ശുഭാപ്തിവിശ്വാസത്തിന്റെ ഈദ്; കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

0
327
SHARE THE NEWS

വ്രതവിശുദ്ധിയുടെ ഒരു മാസം പിന്നിട്ട് ചെറിയ പെരുന്നാളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നാം. രാജ്യം മുഴുവൻ കോവിഡ് രണ്ടാം തരംഗ ഭീഷണിയിലാണ്. ഈദുൽ ഫിത്വറിലെ പള്ളികളിൽ വെച്ചുള്ള പെരുന്നാൾ നിസ്കാരം നമുക്കിപ്പോൾ അസാധ്യമാണ്. പരസ്പരമുള്ള സ്നേഹപങ്കുവെക്കലുകൾ ഒരു പരിധിക്കപ്പുറം സാധ്യമല്ല. എല്ലാവരും സ്വന്തം വീട്ടിലേക്കു വളരെയധികം പരിമിതപ്പെട്ടിരിക്കുന്നു.

ഈ ഈദ് സാധാരണ നാം ആഘോഷിക്കാറുള്ള ഈദുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അതിനാൽ, നാം ശ്രദ്ധാപൂർവ്വം ഓരോ സമയവും ചെലവഴിക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം പെരുന്നാളിന്റെ പവിത്രത നാം കാത്തു സൂക്ഷിക്കണം. ഇന്നത്തെ ദിനം നമുക്ക് സന്തോഷത്തിന് വേണ്ടി അല്ലാഹു തന്നതാണ്. എല്ലാ സമൂഹങ്ങൾക്കും ഉണ്ട് ആഘോഷങ്ങൾ, എന്നാൽ, നമ്മുടെ ആഘോഷം രണ്ടു പെരുന്നാളുകളാണെന്നാണ് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. നോമ്പെടുക്കൽ വിലക്കപ്പെട്ട ദിവസമാണ് ഇന്ന്. എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ടെന്നു നാം ഉറപ്പു വരുത്തണം. കാരണം, കോവിഡ് നിയന്ത്രണം കാരണം പലർക്കും ദിവസങ്ങളായി ജോലിക്ക് പോകൽ പോലും അസാധ്യമാണ്. നമുക്ക് ചുറ്റുവട്ടത്ത് ആരും പ്രയാസപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. ദാനധർമത്തിനു വലിയ പ്രാധാന്യമുള്ള ദിവസമാണ് പെരുന്നാളിന്റേതും. ലഘുവായിട്ടാണ് പെരുന്നാൾ നാം നിർവ്വഹിക്കുന്നത് എങ്കിലും, നമ്മുടെ ചുറ്റുവട്ടത്തുള്ള വിശ്വാസികൾക്കും അത്തരം സന്തോഷങ്ങൾ കൈവരുന്നു എന്ന് നാം തീർച്ചപ്പെടുത്തണം.

സുപ്രധാനമായ തീരുമാനങ്ങൾ നാം എടുക്കേണ്ട ദിവസമാണ് ഇന്ന്. ഒരു മാസം അല്ലാഹുവിലേക്ക് കൂടുതൽ അടുത്തായിരുന്നു നമ്മുടെ കർമ്മങ്ങൾ. വിശ്വാസികളെ ഭക്തിയുള്ളവരാക്കി മാറ്റാൻ വേണ്ടിയാണ് റമളാനിനെ അല്ലാഹു സജ്ജമാക്കിയത്. അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ചെയ്യലും വിരോധിച്ചവ വെടിയലുമാണ് ഭക്തി. റമളാൻ കാലത്ത് മാത്രമല്ല വിശ്വാസിക്ക് ആ ശീലം വേണ്ടത്. ഓരോ നിമിഷങ്ങളിലും വേണം. എങ്കിൽ മാത്രമേ ജീവിതം അർത്ഥവത്താവുകയും അല്ലാഹുവും നബിയും തൃപ്തിപ്പെടുന്ന വിധത്തിൽ ആവുകയുമുള്ളൂ. അതിനാൽ പെരുന്നാൾ ദിനം മുതലുള്ള ജീവിതത്തിന് നല്ല ചിട്ടയുണ്ടാവണം. പ്രത്യേകിച്ച് നിസ്കാരത്തിന്റെ കാര്യത്തിൽ സവിശേഷ ശ്രദ്ധ വേണം. സകാത്ത് കൊടുത്ത് വീട്ടാനുള്ളവർ അത് വീട്ടണം. അല്ലെങ്കിൽ ഒരിക്കലും തീരാത്ത ബാധ്യതയായി നമ്മുടെ മുതുകിൽ അതവശേഷിക്കും.

കഴിഞ്ഞ വ‍ർഷം സഊദി അറേബ്യയിൽ മരണപ്പെട്ട സ്വാലിഹ് അബ്ദുല്ല കമാലിനെ ഓർമ വരുന്നു. ലോകത്തേറ്റവും വലിയ സമ്പന്നരിൽ ഒരാളായിരുന്നു അദ്ദേഹം. വലിയ ധർമിഷ്ഠനായിരുന്നു. ഞാൻ മനസ്സിലാക്കിയടുത്തോളം, സകാത്ത് ഓരോ വർഷവും അർഹരായവർക്ക് എത്തിക്കുന്നതിൽ വളരെ സൂക്ഷമത പുലർത്തിയിരുന്നു അദ്ദേഹം. ജിദ്ദയിൽ നൂറിലധികം സ്റ്റാഫുകളുള്ള ഒരു ഓഫീസ് അദ്ദേഹം നടത്തിയിരുന്നു. തന്റെ വരുമാനത്തിൽ പ്രധാനമായൊരു പങ്കു ലോകത്തുള്ള വിശ്വാസി സമൂഹങ്ങളുടെ വിദ്യാഭ്യാസ ആത്മീയ സാമൂഹിക വികസനം സാധ്യമാക്കുന്നതിനായി. ചെറുതാണ് എങ്കിലും വലുതാണെങ്കിലും നമ്മുടെ ധനത്തിൽ നിന്നുള്ള ഇസ്‌ലാം നിശ്ചയിച്ച കൃത്യമായ പങ്ക് സകാത്ത് നൽകണം.

കോവിഡ് 19-ന്റെ കാലത്ത് നമ്മുടെ ഭൗതികമായ ജീവിത സാഹചര്യങ്ങൾ മാറിയിരിക്കുകയാണ്. ചുറ്റിലും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നവരുണ്ട്. അതിനാൽ, നമ്മുടെ ജീവിതവ്യവഹാരങ്ങളിൽ ധൂർത്തും അനാവശ്യ ചെലവുകളും ഒഴിവാക്കുന്നതിൽ വലിയ പ്രാധാന്യമുണ്ട് വരും ദിനങ്ങളിൽ. നമ്മുടെ ആചാരങ്ങളും കർമ്മങ്ങളും ആഘോഷങ്ങളും എല്ലാം മതം കല്പിച്ചവക്ക് പ്രാധാന്യം നൽകുന്ന വിധത്തിലാവണം. അനാവശ്യമായ മാമൂലുകൾ നാം ഒഴിവാക്കണം. കാരണം, അത്തരം ശീലങ്ങൾ സമൂഹവ്യാപകമാകുമ്പോൾ പാവപ്പെട്ട ആളുകളാണ് പ്രയാസപ്പെടുന്നത്. പണത്തിന്റെ ധാരാളിത്തം നമ്മുടെ സമൂഹത്തിൽ അനാവശ്യമായ ധൂർത്തുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഒരു പക്ഷെ, ഭൗതികമായ ആഡംബരങ്ങളില്ല കാര്യം, എന്ന ഓർമ്മപ്പെടുത്തലുകളിലേക്കുള്ള കൃത്യമായ സൂചനയാവണം കോവിഡ് മഹമാരി. എല്ലാവരും പരസ്പരം സഹകരിച്ചും സഹായിച്ചും കഴിയേണ്ടവരാണ്, നാം മാരക രോഗങ്ങളിൽ അകപ്പെടുന്നതിനും മരണത്തിന്റെ വാതിലുകൾ ആർക്കു മുമ്പിലും എപ്പോഴും തുറന്നുവെച്ചിട്ടുണ്ട് എന്ന പരമമായ സത്യത്തിന്റെ ഓർമപ്പെടുത്തൽ.

കോവിഡ് രൂപപ്പെടുത്തിയ ഒരു പ്രധാന മാറ്റം മനുഷ്യന് അവന്റെ പരിമിതികളെ കുറിച്ച് ബോധ്യം വന്നിരിക്കുന്നു എന്നതാണ്. നമുക്കെല്ലാം കഴിയും എന്ന ഔദ്ധത്യത്തെ അടക്കിവെക്കേണ്ടി വന്നിരിക്കുന്നു, ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങൾക്ക് പോലും. നഗ്‌ന ദൃശ്യങ്ങൾ കൊണ്ട് കാണാനാവാത്ത ഒരു വൈറസിന് ലോകം മുഴുവൻ സ്തംഭിക്കാൻ കഴിഞ്ഞുവെങ്കിൽ നമ്മുടെ കഴിവ് ഇനിയും എത്രയോ പരിമിതമാണ് എന്ന് എല്ലാവർക്കും ബോധ്യപ്പെട്ടുകാണും.

കോവിഡ് ഭീഷണി അനുദിനം വർദ്ധിക്കുകയാണ്. ജാഗ്രത വളരെ അനിവാര്യമാണ്. സർക്കാരിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണം. വിശ്വാസികളുടെ സവിശേഷത ജീവിതത്തിൽ ഏറ്റവും നന്നായി ശ്രദ്ധയും ജാഗ്രതയും ഉള്ളവരാണ് എന്നതാണ്. കോവിഡ് പോലുള്ള രോഗങ്ങളെ കുറിച്ചും, അങ്ങനെ മഹാമാരികൾ ഉണ്ടായാൽ വിശ്വാസികൾ എത്രമാത്രം ജാഗ്രത പുലർത്തണമെന്നും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. മാസ്‌ക് ധരിക്കലും, പൊതു സ്ഥലങ്ങളിൽ അനാവശ്യ സമ്പർക്കങ്ങൾ ഒഴിവാക്കലും, എപ്പോഴും വൃത്തിയായി ഇരിക്കലും ഈ ഘട്ടത്തിൽ നാം വളരെ ശ്രദ്ധിക്കണം.

നമ്മുടെ നാട്ടിലെ എല്ലാവരുടെയും പ്രശ്നങ്ങൾ അറിയണം. ജാതിമത ഭേദമന്യ ആവശ്യമായ സഹായം ചെയ്യണം. സാഹോദര്യം കൂടുതൽ സജീവമാകണം. ദുരിതകാലത്താണല്ലോ മനുഷ്യൻ അവന്റെ സ്വത്വം കൂടുതൽ തിരിച്ചറിയുന്നത്. സാമൂഹിക മാധ്യമങ്ങൾ നന്മയുടെ പ്രചാരണത്തിന് ഉപയോഗിക്കണം. എല്ലാവരോടും നന്മ ഉപദേശിക്കാൻ നമുക്ക് പറ്റണം രാഷ്ട്രീയമായോ മതപരമായോ ഉള്ള വൈജാത്യങ്ങൾ ഒരിക്കലൂം പരസ്പര അകലങ്ങൾ വർദ്ധിക്കാൻ കാരണം ആകരുത്.

പ്രാർത്ഥന ഈ ദിനം വളരെ പ്രധാനമാണ്. വിശ്വാസിയുടെ ആയുധമാണത്. അല്ലാഹുവിന്റെ കരുണയിൽ വിശ്വാസികൾ എപ്പോഴും പ്രതീക്ഷയുള്ളവരാവണം എന്നാണല്ലോ ഖുർആൻ പഠിപ്പിച്ചത്. നാം കൂടുതൽ തഖ്വയുള്ള ജീവിതം നയിച്ച്, എപ്പോഴും പ്രാർത്ഥനാനിരതമാവണം. ഈ ഭീഷണമായ സ്ഥിതിലോകത്തു നിന്ന് മാറണം. കോവിഡ് ബാധിച്ചു മരിച്ചവർക്കും വണ്ടി നമ്മുടെ പ്രാർത്ഥനകൾ വേണം. എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ.


SHARE THE NEWS