
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം സാമൂഹിക ഭിന്നിപ്പിന് ഇടയാക്കരുതെന്നും ജാതി, മത സ്പര്‍ധ വളര്‍ത്താന്‍ പ്രചാരണവേദികളെ ഉപയോഗപ്പെടുത്തരുതെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ആവശ്യപ്പെട്ടു. മര്‍കസ് 43-ാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദക്ഷിണ മേഖല നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാന്തപുരം. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തിരഞ്ഞെടുക്കപ്പെട്ട മൂന്നൂറിലധികം പ്രതിനിധികള്‍ സംബന്ധിച്ചു.
തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ മുന്നേറ്റത്തിനുള്ള രീതിയാണ്. എന്നാല്‍ പ്രചാരണങ്ങളെ വര്‍ഗീയ, വംശീയ പ്രചാരണത്തിന് ഉപയോഗിക്കുമ്പോള്‍, ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ച അനുഭവപ്പെടുകയും സാമൂഹിക ജീവിതത്തിന്റെ മനോഹാരിത നഷ്ടപ്പെടുകയും ചെയ്യും. ഇത് രാജ്യത്തെ സമാധാനാന്തരീക്ഷത്തിന് ഭംഗമുണ്ടാക്കും. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ പൊതുവായ ക്ഷേമവും നന്മയും വികസനവും ലക്ഷ്യമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കണമെന്നും കാന്തപുരം പറഞ്ഞു.
മര്‍കസില്‍ നിന്ന് ഇത്തവണ ഇസ്ലാമിക മതപഠനത്തിൽ ബിരുദം നേടി പുറത്തിറങ്ങുന്ന 2029 സഖാഫിമാര്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിദ്യാഭാസവും സാംസ്കാരിക വളര്‍ച്ചയും സമാധാന ജീവിതവും ആരോഗ്യ സംരക്ഷണവും വ്യാപാരവും എല്ലാം സംഗമിക്കുന്ന മര്‍കസ് നോളജ് സിറ്റിയിലെ വിവിധ സംരംഭങ്ങള്‍ കേരളത്തിന്റെ വൈജ്ഞാനിക നാഗരികമുന്നേറ്റത്തിന് പുതിയ മാതൃകയാകുന്നുവെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ പ്രമേയ പ്രഭാഷണം നടത്തി. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എ സൈഫുദ്ദീന് ഹാജി, ഡോ. പി എ മുഹമ്മദ്കുഞ്ഞ് സഖാഫി, സിദ്ദീഖ് സഖാഫി നേമം, ജബ്ബാര്‍ സഖാഫി പേഴയ്ക്കാപള്ളി, അലങ്കാര്‍ അഷ്റഫ് ഹാജി, അബ്ദുര്‍റഷീദ് മുസ്ലിയാര് മുണ്ടക്കയം, അബ്ദുസ്സലാം സഖാഫി അടൂര്‍, ഹുസൈന് മുസ്ലിയാര് ആലപ്പുഴ എന്നിവര്‍ സംസാരിച്ചു. ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം, വിഴിഞ്ഞം അബ്ദുറഹ്്മാന് സഖാഫി, സയ്യിദ് ഖലീല്‍ റഹ്്മാന്‍ തങ്ങള്‍, വി എച്ച് അലിദാരിമി എറണാകുളം, പി കെ മുഹമ്മദ് ബാദുഷാ സഖാഫി ചന്തിരൂര്‍, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ആലംകോട് ഹാഷിം ഹാജി, സയ്യിദ് മുഹ്്സിന് ബാഫഖി, ഡോ. എന്‍ ഇല്യാസ് കുട്ടി, അബ്ദുല്ലത്വീഫ് സഖാഫി പെരുമുഖം, ദുല്കിഫ്ൽ സഖാഫി കാരന്തൂര്‍ സംബന്ധിച്ചു.