അബൂദാബി ഇന്റനാഷണല്‍ കോണ്‍ഫറന്‍സ്: മദീനതുന്നൂര്‍ വിദ്യാര്‍ത്ഥി പങ്കെടുക്കും

0
1038

കോഴിക്കോട്: ‘സ്ത്രീ സംരംഭകത്വവും ശാക്തീകരണവും’ എന്ന പേരില്‍ അബുദാബിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ മദീനത്തുന്നൂര്‍ കോളജ് വിദ്യാര്‍ത്ഥി ജുനൈദ് മുഹമ്മദ് കൊളത്തൂരിന് അവസരം ലഭിച്ചു. ഏപ്രില്‍ ആറിന് നടക്കുന്ന പതിനാലാമത് അകാദമിക് റിസേര്‍ച്ച് കോണ്‍ഫറന്‍സില്‍ ‘വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തീകരണം’ എന്ന പേപ്പറാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ജാമിഅ മര്‍കസിന്റെ സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജുനൈദ് അന്വേഷണം വികസിപ്പിച്ചത്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജില്‍ നടന്ന നാഷണല്‍ സെമിനാറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച പേപ്പറായിട്ടാണ് അബുദാബി കോണ്‍ഫറന്‍സില്‍ അവസരം ലഭിച്ചത്. സംഘാടകരായ എ.ആര്‍.സി.യുടെ റിസേര്‍ച്ച് ജേണലായ സ്‌കോപസ് ഇന്റക്‌സ്ഡ് ഇന്റര്‍സയന്‍സില്‍ പഠനം പ്രസിദ്ധീകരിക്കുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.കോം. ബിരുദം പൂര്‍ത്തിയാക്കിയ ജുനൈദ് മദീനത്തുന്നൂര്‍ കോളേജ് ഇസ്‌ലാമിക് സ്റ്റഡീസ് നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്. ജാമിഅ മില്ലിയ്യ സെന്റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് സംഘടിപ്പിച്ച നാഷണല്‍ സെമിനാറില്‍ അവതരപ്പിച്ച ‘പ്രകൃതി നിയമം പാലിച്ചുകൊണ്ടുള്ള സുസ്ഥിര വികസനം’ എന്ന പേപ്പര്‍ അടക്കം നിരവധി ശ്രദ്ധേയ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ-കൊളത്തൂര്‍ സ്വദേശി മുഹമ്മദ് അലി-ഖദീജ ദമ്പതികളുടെ മകനാണ്. മര്‍കസ് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ.എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദിച്ചു.