അന്താരാഷ്ട്ര മീലാദ് സമ്മേളനം ഡിസംബര്‍ 25ന്

0
616
SHARE THE NEWS

കോഴിക്കോട്: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴില്‍ നടക്കുന്ന 2016ലെ അന്താരാഷ്ട മീലാദ് സമ്മേളനം ഡിസംബര്‍ 25ന് കോഴിക്കോട് നടക്കും. മുസ്‌ലിം ലോകത്തെ പ്രമുഖ പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കുന്ന സമ്മേളനത്തില്‍ കേരളത്തിനകത്തും പുറത്തുമായി ലക്ഷങ്ങള്‍ പങ്കെടുക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വത്തില്‍ 2004 മുതല്‍ സംഘടിപ്പിച്ച് വരുന്ന മീലാദ് സമ്മേളനങ്ങള്‍ കേരളത്തിലെ റബീഉല്‍ അവ്വല്‍ ആഘോഷത്തിന് പുതുമയും രാജ്യാന്തര പ്രസക്തിയും നല്‍കിയ പരിപാടിയാണ്. ലോകത്തെ പ്രധാനപ്പെട്ട മുസ്‌ലിം പണ്ഡിതന്മാരും എഴുത്തുകാരും വിദ്യാഭ്യാസ വിജക്ഷകരുമാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മീലാദ് സമ്മേളനങ്ങളില്‍ അതിഥിയായി പങ്കെടുത്തത്. ഡോ. ഉമര്‍ അബ്ദുല്ല കാമില്‍, സയ്യിദ് അബ്ബാസ് അലവി മാലിക്കി മക്ക, സയ്യിദ് ഹബീബ് അലി അല്‍ ജിഫ്‌രി തുടങ്ങിയ മുസ്‌ലിം പണ്ഡിതര്‍ പലപ്പോഴായി മീലാദ് സമ്മേളനത്തിന് കേരളത്തിലെത്തിയവരാണ്. ലോകത്തെ പ്രധാനപ്പെട്ട പ്രവാചക പ്രകീര്‍ത്തന കാവ്യാലാപകരും മീലാദ് സമ്മേളനത്തില്‍ എത്തിയിട്ടുണ്ട്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നടക്കുന്ന മീലാദ് ആഘോഷങ്ങളുടെ വൈവിധ്യങ്ങളും പൊലിമയും കേരളത്തിന് പരിചയപ്പെടുത്താനും അന്താരാഷ്ട്ര മീലാദ് സമ്മേളനങ്ങള്‍ കാരണമായി. സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി മര്‍കസിന്റെയും സുന്നി സംഘടനകളുടെയും നേതൃത്വത്തില്‍ വ്യത്യസ്ത പരിപാടികള്‍ വരും ദിവസങ്ങളില്‍ നടക്കും. ഇന്നലെ (ചൊവ്വ) മര്‍കസില്‍ നടന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മീലാദ് സമ്മേളനം പ്രഖ്യാപനം നടന്നത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പി.സി ഇബ്‌റാഹീം മാസ്റ്റര്‍, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, വി.എം കോയ മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.


SHARE THE NEWS