ആഗോള സഖാഫി സമ്മേളനം നാളെ: പണ്ഡിതന്മാരെ വരവേല്‍ക്കാനൊരുങ്ങി മര്‍കസ് നോളജ് സിറ്റി

0
914
SHARE THE NEWS

കോഴിക്കോട്: 2020 ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള സഖാഫി സമ്മേളനം നാളെ(ശനി) മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം 4വരെ നടക്കുന്ന സമ്മേളനത്തില്‍ പതിനായിരത്തിലധികം സഖാഫി പണ്ഡിതര്‍ സംബന്ധിക്കും. മര്‍കസ് സഖാഫി പണ്ഡിതകൂട്ടായ്മമായ സഖാഫി ശൂറയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ കേരളത്തിന് പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

1985 മുതല്‍ 2019 വരെയുള്ള ബാച്ചുകളില്‍ പുറത്തിറങ്ങിയ സഖാഫികളുടെ സമ്പൂര്‍ണ്ണ മഹാസംഗമം ഇതാദ്യമായാണ് നടക്കുന്നത്. വിദ്യാഭ്യാസം, മതപ്രവര്‍ത്തനം,സാമൂഹിക സേവനം, ജീവകാരുണ്യം എന്നീ മേഖലകളില്‍ സജീവ സാന്നിധ്യമായ സഖാഫികള്‍ കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതവൃന്ദമാണ്. ആഗോള സഖാഫി സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ക്കിടയില്‍ നടത്തിയ സന്ദേശ പ്രചാരണം ഇതിനകം പൂര്‍ത്തിയായി. കേരളത്തിലെ 14 ജില്ലകളില്‍ സഖാഫി സംഗമങ്ങളും 100 പ്രതിനിധി സംഗമവും നടന്നു.

മര്‍കസ് നോളജ് സിറ്റിയില്‍ പ്രത്യേകം തയാറാക്കിയ വിശാലമായ വേദിയില്‍ രാവിലെ 9 മണിക്ക് മര്‍കസ് സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി.കെ.എസ് തങ്ങള്‍ തലപ്പാറ പതാകയുയര്‍ത്തും. 9.30ന് റജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം ഉദ്ബോധനം നടത്തും. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, ഡോ. അബ്ദുസ്സലാം മുഹമ്മദ്, ഇബ്രാഹീം സഖാഫി പുഴക്കാട്ടിരി വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

മര്‍കസ് ശരീഅ കോളജില്‍ ദീര്‍ഘകാലമായി മുദരിസുമാരായി സേവനം ചെയ്യുന്ന വി.പി.എം ഫൈസി വില്യാപ്പള്ളി, കെ കെ മുഹമ്മദ് മുസ്ലിയാര്‍ കരുവമ്പൊയില്‍, കെ.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ വട്ടോളി, വി ടി അഹ്മദ് കുട്ടി മുസ്ലിയാര്‍ പാഴൂര്‍ എന്നിവരെ ആദരിക്കും.

കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മര്‍കസ് സമ്മേളന പ്രചാരണ സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സ്‌കോളേഴ്സ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ശാഫി സഖാഫി മുണ്ടമ്പ്ര, സയ്യിദ് ശിഹാബുദ്ധീന്‍ സഖാഫി കടലുണ്ടി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, ഹസന്‍ സഖാഫി തറയിട്ടാല്‍, ലത്തീഫ് സഖാഫി പെരുമുഖം പങ്കെടുത്തു.


SHARE THE NEWS