ജോർദാനിലെ രാജ്യാന്തര സമ്മേളനം: ഇന്ത്യയെ പ്രതിനിധീകരിച്ചു കാന്തപുരം

0
524
SHARE THE NEWS

അമ്മൻ (ജോർദാൻ): ജോർദാനിലെ അമ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി റോയൽ ആലുൽ ബൈത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്‌ലാമിക് തോട്ട് സംഘടിപ്പിക്കുന്ന പതിനേഴാമത് അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും സി മുഹമ്മദ് ഫൈസിയും പങ്കെടുക്കും. ‘പ്രവാചക ജീവിതത്തിന്റെ ചരിത്ര ആഖ്യാനങ്ങൾ’ എന്ന ശീർഷകത്തിൽ മൂന്നു ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിലെ പഠന സെഷനിൽ ‘നബി ചരിത്രത്തിലെ സവിശേഷ ദിനങ്ങളും പ്രാധാന്യങ്ങളും’ എന്ന ശീർഷകത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രബന്ധാവതരണം ഇന്ന് രാവിലെ ഒമ്പതു മണിക്ക് നടക്കും. സയ്യിദ് ഹബീബ് അലി ജിഫ്‌രി, ഡോ. ഹിശാം നശാബ, എന്നിവരും ഈ സെഷനിൽ സംസാരിക്കും. വൈകുന്നേരം ജോർദാൻ രാജാവായ അബ്ദുല്ല രണ്ടാമനുമൊത്തു നടക്കുന്ന കൂടിക്കാഴ്ചയിലും കാന്തപുരം പങ്കെടുക്കും.
മുസ്ലീം ലോകത്തെ പ്രധാന ധൈഷണിക പണ്ഡിത കൂട്ടായ്മകളിൽ ഒന്നായ ദി റോയൽ ആലുൽ ബൈത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്‌ലാമിക് തോട്ട് മൂന്നു വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന പണ്ഡിത സമ്മേളനങ്ങളിൽ ലോകത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാർക്കാണ് ക്ഷണം.ആധുനിക കാലഘട്ടത്തിലെ അക്കാദമിക-ശാസ്ത്രീയ ജ്ഞാന ഗവേഷണമേഖലകളിലേക്ക് പ്രവാചക ചരിത്രത്തെ വസ്തു നിഷ്ഠമായി പരിചയപ്പെടുത്തുക എന്നതാണ് ഈ സമ്മളനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. മുപ്പത്തിയഞ്ചു രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
ദി റോയൽ ആലുൽ ബൈത് ഇൻസ്റ്റിറ്റ്യൂട്ട് സംഘടനക്ക് കീഴിലെ അന്താരാഷ്‌ട്ര പണ്ഡിത സഭയിൽ കാന്തപുരം നേരത്തെ അംഗമാണ് .ഈ സമ്മേളനത്തോട് അനുബന്ധിച്ചു രൂപീകരിച്ച ആക്റ്റീവ് മെമ്പർ ബോഡിയിലും കാന്തപുരത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ചൊവാഴ്ച ജോർദാനിലെ പ്രധാന അക്കാദമിക്കുകളുമായും കാന്തപുരവും സി.മുഹമ്മദ് ഫൈസിയും ചർച്ച നടത്തും.


SHARE THE NEWS