സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കും: ഐ.എ.എം.ഇ

0
482

കോഴിക്കോട്‌: പുതിയ കാലത്ത്‌ ആധുനികമായ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തി സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഐ.എ.എം.ഇ(ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷന്‍) സംസ്ഥാന സ്‌കൂള്‍ മാനേജേഴ്‌സ്‌ കോണ്‍ഫ്രന്‍സ്‌ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ടീച്ചേഴ്‌സ്‌ ട്രൈനിംഗ്‌, മെന്ററിംഗ്‌, സ്‌റ്റഡി മെറ്റീരിയല്‍ റിവിഷന്‍, ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മാനേജ്‌മെന്റ്‌, ക്വാളിറ്റിറ്റീവ്‌ അസിസ്‌മെന്റ്‌, സ്‌കൂള്‍ അഫിലിയേഷന്‍ ഹെല്‍പ്‌ ലൈന്‍ എന്നീ പദ്ധതികള്‍ ഐ.എ.എം.ഇയുടെ കേരളത്തിലും പുറത്തുമുള്ള അഞ്ഞൂറോളം സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കും. ജി.സി.സി രാഷ്ട്രങ്ങളിലേക്ക്‌ ഈ വര്‍ഷം മുതല്‍ ഐ.എ.എം.ഇ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
കോഴിക്കോട്‌ നടന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ സംബന്ധിച്ചു. സമ്മേളനത്തിന്റെ തുടര്‍പ്രവര്‍ത്തനമായി ഏപ്രില്‍ രണ്ടാം വാരത്തില്‍ ഐ.എ.എം.ഇ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കോണ്‍ഫ്രന്‍സ്‌ നടത്താന്‍ തീരുമാനിച്ചു.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്‌ അധ്യക്ഷത വഹിച്ചു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. കെ. കോയട്ടി ആമുഖ പ്രഭാഷണം നടത്തി. അക്കാദമിക്ക്‌ എക്‌സലന്‍ഷ്യ എന്ന വിഷയത്തില്‍ ഡോ. ടി. സലീം ക്ലാസെടുത്തു. ‘ഐ.എ.എം.ഇ വിഷന്‍ 2020’ അവതരിപ്പിച്ച്‌ വി.പി ഇസ്‌ഹാഖ്‌, കെ.എം അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. സിദ്ദീഖ്‌ സഖാഫി ഒറ്റപ്പാലം, അമീര്‍ ഹസന്‍ കോഴിക്കോട്‌, മഹ്മൂദ്‌ ഹാജി മാക്കൂല്‍, ഡോ. അബ്ദുല്‍ അസീസ്‌ ഫൈസി, അബ്ദുസ്സമദ്‌, എ.പി അഷ്‌റഫ്‌, ടി.സി അബ്ദുറഹ്മാന്‍, കെ.എം അബ്ദുറഷീദ്‌, മുഹമ്മദലി നൊച്ചയില്‍ എന്നിവര്‍ സമ്മേളനത്തിന്‌ നേതൃത്വം നല്‍കി.