ലോക്ഡൗണ്‍ കാലത്ത് ഖുര്‍ആന്‍ മനഃപാഠമാക്കി: മര്‍കസില്‍ നിന്ന് 125 പുതുഹാഫിളുകള്‍

0
432

കോഴിക്കോട്: ലോക്ഡൗണ്‍ ആരംഭം മര്‍കസിനു കീഴിലെ ഹിഫ്‌സ് വിദ്യാര്‍ഥികള്‍ സുവര്‍ണ്ണാവസരമായാണ് കണ്ടത്. ധാരാളം സമയം ലഭിക്കുന്നതിനാല്‍ ഖുര്‍ആന്‍ പാരായണത്തിലും മനഃപാഠത്തിലും മുഴുകിയവര്‍. സംശയങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ഗുരുനാഥന്മാര്‍ കൃത്യമായ മറുപടികള്‍ നല്‍കി. പത്താം ക്ലാസ്സിനും പ്ലസ്ടുവിനും പഠിക്കുന്നവരായതിനാല്‍, സ്‌കൂള്‍ പഠനങ്ങള്‍ക്കും സമയം നീക്കിവെച്ചു. പരീക്ഷ കഴിഞ്ഞതോടെ പൂര്‍ണ്ണ സമയം ഖുര്‍ആന്‍ പഠനത്തില്‍ തന്നെ. അവസാനം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടത്തിയ മനഃപാഠ മത്സരത്തില്‍ അവരില്‍ 125 പേരും മികച്ച വിജയം കരസ്ഥമാക്കി ഖുര്‍ആന്‍ ഹാഫിളുകയായിരിക്കുന്നു. മര്‍കസിന്റെ ഖുര്‍ആന്‍ അക്കാദമി കാമ്പസിലും ഏഴു ഓഫ് കാമ്പസുകളിലും അഫിലിയേറ്റ് സ്ഥാപങ്ങളിലും പഠനം വിദ്യാര്‍ത്ഥികളാണ് ഇവര്‍.

അല്‍ത്വാഫ് പോലൂര്‍(മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ്, കാരന്തൂര്‍) ഒന്നാം റാങ്കും മുഹമ്മദ് ഫര്‍ഹാന്‍ പൂനൂര്‍(മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസ്, കാരന്തൂര്‍), മുഹമ്മദ് സ്വഫ്‌വാന്‍ പരപ്പനങ്ങാടി(മര്‍കസ് ഖല്‍ഫാന്‍ ഹിഫ്‌ള് അക്കാദമി) എന്നിവര്‍ രണ്ടാം റാങ്കും മുഹമ്മദ് ശിബിലി അരൂര്‍(മര്‍കസ് സൈത്തൂന്‍ വാലി, കാരന്തൂര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികളെ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി എന്നിവര്‍ അഭിനന്ദിച്ചു.