ശുഭ്രസാഗരം: ആഗോള സഖാഫി സമ്മേളനം പ്രൗഢം

0
973
മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച ആഗോള സഖാഫി സമ്മേളനം കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യുന്നു
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന ആഗോള സഖാഫി സമ്മേളനം ശുഭ്രസാഗരമായി. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മര്‍കസിലൂടെ രൂപപ്പെടുത്തിയ സഖാഫി പണ്ഡിതര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തലേ ദിവസം മുതലേ നഗരിയിലേക്ക് ഒഴുകുത്തിത്തുടങ്ങിയിരുന്നു. വിവിധ സോണുകളില്‍ കൂട്ടമായി വാഹങ്ങളിലൂടെയും പ്രതിനിധികള്‍ എത്തിച്ചേര്‍ന്നു. പതിനായിരം പണ്ഡിതര്‍ സംഗമിച്ച സമ്മേളനത്തില്‍ മുസ്ലിം സമൂഹം നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് രക്ഷ നേടാനും രാജ്യത്തിന്റെ സമാധാനവും ബഹുസ്വരതയും പൂര്‍വ്വാധികം ശക്തമായി നിലനില്‍ക്കാനും വേണ്ടി പണ്ഡിതരുടെയും സയ്യിദന്മാരുടെയും നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നു.

ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച സമ്മേളനം മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുക്തിവാദത്തിന്റെ പേരില്‍ മുസ്ലിം വിരുദ്ധത ബോധപൂര്‍വ്വം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹം എക്കാലത്തും നിലനിന്നത് പരസ്പര സഹകരണത്തിലൂടെയും സ്നേഹത്തിലൂടെയുമാണ്. ഇന്ത്യയുടെ ബഹുസ്വരത സജീവമാക്കുവാനും മതസൗഹാര്‍ദ്ധം ശക്തമാക്കാനും പ്രയത്‌നിക്കുന്നവരാണ് വിശ്വാസികള്‍. ആഴമുള്ള സാമൂഹിക വേരുകള്‍ ഇന്ത്യയില്‍ ഇസ്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. അത്തരം മൗലികമായ അടിത്തറകള്‍ നിലനില്‍ക്കുന്ന കാലത്തോളം യുക്തിവാദികളുടെ തെറ്റായ പ്രചാരണങ്ങള്‍ അശേഷവും സ്വാധീനമുണ്ടാക്കില്ല: അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തെ മുസ്ലിംകളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കാന്തപുരം പറഞ്ഞു. ഭരണഘടനയാണ് ഇന്ത്യയുടെ മഹത്തായ ജനാധിപത്യ മതേതരത്വ ഭാവത്തെ ഊട്ടിയുറപ്പിച്ചത്. ഭരണഘടനക്കു അനുസൃതമായി നീങ്ങിയതിനാലാണ് നാം ഇത്രകാലം മനോഹരമായും പരസപരം സ്‌നേഹിച്ചും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയും ജീവിച്ചത്. ആ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ദുര്‍ബലമാകുമ്പോള്‍ ഇന്ത്യയുടെ ആത്മാവാണ് ശിഥിലമാവുന്നത്. അത്തരം ശ്രമങ്ങളെ അനുവദിക്കില്ല: കാന്തപുരം പറഞ്ഞു. തുടര്‍ന്ന് മര്‍കസിലെ ബുഖാരി ദര്‍സിന്റെ മാതൃകയില്‍ പ്രശസ്ത ആധ്യാത്മിക ഗ്രന്ഥമായ ഹികമിന്റെ ദര്‍സും അദ്ദേഹം നടത്തി.

രാവിലെ 9 മണിക്ക് മര്‍കസ് സമ്മേളന സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് പി.കെ.എസ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ത്ഥന നടത്തി. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ നസ്വീഹത് നല്‍കി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറിമാരായ എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, അഡ്വ ഹുസ്സൈന്‍ സഖാഫി ചുളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, ശാഫി സഖാഫി മുണ്ടമ്പ്ര, ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി, ഡോ അബ്ദുസ്സലാം പ്രസംഗിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, മുഖ്താര്‍ ഹസ്റത്ത്, പി.സി അബ്ദുല്ല മുസ്ലിയാര്‍, കെ.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, വി ടി അഹ്മദ് കുട്ടി മുസ്ലിയാര്‍ പാഴൂര്‍ സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ത്വഹാ തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, മുഹമ്മദ് മുസ്ലിയാര്‍ ചിയ്യൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല, ഇസ്സുദ്ധീന്‍ സഖാഫി കൊല്ലം, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഹസന്‍ സഖാഫി തറയിട്ടാല്‍, സി. പി ഉബൈദുല്ല സഖാഫി സംബന്ധിച്ചു. പറവൂര്‍ കുഞ്ഞുമുഹമ്മദ് സഖാഫി സ്വാഗതവും ദുല്‍ കിഫ്ല്‍ സഖാഫി നന്ദിയും പറഞ്ഞു.


SHARE THE NEWS