കുവൈത്ത് ഭരണാധികാരികളുടേത് ആഥിത്യത്തിന്റെ മഹാ സമീപനം: കാന്തപുരം

0
548
SHARE THE NEWS

ന്യൂഡല്‍ഹി: കുവൈത്തിന്റെ വ്യാവസായിക സാംസ്‌കാരിക വളര്‍ച്ചയില്‍ ഏറെ അഭിമാനിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ അടുത്ത സൗഹൃദ രാഷ്ട്രമാണ് കുവൈത്ത്. അറബ് ലോകത്തെ സമാധാനം സുശക്തമാക്കുന്നതിലും വിവിധ രാഷ്ട്രങ്ങള്‍ക്കിടയില്‍ സൗഹൃദം സജീവമാക്കുന്നതിലും കുവൈത്ത് ഭരണാധികാരികള്‍ എല്ലാ കാലത്തും പ്രശംസനീയമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് അറുപതാം ദേശീയ ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു കാന്തപുരം.

കുവൈത്ത് മുന്‍ മന്ത്രിയും എഴുത്തുകാരനും ഇസ്ലാമിക പണ്ഡിതനുമായിരുന്ന ശൈഖ് യൂസഫ് ഹാശിം രിഫാഇയുമായി അഗാധമായ സൗഹൃദമായിരുന്നു തനിക്ക് ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആധുനിക കുവൈത്തിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ഷെയ്ഖ് ഹാഷിം രിഫാഇ. മാധ്യമ മേഖലയിലും സാംസ്‌കാരിക രംഗത്തും വലിയ മുന്നേറ്റങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുവൈത്തില്‍ നടന്നു. മര്‍കസിന്റെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ആവശ്യമായ നിരവധി നിര്‍ദേശങ്ങളും അദ്ദേഹവുമായുള്ള ചര്‍ച്ചകളില്‍ നിന്ന് ലഭിച്ചിരുന്നു.

ഇന്ത്യക്കാരായ പ്രവാസികളെ വളരെ സ്‌നേഹത്തോടെ സ്വീകരിക്കുകയും, അവരുടെ തൊഴിലിനും സുരക്ഷക്കും ആവശ്യമായ എല്ലാ കരുതലും ഒരുക്കയും ചെയ്യുന്ന ഭരണാധികാരികളാണ് കുവൈത്തിലേത്. ആ അര്‍ത്ഥത്തില്‍ വലിയ കടപ്പാട് കുവൈത്ത് സമൂഹത്തോട് ഇന്ത്യക്കാര്‍ക്കുണ്ടെന്നും, കുവൈത്ത് രാഷ്ട്ര നേതൃത്വത്തിന്റെ സൗഖ്യത്തിനു വേണ്ടി എല്ലാവരും പ്രാര്‍ത്ഥന നടത്തണമെന്നും കാന്തപുരം പറഞ്ഞു.


SHARE THE NEWS