സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം: കാന്തപുരം; മർകസ് 43-ാം വാർഷിക സനദ് ദാനത്തിന് പ്രൗഢ സമാപനം

0
953
SHARE THE NEWS

കോഴിക്കോട്: വിവിധ സമുദായങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ മനോഹരമായി നിലനിറുത്തുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസ് നാല്പത്തിമൂന്നാം വാർഷിക സമ്മേളനത്തിൽ സനദ് ദാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതനേതാക്കൾ
സ്നേഹ സന്ദേശങ്ങൾ അണികളിലേക്കു പകരണം. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയും സാമൂഹിക സൗഹാർദ്ദം തകർക്കാൻ ആരും മുതിരരുത്. കേരളത്തിന്റെ പ്രബുദ്ധമായ സാംസകാരിക ബോധമുള്ളവരിൽ അത്തരം ശ്രമങ്ങൾ സ്വീകരിക്കപ്പെടില്ല എന്നുറപ്പാണ്: കാന്തപുരം പറഞ്ഞു

വിദ്യാഭ്യാസപരമായും സാമൂഹികവുമായി പൗരന്മാരെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനാകണം എല്ലാവരുടെയും പരിശ്രമം. ഒരു ജനാധിപത്യ സമൂഹത്തിൽ മുഖ്യചർച്ചയാകേണ്ടത് പൗരസുരക്ഷയും, മുന്നേറ്റവുമാണ്. ഓരോ പ്രദേശത്തെയും ജനസംഖ്യാനുപാതിമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാവണം. എങ്കിൽ മാത്രമേ പൗരന്മാർക്കിടയിൽ തുല്യത എന്ന ഭരണഘടനാ സങ്കൽപം ശരിയായി നിറവേറപ്പെടുകയുള്ളൂ. പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്കായി കൂടുതൽ വിദ്യാഭ്യാസ വികസന പാക്കേജുകൾ കൊണ്ടുവരണം: കാന്തപുരം പറഞ്ഞു.

രാജ്യാന്തര തലത്തിൽ മികച്ച നയതന്ത്ര വിദ്യാഭ്യാസ സാങ്കേതിക പദ്ധതികൾക്ക് നേതൃത്വം നല്കുന്നവരിൽ വലിയൊരു ശതമാനവും ഇന്ത്യക്കാരാണ്. അവരുടെയൊക്കെ വിദ്യാഭ്യാസവും നടക്കുന്നത് കൂടുതലും പടിഞ്ഞാറൻ യൂണിവേഴ്സിറ്റിയിലാണ്. മാനവിക വിഭവശേഷി സമ്പന്നമാണെങ്കിലും ഇന്ത്യയിലെ വിദ്യാഭ്യാസ അവസ്ഥ ഇനിയും വളരെ മുന്നോട്ട് പോകേണ്ടതുണ്ട്. രാജ്യാന്തര നിലവാരം നമ്മുടെ യൂണിവേഴ്‌സിറ്റികളിൽ കൊണ്ടുവരാനും, നൂതനമായ കോഴ്‌സുകൾ വ്യാപകമാക്കാനുമുള്ള പരിശ്രമം സർക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടാകണം: കാന്തപുരം പറഞ്ഞു.

വിദ്യാഭ്യാസപരമായി സമൂഹത്തെ ശക്തിപ്പെടുത്താൻ വേണ്ടി , പുതിയ സംരംഭങ്ങൾ തുടങ്ങാന് മർക്സ് തയ്യറാണ്. രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ പ്രൈമറി മുതൽ ഡിഗ്രി- പി ജി തലം വരെ വിദ്യാഭ്യാസം നൽകുന്ന അനേകം ക്യാപസുകളാണ് പ്രവർത്തിച്ചുവരുന്നത്. മർകസ് നോളജ് സിറ്റി വഴി രൂപപ്പെടുത്തുന്നത് രാജ്യാന്തര നിലവാരത്തിൽ വിദ്യാഭ്യാസവും അവബോധവും നേടി, സമൂഹത്തിന്റെ ഭാവിയെ ശരിയായി നയിക്കുന്ന തലമുറയെയാണ്: കാന്തപുരം പറഞ്ഞു

സമ്മേളനത്തിൽ മതമീമാംസയിൽ ബിരുദം നേടിയ 2029 സഖാഫി പണ്ഡിതർക്കും വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയ 313 ഹാഫിളുകൾക്കും സനദ് നൽകി. സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാർത്ഥന നടത്തി. ഇ സുലൈമാൻ മുസ്ലിയാര് ഉദ്‌ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ മുഹമ്മദ് ഫാറൂഖ് നഈമി, എ.പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ഡോ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, വി പിഎം ഫൈസി വില്യാപ്പള്ളി പ്രസംഗിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ സ്വാഗതവും സി പി ഉബൈദുല്ല സഖാഫി നന്ദിയും പറഞ്ഞു.

മർകസ് 43-ാം വാർഷികത്തിന്റെ സമാപന മഹാ സമ്മേളനം റമളാൻ 25-ാം രാവിൽ നടക്കും.

Subscribe to my YouTube Channel

SHARE THE NEWS