ഖുര്‍ആനിന്റെ തെളിച്ചമുള്ള സ്ഥാപനം

0
2242
SHARE THE NEWS

2010-ഇൽ ഈജിപ്‌ത്‌ ഔഖാഫിനു കീഴിൽ നടന്ന അന്താരാഷ്ട്ര ഖുർആൻ മത്സരം. 200 രാഷ്ട്രങ്ങളിൽ നിന്നുള്ള ശ്രദ്ധേയരായ ഖുർആൻ പഠിതാക്കൾ ഉണ്ട്. മനോഹരമായ ശബ്ദത്തിലുള്ള, പാരായണ നിയമം പൂർണ്ണമായി പാലിച്ചുള്ള ഒരു വിദ്യാർത്ഥിയുടെ ഓത്ത് സദസ്സിനെ മാത്രമല്ല, വിധികർത്താക്കളെയും ഏറെ ആകർഷിച്ചു. മത്സരം കഴിഞ്ഞു വിധിവന്നപ്പോൾ  ലക്ഷങ്ങൾ ക്യാഷ് പ്രൈസോടെ ഒന്നാം സമ്മാനം നേടിയത് ആ വിദ്യാർത്ഥിയായിരുന്നു. ഇന്ത്യയെ  പ്രതിനിധീകരിച്ചു പങ്കെടുത്ത മർകസ് ഖുർആൻ അക്കാദമി വിദ്യാർത്ഥി ഹാഫിസ് ശമീർ ചേരൂർ ആയിരുന്നുവത്.  വിദേശ പത്രപ്രവർത്തകർ ചുറ്റും കൂടി. അറബി തദ്ദേശീയ വിദ്യാർഥികൾ ധാരാളമുള്ള പരിപാടിയിൽ എങ്ങനെ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞുവെന്നതിന് ശമീറിന് ഒറ്റ ഉത്തരമായിരുന്നു ഉണ്ടായിരുന്നത്. മർകസ് ഹിഫ്‌സ് പഠനകേന്ദ്രത്തിന്റെ മികവും, ആഗോള പണ്ഡിതർ നിരന്തരം മർകസിൽ വരുമ്പോൾ അവരുമായുള്ള സമ്പർക്കങ്ങളും തൻറെ ഉച്ചാരണത്തെയും പാരായണ മികവിനേയും രൂപപ്പെടുത്തിയെന്നായിരുന്നുവത്.

മികവിന്റെ നിരവധി അംഗീകാരങ്ങൾ  വീണ്ടും ശമീറിനെ തേടിയെത്തി.  2016 ഇൽ ബഹ്റൈനിൽ നടന്ന ശൈഖ് ജുനൈദ് ഖുർആൻ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. ഇപ്പോൾ അബുദാബിയിൽ ഇമാമായി സേവനം ചെയ്യുന്നു. ശമീർ അസ്ഹരി  മാത്രമല്ല, മർകസ് ഹിഫ്‌സ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ 160 പേരും അറബ് ലോകത്തെ പ്രമുഖ മസ്‌ജിദുകളിൽ ഇമാമും ഖതീബും ഒക്കെയാണ്. അറബ് പണ്ഡിതർ വന്ന് സൂക്ഷ്മമായ ഇന്റർവ്യൂ നടത്തിയാണ് അവരെയെല്ലാം തിരഞ്ഞെടുത്തത്. ഖുർആൻ പാരായണത്തിലും വേഷത്തിലും അറബി ഭാഷാ മികവിലും പെരുമാറ്റത്തിലും എല്ലാം മികച്ചവരാണ് മർകസ് ഹാഫിസുകൾ എന്ന ഖ്യാതിയും യു.എ.ഇയിൽ വിശ്രുതമാണ്.

1986 ലാണ് മർകസ് ഖുർആൻ അക്കാദമി ആരംഭിക്കുന്നത്. കേരളത്തിലെ വ്യവസ്ഥാപിതമായ ആദ്യ ഖുർആൻ മനഃപാഠ കേന്ദ്രമായിരുന്നുവത്. കാന്തപുരം ഉസ്താദിന്റെ  വലിയ മോഹമായിരുന്നു ധാരാളം കുട്ടികളെ ഖുർആൻ മനഃപാഠമാക്കുകയും, അതുവഴി പാരായണത്തിന്റെ ശരിയായ നിയമം എല്ലാ വിശ്വാസികളിലേക്കും എത്തിക്കുക എന്നത്. നിരവധി സെന്ററുകളിലായി  750  വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന കേന്ദ്രമാണ് ഇന്ന് മർകസ് ഖുർആൻ അക്കാദമി . ഖുർആൻ മനഃപാഠം  പൂർത്തിയാക്കിയവർക്ക് ഖുർആനിക ഗവേഷണം നടത്താൻ പാറപ്പള്ളിയിൽ മാലിക് ദീനാർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ പ്രത്യേക സ്ഥാപനവും  മർകസ് നടത്തുന്നു.


SHARE THE NEWS