പുതുതലമുറ ടിപ്പുവിന്റെ ചരിത്രം പഠിക്കണം: കാന്തപുരം

0
540
SHARE THE NEWS

ശ്രീരംഗപട്ടണം: ടിപ്പു സുല്‍ത്താന്‍ സമാധാന പ്രേമിയായിരുന്നുവെന്നും പുതിയ തലമുറ ടിപ്പുവിന്റെ ചരിത്രം പഠിക്കാന്‍ തയ്യാറാകണമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. ശ്രീരംഗപട്ടണത്ത്‌ കര്‍ണാടക വഖ്‌ഫ്‌ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന ടിപ്പു സുല്‍ത്താന്‍ ഉറൂസിന്റെ സമാപന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാതൃകായോഗ്യരുടെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുന്ന യുവത്വത്തിന്‌ സാമൂഹിക നന്മക്കാവശ്യമായ പാടവം ലഭിക്കും. തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റെ വഴിയല്ല. ടിപ്പു സമാധാന പ്രേമിയായിരുന്നു. ശ്രീരംഗപട്ടണത്തെ മഖ്‌ബറയിലും മറ്റും നിത്യേനയെത്തുന്ന ജാതി-മത ഭേദമന്യേയുള്ള ജനത ഇതിന്‌ തെളിവാണെന്നും കാന്തപുരം പറഞ്ഞു. ഗഞ്ചാമിലെ ടിപ്പു മഖ്‌ബറക്ക്‌ സമീപമൊരുക്കിയ ഉറൂസിന്റെ വേദിയിലേക്ക്‌ കാന്തപുരത്തെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രിയും വഖ്‌ഫ്‌ എസ്റ്റേറ്റ്‌ കമ്മീഷന്‍ പ്രസിഡന്റുമായ തന്‍വീര്‍ സേട്ടിന്റെ നേതൃത്വത്തില്‍ പ്രമുഖരാണ്‌ ആനയിച്ചത്‌. റോഡിനിരുവശവും സദസ്സിലുമായി ആയിരങ്ങളെ സാക്ഷിയാക്കി കാന്തപുരത്തെ മൈസൂരിലെ പ്രമുഖര്‍ ചേര്‍ന്ന്‌ വേദിയില്‍ ഹാരമണിയിച്ച്‌ സ്വീകരിച്ചു.
വഖ്‌ഫ്‌ എസ്റ്റേറ്റ്‌ കമ്മിറ്റി വെബ്‌സൈറ്റിന്റെ പ്രകാശനം നിര്‍വഹിച്ച ശേഷം കാന്തപുരം നടത്തിയ പ്രസംഗം ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെയുള്ള ടിപ്പുവിന്റെ പടയോട്ടം മുതല്‍ അദ്ദേഹം മത സൗഹാര്‍ദ്ദവും സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ നടത്തിയ സേവനങ്ങളെ വരെ പ്രകീര്‍ത്തിക്കുന്നതായി. ശേഷം വേദിയില്‍ നടന്ന ഖത്മുല്‍ ബുഖാരിക്ക്‌ കാന്തപുരം നേതൃത്വം നല്‍കി.
ടിപ്പു സുല്‍ത്താന്‍ അറബിക്‌ കോളേജില്‍ നിന്ന്‌ പഠനം കഴിഞ്ഞ്‌ പുറത്തിറങ്ങുന്ന ബിരുദധാരികള്‍ക്കുള്ള സനദ്‌ദാന വിതരണവും അദ്ദേഹം നിര്‍വഹിച്ചു. മന്ത്രി തന്‍വീര്‍ സേട്ട്‌ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സി.എസ്‌ പുട്ടരാജു എം.പി, എം.എല്‍.എമാരായ ബി. രമേശ്‌, കെ.എസ്‌ പുട്ടനയ്യ, മര്‍കസ്‌ നോളജ്‌ സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, മൈസൂര്‍ സിറ്റി ഖാസി മൗലാനാ ഉസ്‌മാന്‍ ശരീഫ്‌, മാണ്ഡ്യ ജില്ലാ ജെ.ഡി.എസ്‌ പ്രസിഡന്റ്‌ സഫ്‌റുല്ല ശരീഫ്‌, വഖ്‌ഫ്‌ എസ്റ്റേറ്റ്‌ കമ്മിറ്റി വൈസ്‌ ചെയര്‍മാന്‍ നജ്‌മുദ്ദീന്‍, കോളേജ്‌ പ്രിന്‍സിപ്പല്‍ മുഫ്‌തി സജ്ജാദ്‌ ഹുസൈന്‍ മിസ്‌ബാഹി, ഹാസന്‍ ജില്ലാ വഖ്‌ഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ പര്‍വേശ്‌ ആലം, എസ്‌.എസ്‌.എഫ്‌ സംസ്ഥാന നേതാക്കളായ ശാഫി സഅദി, സി.പി സിറാജുദ്ദീന്‍ സഖാഫി, ഹസൈനാര്‍ ആനവയല്‍, ഇസ്‌മാഈല്‍ സഖാഫി തുടങ്ങിയവര്‍ പങ്കെടുത്തു.


SHARE THE NEWS