ഇസ്‌ലാമിനെ വികലമാക്കിയത് പ്രവാചക ചരിത്രം വളച്ചൊടിച്ചവര്‍: കാന്തപുരം

0
470

അമ്മാന്‍(ജോര്‍ദാന്‍): പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചരിത്രം യഥാര്‍ത്ഥ വസ്തുതകളില്‍ നിന്ന് പഠിക്കുകയും ജീവിതത്തില്‍ അനുധാവനം ചെയ്യുന്നവരുമാണ് യഥാര്‍ത്ഥ വിശ്വാസികളെന്നും നബി ചരിത്രത്തെ വികലമായി അവതരിപ്പിക്കുന്നവരാണ് ഇസ്‌ലാമില്‍ കുഴപ്പമുണ്ടാക്കുന്നതെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ജോര്‍ദാനിലെ അമ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി റോയല്‍ ആലുല്‍ബൈത്ത് ഇന്‍സിസ്റ്റിയൂട്ട് ഫോര്‍ ഇസ്‌ലാമിക് തോട്ട് സംഘടിപ്പിച്ച പതിനേഴാമത് അന്താരാഷ്ട്ര സമ്മേളനത്തില്‍ നബി ചരിത്രത്തിലെ സവിശേഷ ദിനങ്ങളും പ്രധാന്യങ്ങളും എന്ന വിഷയത്തില്‍ പ്രബന്ധമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചക ചരിത്രം സൂക്ഷമമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. സ്വഹാബികളും പിന്‍കാലത്ത് വന്ന ഇമാമുകളും കൈമാറിയ ചരിത്രരേഖകള്‍ ഹദീസുകളായി ഇന്നും മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്നു. പ്രബലരായ മുസ്‌ലിം പണ്ഡിതന്മാര്‍ പഠിപ്പിച്ചതിന് വിരുദ്ധമായി ഹദീസുകളെയും ഇസ്‌ലാമിക ചരിത്രത്തെയും തെറ്റായി വ്യാഖ്യാനിച്ച ഉള്‍പതിഷ്ണുക്കളാണ് മതത്തിനുള്ളിലെ പ്രശ്‌നക്കാര്‍. അത്തരം നശീകരണ ചിന്താധാരകളുടെ അപകടം ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഖുര്‍ആനും ഹദീസും പഠിക്കുകയും മദ്ഹബുകളെ അംഗീകരിക്കുകയും ചെയ്യുന്ന മുസ്‌ലിം പണ്ഡിതന്മാര്‍ ഒരുമിച്ച് നിന്ന് മതത്തിലെ അപകടകാരികളെ പ്രതിരോധിക്കേണ്ട സന്ദര്‍ഭമാണിതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ മുപ്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ സംബന്ധിച്ചു. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ കാന്തപുരം അടക്കമുള്ള പണ്ഡിതന്മാരെ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദി റോയല്‍ ആലുല്‍ബൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആക്ടീവ് മെമ്പേഴ്‌സ് കൗണ്‍സിലില്‍ കാന്തപുരത്തെ അംഗമായി തെരഞ്ഞെടുത്തു. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ്, ശൈഖ് മുഹമ്മദ് അല്‍ യാഖൂബി, ശൈഖ് അലി ജുമുഅ, സി. മുഹമ്മദ് ഫൈസി തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.