മക്കത്ത് നിന്ന് തുടങ്ങിയ സൗഹൃദം; ബേക്കല്‍ ഇബ്രാഹീം മുസ്ലിയാരെക്കുറിച്ചുള്ള ഓര്‍മകളുമായി കാന്തപുരം

0
1375
SHARE THE NEWS

1974ഇൽ ഞാൻ രണ്ടാമത്തെ ഹജ്ജിനു പോയ സമയം. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം എന്ന് ഞാനെന്നും കരുതുന്ന ഒരു ഭാഗ്യം അന്ന് ലഭിച്ചു. മസ്‌ജിദുൽ ഹറാമിൽ ദർസ് നടത്തിയിരുന്ന മലബാരിയായ ഒരു പണ്ഡിതനുണ്ടായിരുന്നു, മുഹമ്മദ് മുസ്‌ലിയാർ. ക്ഷീണം കാരണം, ഹജ്ജിന്റെ സമയത്ത് ദർസ് നടത്താൻ അദ്ദേഹത്തിന് സാധിക്കാതെ വന്നു. എന്നെയാണത് ഏൽപ്പിച്ചു. ഒരു മാസം ഹറമിൽ ദർസ് നടത്താനുള്ള വലിയ ഭാഗ്യം അല്ലാഹു തന്നു. എല്ലാ ദർസിലും നേരെയടത്ത്, യുവത്വത്തിന്റെ മുഴുവൻ പ്രസരിപ്പോടും കൂടി, അതീവ ശ്രദ്ധയോടെ ഒരാളിലിരിക്കും. ഞാനദ്ദേഹത്തെ സവിശേഷമായി ശ്രദ്ധിച്ചു. കാരണം, പറയുന്ന ഓരോ കാര്യവും വളരെ വ്യക്തമായി അദ്ദേഹത്തിന് മനസ്സിലാവുന്നുവെന്നു മുഖഭാവത്തിൽ നിന്ന് വ്യക്തമായിരുന്നു. എന്നാൽ, ആൾതിരക്ക് കാരണം കൂടുതൽ പരിചയപ്പെടാനും പറ്റിയില്ല.

ദർസ് തുടർന്നപ്പോൾ, അതവസാനിപ്പിക്കാൻ ചില വിരോധികൾ ശ്രമിച്ചു. അതിനായി അവർ തന്ത്രങ്ങൾ മെനഞ്ഞു. വളരെ ആസൂത്രിതമായി ചോദ്യങ്ങൾ ഉണ്ടാക്കി, വിവാദങ്ങൾ  പറയിപ്പിച്ചു അവ ഭരണഗൂഢത്തിനു റിപ്പോർട്ട് ചെയ്യാനായിരുന്നു അവരുടെ പ്ലാൻ. അത്തരം ലക്ഷ്യങ്ങൾ കൃത്യമായി മനസ്സിലാക്കി,അതിനു പറ്റിയ യുക്തിപരമായ മറുപടികളും ഞാൻ നൽകുമായിരുന്നു. ഒരു ദിവസം ദർസ് കഴിഞ്ഞപ്പോൾ എന്നും മുന്നിലിരിക്കുന്ന സുമുഖനായ അദ്ദേഹം കൂടുതൽ സംസാരിക്കാനായി വന്നു. ഇബ്രാഹീം എന്നാണു പേര്, താജുൽ ഉലമ ഉള്ളാൾ തങ്ങളുടെ ശിഷ്യനാണ് എന്ന ആമുഖത്തോടെ. അദ്ദേഹത്തിന്റെ സംസാരങ്ങൾ കൂടുതൽ വന്നപ്പോഴേ മനസ്സിലായി, ചെറുപ്പമാണ് എങ്കിലും നല്ല ആഴമുള്ള ആലിമാണ് എന്ന്. ഞങ്ങൾ വിജ്ഞാന സംബന്ധിയായ കുറെ കാര്യങ്ങൾ സംസാരിച്ചിരിക്കുമായിരുന്നു പിന്നീട്. ഹറമിൽ നിന്ന് തുടങ്ങിയ ആ സൗഹൃദം, അഞ്ചു പതിറ്റാണ്ടോളമായി തുടരുകയായിരുന്നു. അല്ലാഹുവിന്റെ വിധി വന്നു. ബേക്കൽ ഇബ്‌റാഹീം മുസ്‍ലിയാർ ഇന്നലെ നമ്മിൽ നിന്ന് പിരിഞ്ഞു.

എല്ലാവർക്കും അറിയാവുന്ന പോലെ മഹാജ്ഞാനിയായിരുന്നു താജുൽ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ഉള്ളാൾ തങ്ങൾ. എല്ലാ വിജ്ഞാന ശാഖകളിലും അവർ നിപുണരായിരുന്നു. താജുൽ ഉലമയുടെ ദർസിന്റെ ഏറ്റവും ശ്രദ്ധേയമായ കാലത്താണ് ബേക്കൽ ഇബ്രാഹീം മുസ്‌ലിയാർ അദ്ദേഹത്തിന്റെ ശിഷ്യനാകുന്നത്. വലിയ കിതാബുകളൊക്കെ മനഃപാഠമായിരുന്നു താജുൽ ഉലമക്ക്. ബേക്കൽ ഇബ്രാഹീം മുസ്‌ലിയാരിൽ നിന്ന് തന്നെ, ഞാൻ കേട്ടിട്ടുണ്ട്.അന്നത്തെ ആ ദർസുകൾ, എപ്രകാരമാണ് അദ്ദേഹത്തെ ഒരു പണ്ഡിതനും, ദീനീ പ്രവർത്തകനും പ്രഭാഷകനും എല്ലാമാക്കി മാറ്റിയത് എന്ന്.

43 വർഷം ഒരു മഹല്ലിൽ നിന്ന് ദർസ് നടത്തുക എന്നത് അദ്ദേഹത്തിന്റെ  സ്വഭാവ മഹിമയെ എടുത്തുകാണിക്കുന്നു. കാരണം, ഒരു മഹല്ലിൽ രണ്ടോ മൂന്നോ തലമുറകളിലായി ജീവിച്ച ആയിരക്കണക്കിന് വിശ്വാസികൾക്ക് സർവ്വസമ്മതനായിരുന്നു അദ്ദേഹം എന്നതാണല്ലോ അതറിയിക്കുന്നത്. കാഞ്ഞങ്ങാടിനടത്ത ബേക്കലുകാർ ആ അർത്ഥത്തിൽ ഭാഗ്യവാന്മാരാണ്. വലിയൊരു ആലിമിന്റെ സേവനം അര നൂറ്റാണ്ടോളം അവർക്ക് കിട്ടിയല്ലോ.

ഗോള ശാസ്ത്രത്തിലും കർമ്മ ശാസ്ത്രത്തിലും സവിശേഷമായ ജ്ഞാനം ഉണ്ടായിരുന്നു ഇബ്രാഹീം മുസ്‌ലിയാർക്ക്. താജുൽ ഉലമയും ഗോള ശാസ്ത്രത്തിൽ ശ്രദ്ധേയനായ പണ്ഡിതനായിരുന്നല്ലോ. സമസ്ത മുശാവറ യോഗങ്ങളിൽ ഏത് വിഷയങ്ങൾ വരുമ്പോഴും തന്റേതായ വിലപ്പെട്ട വിജ്ഞാനങ്ങൾ അദ്ദേഹം അവതരിപ്പിക്കുമായിരുന്നു.  വ്യാജ ത്വരീഖത്തുകളും ബിദഈകളും  ദക്ഷിണ കർണ്ണാടകയിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചപ്പോൾ, അദ്ദേഹം ധീരമായി അതിനെതിരെ പ്രസംഗിച്ചു.ജനങ്ങളെ ബോധവാന്മാരാക്കി. മികച്ച വാഗ്‌മിയയായിരുന്നു ഇബ്‌റാഹീം മുസ്‌ലിയാർ. കന്നടയിലും മലയാളത്തിലും ശുദ്ധമായി സംസാരിക്കാൻ അദ്ദേഹത്തിന് കഴിയും. കേൾക്കുന്ന ആർക്കും മനസിലാവുന്ന വിധത്തിൽ കിതാബുകളിലെ തെളിവുകൾ ഉദ്ധരിച്ചും, യുക്തിപരമായ സമർത്ഥനങ്ങൾ നിരത്തിയും ആയിരുന്നു അദ്ദേഹത്തിന്റെ സംസാരങ്ങൾ. ആ ശൈലിക്ക് ജനങ്ങൾക്കിടയിൽ വളരെ സ്വീകാര്യവും ആയിരുന്നു.

താജുൽ ഉലമക്ക് ശേഷം മംഗലാപുരത്തും ഷിമോഗയിലും ദക്ഷിണ കന്നടയിലും ഉഡുപ്പിയിലും എല്ലാം അദ്ദേഹം വിശ്വാസിൾക്ക് നേതൃത്വം നൽകി. കർണ്ണാടക ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റായിരുന്നു. ഓരോ മഹല്ലുകളിൽ നിന്നും വരുന്ന വിവിധങ്ങളായ പ്രശനങ്ങൾ ഇസ്‌ലാമിക ശരീഅത്തിന്റെ വിധികൾക്കനുസരിച്ചു മാതൃകാപരമായ തീർപ്പുകൾ ഉണ്ടാക്കി. ഉഡുപ്പി ജില്ലാ സംയുക്ത ഖാളിയുമായിരുന്നു. കൂടാതെ, നൂറുകണക്കിന് മഹല്ലുകളിലെയും ഖാളിയായിരുന്നു അദ്ദേഹം. വളരെ മൃദലമായ സ്വഭാവമായിരുന്നു. പെരുമാറുന്ന ആർക്കും അദ്ദേഹത്തിന്റെ സൗമ്യതയും വിനയവും ഇഷ്ടപ്പെടുമായിരുന്നു.

ജാമിഅ സഅദിയ്യയുടെ മുദരിസ് ആയി സേവനം നിർവ്വഹിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഇബ്രാഹീം മുസ്‌ലിയാരുടെ വഫാത്ത്. ഞാനാലോചിക്കുകയായിരുന്നു, വല്ലാത്ത ഭാഗ്യം കിട്ടിയ പണ്ഡിതനാണ് ഇബ്രാഹീം മുസ്‌ലിയാർ. അഞ്ചു പതിറ്റാണ്ടോളം ദർസിലായി കഴിയാനും, അതിനു മുമ്പുള്ള ഒന്നര പതിറ്റാണ്ടു പൂർണ്ണ സമയം വിജ്ഞാന ദാഹിയായി ചെലവഴിക്കാനും അവർക്ക് സാധിച്ചു. അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞല്ലോ- ഒരാളിൽ അല്ലാഹു ഖൈർ ഉദ്ദേശിച്ചാൽ അദ്ദേഹത്തെ ദീനീ ജ്ഞാനിയാക്കും എന്ന്.  അതിന്റെ വലിയ സാക്ഷ്യമായിരുന്നു ഇബ്രാഹീം മുസ്‌ലിയാർ. വിശുദ്ധ ഹറമിൽ നിന്നുള്ള ആ ആദ്യ കാഴ്ചപോലെ സ്വർഗത്തിൽ അവരെ കാണാനായി, അല്ലാഹുവോട് തേടുന്നു.


SHARE THE NEWS