മര്‍കസിന്റെ ചിറകിലേറി സൗദിയ ആകാശക്കപ്പല്‍ കണ്ണൂരിലിറങ്ങി

0
821
SHARE THE NEWS

കണ്ണൂര്‍: നന്മയുടെ ആകാശത്ത് സ്‌നേഹദൂതുമായി വീണ്ടും മര്‍കസിന്റെ ചിറകടി. നാടണയാനുള്ള മോഹവുമായി നൊമ്പരങ്ങള്‍ ഉള്ളിലൊതുക്കിയ അനേകം മനുഷ്യരേയും കൊണ്ട് പ്രവാസ ഭൂമിയില്‍ നിന്ന് പറക്കുന്ന സൗദി എയര്‍ലൈന്‍സ് ഇന്ന് കണ്ണൂരിന് സ്‌നേഹ ചുംബനം നല്‍കി പറന്നിറങ്ങി.

സൗദി എയര്‍ലൈന്‍സ് ആദ്യമായാണ് കണ്ണൂരില്‍ എത്തുന്നത്. ആദ്യമായാണ് ജിദ്ദ കണ്ണൂര്‍ സെക്ടറില്‍ ഒരു സര്‍വിസ് നടത്തുന്നതും. രാവിലെ 8 മണിക്ക് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്ന് യാത്രക്കാരെയും കൊണ്ട് പുറപ്പെട്ട വിമാനം വൈകീട്ട് 5.15ന് കണ്ണൂരിന്റെ ടാര്‍മാക്കില്‍ മുത്തമിട്ടു. സൗദി എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനത്തില്‍ 6 കുട്ടികളടക്കം 256 യാത്രക്കാരാണുള്ളത്. ജിദ്ദ മര്‍കസ് അലുംനിക്കു വേണ്ടി റവാബി ഇന്റര്‍നാഷണല്‍ ആണ് ജിദ്ദ കണ്ണൂര്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തത്.

ഗ്ലോബല്‍ മര്‍കസ് അലുംനിയുടെ കീഴില്‍ യു.എ.ഇയില്‍ നാല് വിമാനങ്ങള്‍ ഇത് വരെ കേരളത്തില്‍ പറന്നിറങ്ങി. നിര്‍ധനരും നിരാലംബരുമായ നിരവധി പ്രവാസികള്‍ക്കാണ് മര്‍കസും അലുംനിയും തുണയാവുന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സൗദിയ വിമാന യാത്രക്കാര്‍ക്ക് സാന്ത്വനവുമായി കണ്ണൂര്‍ ജില്ലാ എസ്.വൈ.എസ് സാന്ത്വനം നേതാക്കളായ മൂസ്സ സഅദി ചെടിക്കളം, അബ്ദുല്‍ ഗഫൂര്‍ നടുവനാട് സാലിഹ് മുഈനി, പഴശ്ശി മര്‍കസ് അലുംനി സെന്‍ട്രല്‍ കമ്മിറ്റി സെക്രെട്ടറി സി കെ മുഹമ്മദ് ഇരിങ്ങണ്ണൂര്‍, അബ്ദുല്‍ ഗഫൂര്‍ ലത്തീഫി, മിസ്തഹ്, ഇബ്രാഹിം കണ്ണൂര്‍ എന്നിവര്‍ സജീവമായിരുന്നു.


SHARE THE NEWS