങ്ങളുമായി ബന്ധമുണ്ട്. വിശുദ്ധ ഖുർആനിൽ അല്ലാഹു വിവരിക്കുന്നുണ്ട്, ഇബ്രാഹീം നബിയെ അല്ലാഹു ഖലീലാക്കി എന്ന്. അവരുടെ വഴിയേ പിന്തുടരുന്നവർ നന്മ പ്രാപിച്ചവരാണ് എന്ന്. അത്രമേല് മഹത്തരമായ പദവി അവിടുത്തേക്കു നൽകി.

മഹത്തായ ഈ  ബലിപെരുന്നാളിൽ  നാമെല്ലാം കടന്നുപോകുന്നത് വിഷമകരമായ ഘട്ടത്തിലൂടെയാണ്. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി ഇപ്പോഴും മാറിയിട്ടില്ല. എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്ന തരത്തിൽ അത് തുടരുന്നു. ഒരേ സമയം രോഗ സംക്രമണം വരാതിരിക്കുവാനുള്ള കാര്യങ്ങളിൽ വിശ്വാസികൾ മുഴുകണം. അതോടൊപ്പം പ്രാർത്ഥനകളിൽ നാം നിരന്തരമായി മുഴുകണം. മഹാമാരിയുടെ കാലത്തൊക്കെ ഈ രണ്ടു ഗുണങ്ങളും വിശ്വാസികളിൽ ഉണ്ടാവണമെന്നാണ് മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്. അതിനാൽ, ഇന്നത്തെ ദിവസം നമ്മുടെ ആഘോഷങ്ങൾ കരുതലോടു കൂടിയാകണം. ഏറെ സ്രേഷ്ടമായ ഈ ദിവസത്തിലെ പ്രാർഥനക്കും മഹത്വമേറെയാണ്.

ബലി പെരുന്നാളിലെ ആരാധനകളാണ് പെരുന്നാൾ നിസ്കാരവും ബലികർമ്മവും. നാഥനോടുള്ള കടപ്പാടിന്റെ ഉദാത്തമായ പ്രഖ്യാപനമാണ് പെരുന്നാൾ നിസ്കാരം. ‘അല്ലാഹു അക്ബർ’ എന്ന ആവർത്തിച്ചുള്ള വിളികളിൽ ഹൃദയാന്തരങ്ങളിലേക്കു ഒഴുകുന്നത് സർവ്വവും സൃഷ്ടാവിനു മുമ്പിൽ വഴിപ്പെടാനുള്ള ചിന്തയാണ്. ഉദ്ഹിയ്യത്ത് എന്ന ബലികർമ്മവട്ടെ, സാമൂഹികമായ ജീവിതത്തിന്റെ പൂർണ്ണത പ്രകാശിപ്പിക്കുന്ന കർമ്മമാണ്‌. മാംസം നമുക്ക് ചുറ്റുമുള്ള വിശ്വാസികൾക്ക് നൽകി, അവരുടെ പെരുന്നാൾ ദിനവും തുടർ ദിനങ്ങളും വർണ്ണാഭമാക്കുന്നു. ഇബ്രാഹീം നബിയുടെ ത്യാഗ സന്നദ്ധതയെ സ്വീകരിച്ചതിന്റെ മഹാ ഓർമ്മകളിലേക്ക്  വിശ്വാസികൾ ഇന്നും ഈ കർമ്മത്തിലൂടെ കടന്നുപോകുന്നു.

ഹജ്ജിന്റെ സന്ദർഭമാണ്. മൂന്നു പതിറ്റാണ്ടിലേറെയായി മിക്കവാറും എല്ലാ വർഷവും ഹജ്ജ് ചെയ്തു വരാറുണ്ടായിരുന്നു. കോവിഡ് കാരണം, രണ്ടു വര്ഷങ്ങളായി അതിനു സാധിച്ചിട്ടില്ല. 1968ൽ തന്നെ ആദ്യ ഹജ്ജ് ചെയാൻ പറ്റിയത് ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നു. അസാധാരണമായ അനുഭവമായിരുന്നു ഓരോ ഹജ്ജും. വർണ്ണവും ഭാഷയും വേഷവും ഒന്നും നമ്മെ വേർത്തിരിക്കുന്ന ഘടകങ്ങൾ അല്ലെന്നും, വിശ്വാസികൾ എല്ലാം നാഥന് മുമ്പിൽ സമന്മാരാണ് എന്നുമുള്ള മഹാസന്ദേശത്തിന്റെ വിളംബരമായിരുന്നു ഹജ്ജ്. ഹജ്ജിനു പോകാൻ ആഗ്രഹിച്ചവർക്കൊന്നും കഴിഞ്ഞില്ല എങ്കിലും ഹജ്ജിന്റെ ആത്മീയമായ മൂല്യങ്ങൾ നമ്മളിൽ എല്ലാവരിലും ആഴത്തിൽ വേരൂന്നണം.

ലാളിത്യവും ഹൃദയ വിശുദ്ധിയും, അഹങ്കാരത്തിൽ നിന്നുള്ള മാറിനിൽക്കലും,എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സും ആണ്. നമ്മുടെ സാമൂഹിക ജീവിതത്തിൽ പണക്കാർക്കും പാവപ്പെട്ടവർക്കും ഇടയിൽ അന്തരം കാണുന്നത്, പണവും കുലവും എല്ലാം മാനുഷ്യരെ അഹന്തയിലേക്ക് നയിക്കുന്നത് കൊണ്ടാണ്. മുഹമ്മദ് നബി സ്വ പറഞ്ഞല്ലോ: അല്ലാഹു നോക്കുന്നത് ഒരാളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല, മറിച്ചു ഹൃദയത്തിലേക്കാണ്. അതിനാൽ ഹൃദയം വിശുദ്ധമാവണം നമ്മുടെ ഓരോരുത്തരുടെയും.ആഘോഷങ്ങളെല്ലാം നിർമ്മല ഹൃദയത്തോടെയാവണം. നാം മറ്റുള്ളവർക്ക്  സഹായങ്ങൾ ചെയ്യുമ്പോൾ  വളരെയധികം സാത്വികമായി ആവണം. ഇടതുകൈകൊണ്ട്
കൊടുക്കുമ്പോൾ വലതുകൈ അറിയാത്ത വിധം സൂക്ഷമമായിട്ടും രഹസ്യമായിട്ടും സ്വദഖ നൽകുന്നവന് പരലോകത്ത് തണൽ കിട്ടുമെന്നാണ് നാബോയൊരു പഠിപ്പിച്ചത്.

പ്രയാസപ്പെടുന്നവർ നമുക്ക് ചുറ്റും നിറയെ ഉള്ള സമയമാണ്. ഒരു വർഷത്തിലേറെയായി സാധാരണക്കാരിൽ പലരുടെയും വരുമാന മാര്ഗങ്ങള് പ്രയാസങ്ങളിലാണ്. വിദേശത്തു നിന്ന് വന്നു, മാസങ്ങളായി തിരിച്ചു പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന പ്രവാസികളും ഏറെ. അവരെയൊക്കെ തിരിച്ചറിഞ്ഞു സഹായിക്കാൻ വിശ്വാസികൾ ശ്രമിക്കണം. നമ്മുടെ ചുറ്റുമുള്ള  ഒരാളും വിഷമമനുഭവിക്കത്തെ പെരുന്നാളായി ഇത് മാറണം. എല്ലാവര്ക്കും പെരുന്നാൾ ആശംസകൾ

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി


SHARE THE NEWS