തമിഴ്നാട് മുഖ്യമന്ത്രിയുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

0
828
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചെന്നൈയിൽ മാധ്യമങ്ങളെ കാണുന്നു
SHARE THE NEWS

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ചെന്നെയില്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ തമിഴ് നാട്ടിലെ മുസ്ലിംകളുടെ സാമൂഹിക വൈജ്ഞാനിക ജീവിതത്തെ പഠിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ മുന്‍കയ്യോടെ സാമൂഹിക മുന്നേറ്റ പദ്ധതികള്‍ വന്നാലേ സമുദായത്തിന്റെ വികസന സൂചിക ഉയരുകയുള്ളൂ. അതിനാല്‍, ഗ്രാമീണ മേഖലകളിലെ സമുദായത്തിന്റെ വിദ്യാഭ്യാസ വികാസം സാധ്യമാക്കാന്‍ ആവശ്യമായ പ്രോജക്ടുകള്‍ സര്‍ക്കാര്‍ കൊണ്ട് വരണം; കാന്തപുരം പറഞ്ഞു.

വിദേശഭാഷകളെ പ്രധാനമായി പഠിപ്പിക്കുന്ന ഒരു ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി തമിഴ്നാട്ടില്‍ സ്ഥാപിക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ ജോലി ചെയ്യുന്നത് വിദേശ രാജ്യങ്ങളിലാണ്. തൊഴിലിനായി വിദേശത്തേക്കുള്ള കുടിയേറ്റത്തിന്റെ തോത് വര്‍ദ്ധിച്ചുവരുന്ന ഈ ഘട്ടത്തില്‍, വിവിധ മേഖലകളില്‍ വൈദഗ്ധ്യവും ഭാഷാ ജ്ഞാനവും ഉള്ള മികച്ചവരെ രൂപപ്പെടുത്താന്‍ ഇത്തരം ഒരു യൂണിവേഴ്സിറ്റി അനിവാര്യമാണ്.

മേട്ടുപ്പാളയത്തെ മുഹമ്മദ് നബിയെ വളരെ മോശമായി അധിക്ഷേപിച്ചു വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. വളരെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളാണ് ഗ്രാന്‍ഡ് മുഫ്തി മുന്നോട്ട് വെച്ചതെന്നും ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉറപ്പ് നല്‍കി.


SHARE THE NEWS