മര്‍കസ് അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ കോഴിക്കോട്ട്

0
1608
SHARE THE NEWS

കോഴിക്കോട് : മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യക്ക് കീഴില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ കോഴിക്കോട് സ്വപ്ന നഗരിയില്‍ നടക്കും.’തിരുനബിയുടെ സ്‌നേഹലോകം’ എന്ന ശീര്‍ഷകത്തില്‍ സുന്നി സംഘടനകളുടെയും മര്‍കസ് സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ഒരു മാസമായി രാജ്യത്താകെ നടത്തിവരുന്ന പ്രാവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷ പരിപാടികളുടെ സമാപനമായാണ് മീലാദ് സമ്മേളനം നടക്കുന്നത്.
പ്രവാചക ദര്‍ശനങ്ങളുടെ പ്രസക്തി ആധുനിക ലോകത്തിനു പരിചയപ്പെടുത്തലും വിശ്വാസികളില്‍ നബിസ്നേഹ സന്ദേശങ്ങള്‍ സജീവമാക്കലുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ലോകത്തെ പ്രധാനപ്പെട്ട മുസ്ലിം പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി 2004 മുതലാണ് മര്‍കസ് മീലാദ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു വരുന്നത്.
വൈകുന്നേരം നാല് മണിക്ക് പതാക ഉയര്‍ത്തും. 4.30-ന് വിവിധ സംഘങ്ങളുടെ പ്രകീര്‍ത്തനാരംഭത്തോടെ സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നടത്തും.വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന മുസ്ലിം പണ്ഡിതന്മാരും സാംസ്‌കാരിക നായകരും പ്രഭാഷണം നടത്തും. പ്രവാചക ദര്‍ശനങ്ങളുടെ പ്രസക്തി ആധുനിക കാലത്ത് എന്ന ശീര്‍ഷകത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ വാര്‍ഷിക മദ്ഹു റസൂല്‍ പ്രഭാഷണം നടക്കും.ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി സമ്മേളന മിഷന്‍ അവതരിപ്പിച്ചു സംസാരിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സമാപന പ്രാര്‍ത്ഥന നിര്‍വഹിക്കും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ശാഫി സഖാഫി മുണ്ടമ്പ്ര, എന്‍.വി അബ്ദു റസാഖ് സഖാഫി പ്രസംഗിക്കും.മത -സാമൂഹിക- സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. രാത്രി പത്തു മണിയോടെ സമ്മേളനം സമാപിക്കും.
പത്ര സമ്മേളനത്തില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി,സി പി ഉബൈദുല്ല സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, കെ. അബ്ദുല്‍ കലാം കലാം എന്നിവര്‍ പങ്കെടുത്തു.
SHARE THE NEWS