പ്രകീര്‍ത്തന സാഗരമിരമ്പി; അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തിന്‌ പ്രൗഢ സമാപനം

0
852

കോഴിക്കോട്‌: സ്വപ്‌നനഗരിയില്‍ ഒഴുകിയെത്തിയ ജനലക്ഷങ്ങളെ സാക്ഷിയാക്കി മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ്‌ സമ്മേളനത്തിന്‌ പ്രൗഢ സമാപനം. ‘തിരുനബിയുടെ സ്‌നേഹലോകം’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പ്രവാചക പ്രകീര്‍ത്തന സംഘങ്ങളും പങ്കെടുത്തു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മദ്‌ഹുറസൂല്‍ പ്രഭാഷണം നടത്തി. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്‌ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട്‌ സ്വപ്‌നനഗരിയില്‍ സജ്ജീകരിച്ച വിശാലമായ സമ്മേളന നഗരിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു. സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഒരു മാസമായി രാജ്യത്താകെ നടന്നുവരുന്ന നബി ദിനാഘോഷ പരിപാടികളുടെ സമാപ്‌തികുറിച്ചാണ്‌ അന്താരാഷ്ട്ര മീലാദ്‌ സമ്മേളനം നടന്നത്.
വൈകീട്ട്‌ നാലിന്‌ സയ്യിദ്‌ യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തി. മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സി. മുഹമ്മദ്‌ ഫൈസി ആമുഖപ്രഭാഷണം നടത്തി. ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി സമ്മേളനമിഷന്‍ അവതരിപ്പിച്ച്‌ സംസാരിച്ചു. സയ്യിദ്‌ ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഡോ. കെ.ടി ജലീല്‍, പേരോട്‌ അബ്ദുറഹ്മാന്‍ സഖാഫി, എന്‍.വി അബ്ദുറസാഖ്‌ സഖാഫി, കലാം മാവൂര്‍ പ്രസംഗിച്ചു. സമസ്‌ത മുശാവറ അംഗങ്ങള്‍, പ്രമുഖ സയ്യിദന്മാര്‍, സുന്നി സംഘടനാ നേതാക്കള്‍ പങ്കെടുത്തു.