ഭരണഘടന ജനങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി ഉപയോഗപ്പെടുത്തണം: കാന്തപുരം

0
719
SHARE THE NEWS

കോഴിക്കോട്: വൈവിധ്യമാർന്ന മത സാമൂഹിക ചുറ്റുപാടുകളിൽ ജീവിച്ചുവരുന്ന ഇന്ത്യയിലെ ജനസമൂഹങ്ങളുടെ നിത്യമായ സമാധാനത്തിനും പുരോഗതിക്കും വേണ്ടി രൂപം നൽകിയ ഭരണഘടനയെ അതുദ്ദേശിക്കുന്ന മൗലികാർത്ഥത്തിൽ തന്നെ ജനങ്ങളുടെ സുരക്ഷക്കും സംരക്ഷണത്തിനും വേണ്ടി ഉപയോഗിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. സ്വതന്ത്രവും സമത്വവും പൗരന്മാർക്ക് എല്ലാവർക്കും ലഭ്യമാക്കണമെന്നും,  ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള അനുമതി നൽകണമെന്നും, ആമുഖത്തിൽ തന്നെ രേഖപ്പെടുത്തിയ ഭരണ ഘടനയാണ് നമ്മുടേത്. നാനാതരം മത സാംസ്‌കാരിക ഭാഷാ വിഭാഗങ്ങൾ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് , ഇന്ത്യക്കാരെന്ന നിലയിൽ എല്ലാവരെയും  ഒരുമിപ്പിക്കുന്ന, പരസ്പരം ബന്ധിപ്പിക്കുന്നത് ഭരണഘടന ഉറപ്പു വരുത്തിയ മൂല്യങ്ങളാണ്: കാന്തപുരം പറഞ്ഞു.

കുറച്ചു പതിറ്റാണ്ടുകളായി ഭരണഘടനയുടെ മൂല്യങ്ങൾ നടപ്പിലാക്കുന്നതിലും പാലിക്കുന്നതിലും രാജ്യത്ത് അപഭ്രംശം സംഭവിക്കുന്നുവെന്നത് വേദനാജനകമാണ്. വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ പകയും ശത്രുതയും രൂപപ്പെടുന്നത് ഇന്ത്യയുടെ മനോഹരമായ മതേതരത്വ സങ്കൽപ്പത്തിൽ വിള്ളലുകൾ വീഴ്ത്തുന്നു. സംഘർഷങ്ങൾ ഒരിക്കലും പരിഹാരമല്ല; മറിച്ചു, നമ്മുടെ സമാധാന ജീവിതത്തിന് അപകടംവരുത്തിവെക്കുന്ന കാര്യങ്ങളാണ്.

എല്ലാ പൗരന്മാർക്കും ഭരണഘടനാ പാഠങ്ങൾ പഠിപ്പിച്ചുനൽകാൻ സർക്കാറുകൾ തയ്യാറാവണം. ഭരണഘടന ഒരാവർത്തി വായിച്ചവർക്ക് ഇന്ത്യയുടെ ആത്മാവിനെ മനസ്സിലാക്കാനും, ക്രമേണ ജീവിതം മതേരത്വത്തിലും പരസ്പര സ്നേഹത്തിലും ജനാധിപത്യത്തിന്റെ ശക്തിപ്പെടുത്തലുകളിലും ഊന്നാൻ സാധിക്കും. അതിനാവട്ടെ റിപ്പബ്ളിക് ദിനത്തിലെ ശ്രമങ്ങളെന്നു കാന്തപുരം പറഞ്ഞു.


SHARE THE NEWS