മര്‍കസ്‌ ഡ്രീംവാലി; പുതുജീവിതത്തിന്‌ പത്തു കുടുംബങ്ങള്‍

0
527
SHARE THE NEWS

കോഴിക്കോട്‌: നിര്‍ദ്ധനരും നിലാരംബരുമായ ആളുകളുടെ പുനരധിവാസം ലക്ഷ്യമാക്കി മര്‍കസ്‌ ചാരിറ്റി ഘടകം ആര്‍.സി.എഫ്‌.ഐക്ക്‌ കീഴില്‍ നിര്‍മിച്ച പത്ത്‌ ഭവനങ്ങള്‍ അര്‍ഹരായവര്‍ക്ക്‌ നല്‍കുന്നു. ഭവനരഹിതര്‍ക്ക്‌ വീടുകള്‍ നല്‍കുക എന്ന പദ്ധതിയുടെ ഭാഗമായാണ്‌ കോഴിക്കോട്‌ ജില്ലയിലെ മാവൂരിനടുത്ത താത്തൂരില്‍ പത്ത്‌ കുടുംബങ്ങള്‍ക്കുള്ള വീട്‌ തയ്യാറാക്കിയിരിക്കുന്നത്‌. മര്‍കസ്‌ ഡ്രീംവാലി എന്നാണ്‌ പദ്ധതിയുടെ പേര്‌.
നിര്‍ദ്ധനരും വീടില്ലാത്താവരുമായ ആളുകളില്‍ നിന്ന്‌ തെരഞ്ഞെടുത്തവര്‍ക്കാണ്‌ പത്ത്‌ വീടുകള്‍ കൈമാറുന്നത്‌. ഡ്രീംവാലിയിലെത്തുന്ന ഓരോ കുടുംബത്തിനും പറയാനുള്ളത്‌ സങ്കടങ്ങളുടെ കഥയാണ്‌.
പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നശിച്ച തിരുവമ്പാടി സ്വദേശി അബ്ദുല്‍ ഹമീദിന്റെയാണ്‌ ഒരു കുടുംബം. സ്വന്തമായുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട ഹമീദും ഭാര്യയും മകനുമടങ്ങുന്ന കുടുംബം ഗവണ്‍മെന്റിന്റെ ദുരിതാശ്വാസ കേന്ദ്രത്തിലാണ്‌ കഴിഞ്ഞ്‌ വരുന്നത്‌. ദുരന്തത്തിലകപ്പെട്ട പലര്‍ക്കും ഗവണ്‍മെന്റ്‌ വീട്‌ നല്‍കിയെങ്കിലും ഇവര്‍ക്ക്‌ കിട്ടിയില്ല. മര്‍കസ്‌ ഡ്രീംവാലിയിലേക്ക്‌ താമസം മാറുമ്പോള്‍ തങ്ങളുടെ ദുരിതങ്ങള്‍ അവസാനിച്ച്‌ പുതിയൊരു ജീവിതത്തിന്‌ തുടക്കം കുറിക്കാനാവുമെന്ന്‌ ഹമീദ്‌ പ്രതീക്ഷിക്കുന്നു.
വയനാട്‌ പുത്തൂര്‍മലക്കാരിയായ റഷീദയും മൂന്ന്‌ മക്കളുമാണ്‌ മര്‍കസ്‌ ഡ്രീംഹോമില്‍ വരുന്ന മറ്റൊരു കുടുംബം. ഭര്‍ത്താവ്‌ മരിച്ച റഷീദക്ക്‌ മൂന്ന്‌ കുട്ടികളാണ്‌ ഉള്ളത്‌. തേയില തോട്ടത്തില്‍ പണിയെടുത്ത്‌ കുടുംബം പോറ്റുന്ന ഇവര്‍ വീടോ സ്ഥലമോ ഇല്ലാതെ പാടി എസ്റ്റേറ്റില്‍ ദുരിതക്കയത്തില്‍ ജീവിച്ചു വരികയായിരുന്നു. ഈ മൂന്ന്‌ മക്കള്‍ക്ക്‌ മര്‍കസ്‌ ഹോംകെയര്‍ മുഖേന നേരത്തെതന്നെ സാമ്പത്തിക സഹായം നല്‍കി വരുന്നുണ്ട്‌. പുതിയ വീട്ടിലേക്കുള്ള മാറ്റം ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ്‌ റഷീദ.
കോഴിക്കോട്‌ തിരുവണ്ണൂര്‍ സ്വദേശിനിയായ അന്ധയായ സയ്യിദ റഹ്‌മയും മക്കളുമാണ്‌ മറ്റൊരു കുടുംബം. വീടോ സ്ഥലമോ ഇല്ലാതെ ഒരു ഷെഡ്‌ കെട്ടിയാണ്‌ ഇവര്‍ താമസിച്ചു വരുന്നത്‌. രണ്ട്‌ കുട്ടികള്‍ക്കും റഹ്മക്കും ഡ്രീംവാലി നല്‍കുന്നത്‌ സുരക്ഷിതമായൊരു അഭയകേന്ദ്രമാണ്‌. ഇത്തരത്തില്‍ അഭയമില്ലാത്ത പത്ത്‌ കുടുംബങ്ങളാണ്‌ മര്‍കസിന്റെ തണലില്‍ പുതു ജീവിതത്തിനെത്തുന്നത്‌. റമളാനിനൊപ്പം വിരുന്നെത്തുന്ന പുതിയ വീട്‌ ഈ കുടുംബങ്ങളെ ആഹ്ലാദഭരിതമാക്കുന്നു.
താത്തൂര്‍ മഹല്ല്‌ ജമാഅത്തിന്റെ കൂടി സഹകരണത്തോടെയാണ്‌ മര്‍കസ്‌ ഡ്രീംവാലി സംവിധാനിച്ചിരിക്കുന്നത്‌. രണ്ട്‌ ബെഡ്‌റൂം, ഡൈനിംഗ്‌ ഹാള്‍, അടുക്കള, ബാത്ത്‌ റൂം എന്നിവയടങ്ങുന്നതാണ്‌ ഓരോ വീടും. മര്‍കസിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പുതിയൊരു മുഖമാണ്‌ ഡ്രീംവാലിയിലൂടെ തുറക്കപ്പെടുന്നത്‌. അടുത്ത ആഴ്‌ച നടക്കുന്ന ഡ്രീംവാലി വീട്‌ കൈമാറ്റച്ചടങ്ങ്‌ ഒരാഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്‌ താത്തൂരുകാര്‍.


SHARE THE NEWS