
കോഴിക്കോട്: ഏപ്രിൽ 9 മുതൽ 12 വരെ നടക്കുന്ന മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രാസ്ഥാനിക നേതൃത്വം ആവിഷ്കരിച്ച ഉപഹാര ശേഖരണത്തിന് സംസ്ഥാനത്തെ 6000 യൂണിറ്റുകളിൽ ആവേശപൂർണ്ണമായ തുടക്കമായി. മർകസിന്റെ നോളജ് സിറ്റിയടക്കമുള്ള വിവിധ നവ വൈജ്ഞാനിക പദ്ധതികളുടെ പൂർത്തീകരണത്തിന് യൂണിറ്റുകൾ വഴിയുള്ള നിധി ശേഖരണം ഈ മാസം 15-നു മുമ്പ് പൂർത്തിയാവും. നിധിശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തൃശൂർ ചാവക്കാട് നടന്ന പരിപാടിയിൽ , വാടാനപ്പള്ളി ഈസ്റ്റ് യൂണിറ്റിൽ നിന്ന് ശേഖരിച്ച ഒരു ലക്ഷം രൂപ സയ്യിദ് ഫസൽ തങ്ങൾ മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കൈമാറി. സി.വി മുഹമ്മദ് സഖാഫി, സത്താർ പഴുവിൽ, പി.കെ ബാവ ദാരിമി, എം.എസ് മുഹമ്മദ് ഹാജി, ആർ.വി.എം ബഷീർ മൗലവി സംബന്ധിച്ചു. യൂണിറ്റുകളിൽ നിന്ന് ശേഖരിക്കുന്ന വിഹിതം പ്രാസ്ഥാനിക നേതൃത്വം അണിനിരക്കുന്ന പ്രത്യേക ചടങ്ങിൽ ഈ മാസം 22ന് മർകസിൽ വെച്ച് കൈമാറും.