നിയമസഭാ തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി കാന്തപുരം

0
318
SHARE THE NEWS

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

വിവിധതരം പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ കഴിഞ്ഞ അഞ്ചുവർഷക്കാലത്ത്, ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് നേരിടുന്നതിന് നേതൃത്വം നൽകുകയും ചെയ്ത സർക്കാറിന്റെ നിലപാടിനു ലഭിച്ച അംഗീകാരമാണിത്

പൗരത്വവിഷയത്തിൽ പ്രശ്‌നത്തെ ഭരണഘടനാപരമായി സമീപിക്കുകയും, അത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല; മറിച്ച്‌ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്ന വിഷയമാണ് എന്ന നിലയിൽ ബോധവത്കരണം നടത്താനും വലിയ പ്രതിഷേധങ്ങൾ നടത്താനും മുഖ്യമന്ത്രി മുന്നിലുണ്ടായിരുന്നു. ഇന്ത്യയുടെ അടിത്തറ മതേരത്വമാണെന്നും, എല്ലാ മതവിശ്വാസികളെയും ഒരുപോലെ കണ്ടു പൗരന്മാർക്കിടയിൽ സമാനീതി പുലർത്താൻ ഭരണകൂടങ്ങൾക്ക് കഴിയണം. അത്തരത്തിലുള്ള സന്ദേശം നൽകാൻ സി എ എ വിരുദ്ധ സമരം നിമിത്തമായി.

സമുദായവമുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കും വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങൾക്കും വേണ്ടി നേരിട്ടും ടെലഫോണിലൂടെയും സംസാരിക്കുമ്പോഴെല്ലാം ഓരോ വിഷയത്തെയും സൂക്ഷ്മതയിൽ കാണുകയും, സമയംവൈകാതെ മാതൃകാപരമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്ന സമീപനമായിരുന്നു മുഖ്യമന്ത്രിയുടെയും സർക്കാറിൻറെയും. പ്രളയവും കോവിഡും മലയാളികളുടെ ജീവിതത്തെ ആകമാനം ബാധിച്ച കഴിഞ്ഞ ഒരു വർഷക്കാലം, എല്ലാവർക്കും സഹായവും സാന്ത്വനവും നൽകുന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചത്.

മുസ്‌ലിംകളുടെ ആരാധനകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കാനൊക്കെ ഓരോ സമയവും ആവശ്യമായ കൂടിയാലോചനകൾ നടത്തുകയും സമുദായ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമായിരുന്നു. മദ്രസാധ്യാപക ക്ഷേമനിധി, പള്ളികളുടെ നിർമാണ അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലേക്ക് മാറ്റിയത് എല്ലാം വളരെ പ്രശംസനീയമായ തീരുമാനങ്ങളായിരുന്നു. മറ്റു മതവിശ്വാസികളുമായി ബന്ധപ്പെട്ടും ഇത്തരം നിലപാട് തന്നെയാണ് കാണാൻ കഴിഞ്ഞതും. മതേതരത്വ മൂല്യങ്ങൾ സമൂഹത്തിലേക്ക് ആഴത്തിൽ പടർത്തി, അടുത്ത അഞ്ചുവർഷങ്ങളിലും ഇതിനേക്കാൾ മികച്ച നിലയിൽ ഭരണം നടത്താൻ ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാറിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു: കാന്തപുരം അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു


SHARE THE NEWS