കോഴിക്കോട്: മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ മര്‍കസ് അലുംനിയുടെ കേന്ദ്ര ഓഫീസ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ഒരു ലക്ഷത്തില്‍പരം പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സര്‍വതല സ്പര്‍ശിയായ ഏകീകരണവും, ക്രോഡീകരണവും ലക്ഷ്യം വച്ചുകൊണ്ടാണ് കേന്ദ്ര ഓഫീസ് പ്രവര്‍ത്തിക്കുന്നത്. മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഡാറ്റാ സെന്റര്‍, വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ഗൈഡന്‍സ് സെല്‍ എന്നിവ ഓഫീസ് കേന്ദ്രമായി പ്രവര്‍ത്തിക്കും. സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍, സ്റ്റാര്‍ട്ട്അപ്പ് ഗൈഡന്‍സ് അടക്കമുള്ള നൂതന വിദ്യാഭ്യാസ, സംരംഭകത്വ പദ്ധതികളും അലുംനിക്ക് കീഴില്‍ ആവിഷ്കരിക്കും.
ചടങ്ങില്‍ വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, ഹാഫിള് സാദിഖലി ഫാളിലി ഗൂഡല്ലൂര്‍, പി. ടി.എ റഹീം എന്നിവര്‍ പങ്കെടുത്തു. കോവിഡ് കാലത്ത് യുഎഇയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അബ്ദുസലാം കോളിക്കലിനെ ചടങ്ങില്‍ ആദരിച്ചു. മക്കള്‍ അലുംനി യു.എ.ഇ സെന്‍ട്രല്‍ കമ്മിറ്റിക്ക് വേണ്ടിയുള്ള ഉപഹാരവും കാന്തപുരം ചടങ്ങില്‍ സമ്മാനിച്ചു. മര്‍കസ് അലുംനി ചീഫ് കോര്‍ഡിനേറ്റര്‍ അക്ബര്‍ ബാദുഷ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.