പ്രവാചക നിന്ദക്കെതിരെ ആഗോള മുസ്ലിം പണ്ഡിതര്‍; ലോക ശ്രദ്ധയാകര്‍ഷിച്ചു അന്താരാഷ്ട്ര മീലാദ് സമ്മേളനം

0
1807
മലേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. സുല്‍കിഫ്‌ലി അല്‍ ബക്രി അന്താരാഷ്ട്ര മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
SHARE THE NEWS

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെ അവഹേളിച്ചു സമൂഹത്തില്‍ പ്രശനങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാകുന്നതിനെതിരെ മുസ്ലിം ലോകത്തെ പ്രധാന പണ്ഡിതര്‍. കരുണയുടെയും സ്‌നേഹത്തിന്റെയും സമഭാവനയുടെയും ഉദാത്ത മാതൃകയായിരുന്ന നബി ജീവിതത്തെ തെറ്റായി അവതരിപ്പിക്കാനുള്ള മധ്യകാലം മുതലുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്, ഓരോ നൂറ്റാണ്ടിലും നബി ജീവിതത്തില്‍ ആകൃഷ്ടരായി വരുന്ന അനേക ലക്ഷം മനുഷ്യരെന്നും, തെറ്റായ പ്രതിനിധാന ശ്രമങ്ങള്‍ അപരിചിതരെയടക്കം നബിയെ കുറിച്ച് പഠിക്കാനും അതുവഴി സത്യം മനസ്സിലാക്കാനും പ്രേരിപ്പിക്കുന്നുവെന്നും ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ.ശൗഖി ഇബ്രാഹീം അല്ലാം വ്യക്തമാക്കി. മര്‍കസ് സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ ധൈഷണിക വരള്‍ച്ച മാറണമെങ്കില്‍, നബി പഠിപ്പിച്ച ശാശ്വതമായി നിലനില്‍ക്കുന്ന മൂല്യങ്ങളിലേക്കു മനുഷ്യര്‍ തിരിച്ചു വരണമെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിന്റെ നിഖില മേഖലകളിലും ഒരു വ്യക്തിക്ക് മാതൃകയാവാന്‍ നബിയുടെ ജീവിതം പ്രാപ്തമാണെന്നു ശൈഖ് ഉസാമ രിഫാഈ ലബനാന്‍ പറഞ്ഞു. ലോകത്തിനു മുഴുവന്‍ കാര്യമായിരുന്നു അവിടുന്ന്. വിശ്വാസികള്‍ക്ക് മാത്രമല്ല, കഠിനമായ ശത്രുത കാണിച്ചവരോട് പോലും അഗാധമായ കരുണ നബി കാണിച്ചുവെന്നും, ആ പാഠങ്ങള്‍ സ്ഖലിതങ്ങളിലാതെ ലോകത്തിനു പകര്‍ന്നുനല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അനാഥനായി പിറന്ന മുഹമ്മദ് നബി, സമൂഹത്തില്‍ അബലരായ എല്ലാവരുടെയും ഉന്നമനം സാധ്യമാക്കുന്ന വിധത്തിലുള്ള മഹത്തായ കാഴചപ്പാടുകള്‍ ലോകത്തിന് പകര്‍ന്നു നല്‍കിയെന്ന് ചെച്‌നിയന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് സ്വാലിഹ് മസീവ് പറഞ്ഞു.

മതത്തിന്റെ ശരിയായ നിലപാടാണ് നബിയോടുള്ള ഏറ്റവും വലിയ സ്‌നേഹവും, നബിയുടെ മാതൃകകകളെ പൂര്‍ണ്ണമായി പിന്‍പറ്റുകയെന്നതെന്നും പ്രശസ്ത ഹദീസ് പണ്ഡിതനായ ശൈഖ് മുഹമ്മദ് അവ്വാം സിറിയ പറഞ്ഞു.

ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധത്തിലുള്ള ആക്രമങ്ങള്‍ കാണിച്ചിട്ടും, മക്കയിലെ അവിശ്വാസികള്‍ക്കെല്ലാം മാപ്പ് നല്‍കിയ ചരിത്രമാണ് നബി ജീവിതത്തില്‍ ഉടനീളം കാണാനാവുന്നതെന്നും, ലളിതവും സുന്ദരവുമായ ആ വ്യക്തിത്വമാണ് ഇസ്ലാമിന്റെ നിരായുധവും, ബൗദ്ധികവുമായ വ്യാപനത്തിന് പിന്നീട് നിമിത്തമായത് എന്നും പ്രമുഖ എഴുത്തുകാരനായ ശൈഖ് മുഹമ്മദ് യാഖൂബി മൊറോക്ക പറഞ്ഞു.

ലഹരി വിപാടനം ചെയ്തതിലൂടെ സമൂഹത്തെ ശുദ്ധിയാക്കുകയും, കുടുംബ ജീവിതത്തിന് ഉത്തമമായ മാതൃകകള്‍ കാണിച്ചതിലൂടെ സാമൂഹിക ജീവിതം ഭദ്രമാക്കുകയും ചെയ്തവരാണ് മുഹമ്മദ് നബിയെന്നു ടുണീഷ്യയിലെ സൈതൂന യൂണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. ഹിശാം ഖരീസ പറഞ്ഞു.

ജാപ്പനീസ് ഭാഷയിലുള്ള മൗലിദുകള്‍ ആലപിച്ചു, മുസ്ലിം ജീവിതത്തിന്റെ കാവ്യക്തമകതയെ സമ്പുഷ്ടമാക്കിയ മൗലിദുകള്‍ വിവരിച്ചായിരുന്നു ജപ്പാനിലെ ശൈഖ് അഹ്മദ് നവോകിയുടെ പ്രഭാഷണം. പ്രവാചകത്വ പദവിക്ക് മുമ്പേ ഒരു തെറ്റ് പോലും വരാതെ വിശുദ്ധമായ നബി ജീവിതം പൂര്‍ണമായി വായിക്കുന്ന വിധത്തില്‍ ലോകത്തെ മുഖ്യധാരാ പണ്ഡിതരുടെ കൂട്ടായ ശ്രമങ്ങള്‍ നടക്കണമെന്നു അല്‍ബേനിയന്‍ മുഫ്തി ശൈഖ് മുഹമ്മദ് ബിസ്തരി പറഞ്ഞു.

ഈ വര്‍ഷത്തെ റബീഉല്‍ അവ്വലില്‍ ലോകത്ത് നടന്ന ഏറ്റവും പ്രധാന മീലാദ് സമ്മേളനങ്ങളിലൊന്നായിരുന്നു മര്‍കസില്‍ അരങ്ങേറിയത്. മലേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. സുല്‍കിഫ്‌ലി അല്‍ ബക്രിയാണ് സമ്മേളനം ഉദ്ഘാടനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് വേണ്ടി നന്ദിയറിയിച്ചും, ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന മുസ്ലിംകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുമാണ് ഓരോ അതിഥികളും പ്രഭാഷണം അവസാനിപ്പിച്ചത്. വിവിധ രാഷ്ട്രങ്ങളിലെ സമ്മേളങ്ങളും സമ്മേളനം ശ്രദ്ധേയമായ വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്ത പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ സമാഹരിച്ചുള്ള അറബി ഗ്രന്ഥം മര്‍കസ് ഉടനെ പുറത്തിറക്കുമെന്ന് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.


SHARE THE NEWS