മർകസ് നോളജ് സിറ്റിയിൽ അന്താരാഷ്ട്ര നിയമ ​ഗവേഷണ കേന്ദ്രം സ്ഥാപിക്കും

0
857
SHARE THE NEWS

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മർകസ് ലോ കോളേജിനെ 2025നകം മികച്ച നിയമ ​ഗവേഷണ കേന്ദ്രമാക്കി ഉയർ‍ത്താൻ തീരുമാനം. ദേശീയ, അന്തർദേശീയ രം​ഗത്തെ പ്രമുഖ നിയമ പഠന​ ​ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാവും ​ഗവേഷണ കേന്ദ്രം സ്ഥാപിക്കുക. ഇതിന്റെ ഭാ​ഗമായി രണ്ടു പുതിയ ദ്വിവർഷ ബിരുദാനന്തര ബിരുദ കോഴ്സുകൾ അടുത്ത ജനുവരിയിൽ ആരംഭിക്കും. എൽ.അൽ.എം കോൺസ്റ്റിറ്റ്യൂഷണൽ ലോ, എൽ.എൽ.എം കോമേഴ്സ്യൽ ലോ എന്നിവ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ അനുമതിയും ലഭ്യമായിരിക്കുന്നത്. പ്രമുഖ നിയമ പണ്ഡിതനും അക്കാദമിക് വിദ​ഗ്ധനുമായ ഡോ. ത്വാഹിർ മഹ്മൂദിന്റെ മാർ​ഗ നിർദ്ദേശങ്ങൾ സ്വീകരിച്ച് വിദ്​ഗ്ധ അക്കാദമിക സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ തുടരുക.

നിയമരം​ഗത്തെ പ്രമുഖ വിദേശ പണ്ഡിതരുൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കുന്നതിന് സ്കോളർ ഇൻ റെഡിസൻസ് പദ്ധതി നടപ്പിലാക്കും. മർകസുമായി അക്കാദമിക് അഫിലിയേഷനുള്ള അന്തർദേശീയ സർവകലാശാലകളുമായി സ്റ്റുഡന്റ്-ഫാക്കൽറ്റി എക്സ്ചേഞ്ച് കരാർ വഴി മർകസ് വിദ്യാർത്ഥികൾക്ക് വിദേശത്തും വിദേശ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും നിയമരം​ഗത്തെ ​ഗവേഷണ പഠനങ്ങൾക്ക് അവസരമൊരുക്കും.

മർകസ് നോളജ് സിറ്റിയിലെ ആദ്യ പ്രൊഫഷണൽ സ്ഥാപനമായ ലോ കോളേജ് 2014ൽ പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ വർഷങ്ങൾക്കകം മികച്ച അം​ഗീകാരമാണ് നേടിയെടുത്തത്. അക്കാദമികവും അനുബന്ധ പ്രവർത്തന മികവിലൂടെയും സ്ഥാപനം രാജ്യമൊട്ടുക്കുനിന്നും വിദ്യാർത്ഥികളെ ആകർഷിക്കുന്നു. സാധാരണക്കാർക്ക് നിയമ സാക്ഷരതയും നിയമ സഹായവും നൽകുന്ന മർകസ് ലീ​ഗൽ എയ്ഡ് ക്ലിനിക്ക്, ലീ​ഗൽ എയ്ഡ് ക്യാമ്പുകൾ എന്നിവ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ NAAC അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്സുകൾ ഇപ്പോൾ ന‍ടന്നുകൊണ്ടിരിക്കുന്നു. നിയമ രം​ഗത്തെ പുതിയ പ്രവണതകളെ സ്വാംശീകരിച്ച് കൊണ്ടുള്ള വാല്യൂ ആഡഡ് കോഴ്സുകളും അടുത്ത അക്കാദമിക വർഷം ആരംഭിക്കും. ഭരണാഘടന മൂല്യങ്ങളെ ജീവിതത്തിൽ പകർത്തുന്ന പ്രതിബദ്ധരായ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് മർകസ് ലോ കോളേജ് ലക്ഷ്യമിടുന്നത്.

മുഖവുരകളാവശ്യമില്ലാത്ത വിധം കേരളീയ സമൂഹത്തിനു പരിചിതമായ മർകസിന്റെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ മർകസ് നോളജ് സിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ ത്വരി​ത​ഗതിയിൽ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. യുനാനി മെഡിക്കൽ കോളേജ്, അലിഫ് ​​​​ഗ്ലോബൽ സ്കൂൾ, ഫിനിഷിം​ഗ് സ്കൂൾ, വിറാസ്, മാനേജ്മെന്റ് പരിശീലന കേന്ദ്രം, ക്യൂൻസ് ലാൻ‍ഡ് എന്നിവ പ്രവർത്തിച്ചുവരുന്നു.

കേരളത്തിലെ ഏക യുനാനി മെഡിക്കൽ കേളേജായ മർകസ് യുനാനി മെഡിക്കൽ കോളേജിൽ നിന്നും പ്രഥമ ബാച്ച് പഠനം പൂർത്തിയാക്കി. ഫാർമസി, നഴ്സിം​ഗ്, മാനേജ്മെന്റ, കാർഷിക കോളേജുകൾ സമീപ ഭാവിയിൽ ആരംഭിക്കും. വിവിധ ​ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ചുള്ള ബ്രയിൻ ​ഗവേഷണ സ്ഥാപനം, സ്റ്റീവൻസ് യൂണിവേഴ്സിറ്റി സഹകരണത്തോടെയുള്ള നിർമിത ബുദ്ധി ​ഗവേഷണ കേന്ദ്രം എന്നിവയുമായുള്ള ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോ​ഗമിച്ചുകൊണ്ടിരിക്കുന്നു. നോളജ് സിറ്റിയിലെ കൾച്ചറൽ സെന്ററിനോടനുബന്ധിച്ച് നിർമാണം നടക്കുന്ന ലൈബ്രറിയും മ്യൂസിയവും അക്കാദമിക ആവശ്യങ്ങൾ‍ക്കായി വൈകാതെ തുറന്ന് കൊടുക്കും.

കോഴിക്കോട് നടന്ന പത്രസമ്മേളനത്തിൽ മർകസ് നോളജ് സിറ്റി മാനേജിം​ഗ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി, സി.ഇ.ഒ ഡോ. അബ്ദുസ്സലാം, മർകസ് ലോ കോളേജ് വൈസ് പ്രിൻസിപ്പൽ സി. അബ്ദുൽ സമദ് പങ്കെടുത്തു.


SHARE THE NEWS