പ്രവാസികള്‍ക്ക് RT-PCR ടെസ്റ്റ്; നിര്‍ബന്ധിത പരിശോധനയിലെ ആശങ്ക അകറ്റണം: കാന്തപുരം

0
428
SHARE THE NEWS

കോഴിക്കോട്: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മറ്റു ചില വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് പരിശോധിച്ച കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും നാട്ടിലെ വിമാനത്താവളങ്ങളില്‍ വീണ്ടും നിര്‍ബന്ധിത ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്ന അധികൃതരുടെ നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.
കോവിഡിനോടനുബന്ധിച്ച് വലിയ സാമ്പത്തിക പ്രയാസങ്ങളാണ് പ്രവാസികള്‍ അനുഭവിക്കുന്നത്. നാടിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ പങ്കുവഹിക്കുന്ന പ്രവാസികളോട് നമുക്ക് വലിയ കടപ്പാടുണ്ട്. കോവിഡ് കാലത്ത് ജോലി പോലുമില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട് നീണ്ട കാത്തിരിപ്പിന് ശേഷം നാടണയാന്‍ പ്രതീക്ഷയോടെ ടിക്കറ്റെടുത്ത പ്രവാസികള്‍ വീണ്ടും ദുരിതത്തിലേക്കാണ് വന്നുപെടുന്നത്.
പലരും ഈ നിരന്തരമുള്ള പരിശോധനകളുടെ പ്രയാസം കാരണം യാത്ര തന്നെ മാറ്റിവെക്കുകയാണ്. കുറഞ്ഞ ദിവസത്തിനുള്ളില്‍ മൂന്ന് തവണയാണ് പ്രവാസികള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ക്ക് വിധേയരാകേണ്ടി വരുന്നത്. യാത്രക്ക് മുമ്പും നാട്ടിലെ വിമാനത്താവളത്തിലും ക്വാറന്റൈന്‍ കഴിഞ്ഞ ശേഷവും പരിശോധന നടത്തണം. ഇതിന് വലിയ സാമ്പത്തിക ബാധ്യതയാണ് വരുന്നത്. ഒന്നുകില്‍ വിമാനത്താവളങ്ങളിലെ പരിശോധന പൂര്‍ണമായും സൗജന്യമാക്കണം. അല്ലെങ്കില്‍ നെഗറ്റീവ് ഫലവുമായി വരുന്നവരെ വിമാനത്താവളത്തിലെ പരിശോധനകളില്‍ നിന്ന് ഒഴിവാക്കുകയോ ചെയ്യണമെന്ന് കാന്തപുരം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.


SHARE THE NEWS