കോഴിക്കോട്: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് വിവിധ കാര്‍ഷിക പദ്ധതികള്‍ സാര്‍വത്രികമാക്കാന്‍ മര്‍കസ് പദ്ധതികള്‍ ആവിഷ്കരിച്ചു. കോവിഡ് കാലവും തുടര്‍ന്നും സ്വയംപര്യാപ്തത പ്രധാനമാവുമ്പോള്‍ അത്തരം സന്ദേശങ്ങള്‍ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുക എന്നതാണ് മര്‍കസ് ലക്ഷ്യമിടുന്നത്. മര്‍കസ് രൂപം നല്കിയ കാര്‍ഷിക പദ്ധതിയായ നോളജ് സിറ്റിയിലെ മസ്റ മാതൃകയില്‍ മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥലലഭ്യതക്ക് അനുസരിച്ചു വിവിധ കൃഷികള്‍ ചെയ്യും. അതോടൊപ്പം, മഹല്ലുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും സജീവമാകുന്നതോടെ, സാമ്പത്തികവും വിഭവപരവുമായ മഹല്ലുകളുടെ സുരക്ഷക്ക് എങ്ങനെ കൂട്ടമായി കൃഷി ചെയ്യാം എന്ന പദ്ധതിയും മര്‍കസ് മുന്നോട്ട് വെക്കും.
നമുക്ക് ഓരോരുത്തര്‍ക്കും ഉള്ള ഭൂമികള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും കൃഷികള്‍ ഇറക്കി അവയെ ഫലഭൂഷ്ടമാക്കുകയും വേണമെന്ന് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. വിഷാംശമില്ലാത്ത ഭക്ഷണം കഴിക്കുക എന്നത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ മാര്‍ഗമാണ്. ഭൂമിയില്ലാത്തവര്‍ ടെറസ് കൃഷി പോലുള്ളവ പരീക്ഷിക്കണം: അദ്ദേഹം പറഞ്ഞു.