സംസ്ഥാന ജേതാവായ മര്‍കസ് വിദ്യാര്‍ത്ഥിക്ക് സ്വീകരണം നല്‍കി

0
435

കുന്നമംഗലം: തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ വിഭാഗം ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ മര്‍കസ് ബോയ്സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് മഖ്ബൂര്‍ ഖാന് സ്‌കൂളില്‍ സ്വീകരണം നല്‍കി. കാശ്മീര്‍ സ്വദേശിയായ മഖ്ബൂല്‍ മര്‍കസ് കാശ്മീര്‍ ഹോമില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. കുന്നമംഗലം മുതല്‍ മര്‍കസ് സ്‌കൂള്‍വരെ ജേതാവിനെ ഹാരമണിയിച്ച് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ ആനയിച്ചു. തുടര്‍ന്ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി അവാര്‍ഡ് സമ്മാനിച്ചു. മര്‍കസ് സ്‌കൂളിനെ പ്രതിനിധീകരിച്ച് ദേശീയ തലത്തില്‍ നടന്ന തൈക്കണ്ടോ മത്സരത്തില്‍ വെങ്കല മെഡല്‍ നേടിയ സല്‍സബീല്‍, റാഷിദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരവും ചടങ്ങില്‍ സമ്മാനിച്ചു. ചടങ്ങില്‍ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുന്‍ കായികാധ്യാപകന്‍ ഫരീദ് മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, സലാം മാസ്റ്റര്‍ പ്രസംഗിച്ചു.