മര്‍കസ് സമ്മേളനം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ എക്‌സിബിഷന്‍ കോഴിക്കോട്

0
1191
കേരള ഹെല്‍ത്ത് എക്‌സ്‌പോയുടെ ലോഗോ പ്രകാശനം കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ നിര്‍വഹിക്കുന്നു
SHARE THE NEWS

കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് മര്‍കസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കേരള ഹെല്‍ത്ത് എക്‌സ്‌പോ 2020’ കോഴിക്കോട്ട് നടക്കും. മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഏപ്രില്‍ 8 മുതല്‍ 12 വരെ കോഴിക്കോട് മറൈന്‍ ഗ്രൗണ്ടിലാണ് എക്‌സ്പോയ്ക്ക് വേദിയൊരുങ്ങുന്നത്. ആരോഗ്യ പരിരക്ഷാ മേഖലയില്‍ സംസ്ഥാനത്ത് സാധ്യമാകുന്ന ആധുനിക സംവിധാനങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിത ശൈലികളെക്കുറിച്ചുമുള്ള ബോധവത്കരണമാണ് എക്‌സ്‌പോയുടെ പ്രധാന ലക്ഷ്യം. രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് അമ്പതിലേറെ വിഷയങ്ങളില്‍ ഡോക്റ്റര്‍മാര്‍ ഉള്‍പ്പെടെ നൂറോളം വിദഗ്ധരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന എക്‌സ്‌പോ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യ മേളകളില്‍ ഒന്നായിരിക്കുമെന്ന് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഹെല്‍ത്ത് എക്‌സ്‌പോയുടെ ലോഗോ പ്രകാശനം മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ കോഴിക്കോട് ജില്ലാ കോഡിനേറ്റര്‍ ഡോ.നവീന്‍, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സെക്രട്ടറി സുഹാസ് പോള, എക്‌സപോ ഓര്‍ഗനൈസിംങ് കമ്മിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.വി. അബ്ദുറഹിമാന്‍, ഐ.പി.എഫ് ഡയറക്ടര്‍ ഡോ.ഹനീഫ ചാലിയം, മര്‍കസ് സമ്മേളന സ്വാഗതസംഘം കണ്‍വീനര്‍ അപ്പോളോ മൂസ ഹാജി ചേര്‍ന്ന് നിര്‍വഹിച്ചു.

കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് എക്കാലത്തും മികച്ച സേവനം നല്‍കിവരുന്ന മര്‍കസിന്റെ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ലാവും കേരള ഹെല്‍ത്ത് എക്‌സ്‌പോ 2020. മെഡിസിന്‍ സര്‍ജറി, ആയൂര്‍വേദം, യുനാനി, ഫിസിയൊതെറാപ്പി തുടങ്ങി വിവിധ മേഖലകളെ ഒരുമിപ്പിക്കുന്ന വേദി കൂടിയാകും എക്‌സ്‌പോ. ദക്ഷിണേന്ത്യയിലെ പ്രമുഖ ആശുപത്രികളുടെയും നൂറിലേറെ മുന്‍നിര ഹെല്‍ത്ത് കെയര്‍ പ്രസ്ഥാനങ്ങളുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. അടിയന്തര ഘട്ടങ്ങളിലെ ജീവന്‍ രക്ഷാമാര്‍ഗങ്ങളെക്കുറിച്ചുള്ള ശില്‍പ്പശാലകള്‍, സമീകൃതാഹാര ശീലങ്ങള്‍, ആരോഗ്യവും ശുചിത്വവും തുടങ്ങിയ വിഭാഗങ്ങള്‍ മേളയിലെ പ്രത്യേകതകളായിരിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


SHARE THE NEWS